ന്യൂഡല്‍ഹി : മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ അനുസരിച്ച് മൂന്ന് തലാഖും ഒരുമിച്ച് ചൊല്ലുന്നത് ജാമ്യമില്ലാ കുറ്റമാണ്. മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബില്‍ അനുസരിച്ച് വാക്കാലോ, എഴുത്തുമുഖേനയോ, ഇ മെയില്‍, എസ്എംഎസ്, വാട്‌സ് ആപ്പ് തുടങ്ങിയ ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെയോ ഉള്ള തലാഖുകളെല്ലാം നിയമവിരുദ്ധമാണ്. കൂടാതെ മുത്തലാഖിന് ഇരയായ സ്ത്രീക്ക്, പൊലീസില്‍ പരാതി നല്‍കാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണവും, ഭര്‍ത്താവില്‍ നിന്ന് ചെലവും ആവശ്യപ്പെട്ട് മജിസ്‌ട്രേട്ടിനെ സമീപിക്കാമെന്നും ബില്‍ അനുശാസിക്കുന്നു.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി കഴിഞ്ഞ ആഗസ്റ്റില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മുസ്ലിം വിമന്‍ ( പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാര്യേജ് ) ബില്‍ 2017 എന്ന പേരില്‍ കേന്ദ്രം ബില്‍ തയ്യാറാക്കിയത്. ബില്ലിന്റെ പകര്‍പ്പ് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുത്തിരുന്നു.
ഡിസംബര്‍ 10 ന് അകം അഭിപ്രായം അറിയിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കേന്ദ്രനിയമമന്ത്രാലയം ബില്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസം, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ ബില്ലിനെ പിന്തുണച്ച് കേന്ദ്രത്തെ അഭിപ്രായം അറിയിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് ബില്‍ തയ്യാറാക്കിയത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, നിയമസഹമന്ത്രി പി പി ചൗധരി എന്നിവരടങ്ങുന്ന സമിതിയാണ് ബില്ലിന് രൂപം നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates