India

ബിജെപി ബന്ധം പറഞ്ഞിട്ടില്ല, അനുനയവുമായി രാഹുല്‍; കപില്‍ സിബല്‍ അയഞ്ഞു

താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുല്‍ നേരിട്ടു വിശദീകരിച്ചതായും അതിന്റെ പേരില്‍ രാഹുലിനെതിരെയിട്ട ട്വീറ്റ് പിന്‍വലിക്കുന്നതായും കപില്‍ സിബല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപിയുമായി കൂട്ടുചേര്‍ന്നെന്ന പരാമര്‍ശത്തില്‍ പരസ്യമായി എതിര്‍പ്പുയര്‍ത്തിയ കപില്‍ സിബലിനെ നേരിട്ടു വിളിച്ച് അനുനയിപ്പിച്ച് രാഹുല്‍ ഗാ്ന്ധി. താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുല്‍ നേരിട്ടു വിശദീകരിച്ചതായും അതിന്റെ പേരില്‍ രാഹുലിനെതിരെയിട്ട ട്വീറ്റ് പിന്‍വലിക്കുന്നതായും കപില്‍ സിബല്‍ അറിയിച്ചു.

പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലായപ്പോള്‍ നേതൃമാറ്റം ആവശ്യപ്പെട്ടവര്‍ ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കുകയാണ് ചെയ്തതെന്ന രാഹുലിന്റെ പരാമര്‍ശമാണ് സിബലിനെ ചൊടിപ്പിച്ചത്. താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുല്‍ നേരിട്ടു വിളിച്ചു വിശദീകരിച്ചതായി സിബല്‍ പറഞ്ഞു.

സോണിയ അസുഖബാധിതയായി കഴിഞ്ഞപ്പോഴാണ് നേതാക്കള്‍ കത്തെഴുതിയതെന്ന് രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് രാജസ്ഥാനില്‍ പ്രതിസന്ധി നേരിട്ട ഘട്ടത്തിലായിരുന്നു അത്. അത്തരമൊരു അവസ്ഥയില്‍ ഇങ്ങനെയൊരു കത്തെഴുതിയത് ഉചിതമായില്ല. മാധ്യമങ്ങളിലൂടെയല്ല, പ്രവര്‍ത്തകസമിതി ചേര്‍ന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ''  രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്നു രാഹുല്‍ യോഗത്തില്‍ പറഞ്ഞതു പരാമര്‍ശിച്ച് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തിരുന്നു. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ കോണ്‍ഗ്രസിന്റെ പക്ഷം പറയുന്നതില്‍ താന്‍ വിജയിച്ചു, മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കി, കഴിഞ്ഞ മുപ്പതു വര്‍ഷമായി ഒരു വരിപോലും ബിജെപിയെ അനുകൂലിച്ചു പറഞ്ഞിട്ടില്ല, എന്നിട്ടും ബിജെപിയുമായി ധാരണയുണ്ടാക്കി എന്നാണ് പറയുന്നതെന്ന് സിബല്‍ ട്വീറ്റ് ചെയ്തു. അങ്ങനെ പറഞ്ഞിട്ടില്ലെന്നു രാഹുല്‍ നേരിട്ട് അറിയിച്ചത് അനുസരിച്ച് ട്വീറ്റ് പിന്‍വലിക്കുകയാണെന്ന് സിബില്‍ പിന്നീട് അറിയിച്ചു.

കത്തിനു പിന്നില്‍ ബിജെപിയെന്നു തെളിയിച്ചാല്‍ പാര്‍ട്ടിയില്‍നിന്നു രാജിവയ്ക്കാന്‍ തയാറാണെന്ന് ഗുലാം നബി ആസാദ് യോഗത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സോണിയാഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ അറിയിച്ചു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാനും സോണിയഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സംഘടാന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് യോഗത്തില്‍ സോണിയ ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയതായി അറിയിച്ചത്. പാര്‍ട്ടിയില്‍ സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് 23 ഓളം മുതിര്‍ന്ന നേതാക്കള്‍ കത്തുനല്‍കിയ സാഹചര്യത്തിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്.

യോഗത്തില്‍ സംസാരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സോണിയ അധ്യക്ഷ പദത്തില്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ഇപ്പോള്‍ നേതൃമാറ്റം ആവശ്യമില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. അതേസമയം കത്തെഴുതിയ വിമത നേതാക്കളുടെ നടപടിയെക്കുറിച്ച് മന്‍മോഹന്‍സിങ് പരാമര്‍ശിച്ചില്ല.

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഏറ്റെടുക്കണമെന്ന് എ കെ ആന്റണി ആവശ്യപ്പെട്ടു. രാജ്യത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവായ വികാരം ഇതാണ്. രാഹുല്‍ സ്ഥാനമേറ്റെടുക്കുന്നതുവരെ സോണിയ അധ്യക്ഷയായി തുടരണം. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സന്ദര്‍ഭത്തില്‍ ഇത്തരമൊരു കത്തെഴുതിയത് ക്രൂരമാണെന്നും, പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നടപടിയായിപ്പോയെന്നും ആന്റണി പറഞ്ഞു.

കത്തെഴുതിയ നടപടിയെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. കത്ത് എഴുതിയ ശേഷം മാധ്യമങ്ങള്‍ക്ക് എങ്ങനെ ചോര്‍ത്തിയെന്ന് വേണുഗോപാല്‍ ചോദിച്ചു. മാധ്യമങ്ങളിലൂടെ കത്ത് ചോര്‍ത്തിയതിലൂടെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന് തുല്യമായെന്നും വേണുഗോപാല്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT