ഏകാധിപതിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന നേതാവാണ് നരേന്ദ്രമോദിയെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. മതത്തിലെ ഭക്തി ഈശ്വരനിലേക്കുള്ള പാതയാണെങ്കില്‍ രാഷ്ട്രീയത്തിലെ ഭക്തി ഏകാധിപത്യത്തിലേക്കുള്ള വഴി തുറക്കലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മമത ബാനര്‍ജിക്കും നരേന്ദ്ര മോദിക്കും അതിന്റെ ലക്ഷണങ്ങളുണ്ട്. നേതാക്കള്‍ക്ക് അതില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജനങ്ങളാണെന്നും ഗുഹ പറഞ്ഞു. ബംഗളൂരു സാഹിത്യോത്സവത്തില്‍ യുദ്ധോത്സുകതയും ദേശഭക്തിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശഭക്തിയും യുദ്ധോത്സുകതയും രൂപപ്പെട്ടുവരുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ദേശീയതയില്‍നിന്നാണ്. ഒരു മതം മറ്റൊരു മതത്തേക്കാള്‍, ഒരു ഭാഷ മറ്റൊരു ഭാഷയേക്കാള്‍, ഒരു സംസ്‌കാരം മറ്റൊരു സംസ്‌കാരത്തേക്കാള്‍ സുപ്പീരിയര്‍ ആണ് എന്നാണ് അത് ഉദ്ഘാഷിച്ചത്. ജിന്നയുടെ പാകിസ്ഥാന്‍ ഇതിന് ഉദാഹരണമാണ്. ദേശീയതയുടെ ഈ മാനദണ്ഡം വച്ചുനോക്കുമ്പോള്‍ ലോകത്തെ ഏറ്റവും ദേശസ്‌നേഹമുള്ള രാജ്യം അമേരിക്കയാണെന്നു പറയേണ്ടി വരുമെന്ന് ഗുഹ ചൂ്ണ്ടിക്കാട്ടി.
ഇന്ത്യന്‍ നേതാക്കളുടെ മഹത്വം അവര്‍ ദേശീയതയെ ഏതെങ്കിലും മതവുമായോ ഭാഷയുമായോ കൂട്ടിക്കെട്ടിയില്ല എന്നതാണ്. ബ്രിട്ടിഷുകാരോടു പോലും വെറുപ്പിന്റെ രാഷ്ട്രീയമല്ല അവര്‍ പ്രകടിപ്പിച്ചത്. ചില മൂല്യങ്ങളില്‍ അധിഷ്ഠിതമാണ് ഇന്ത്യന്‍ ദേശീയത. ഭരണഘടനയില്‍ അതു പ്രതിഷ്ഠാപനം ചെയ്തിട്ടുണ്ട്.
ദേശഭക്തിയുടെ ഈ മാതൃക ഇപ്പോള്‍ പഴകിയ അവസ്ഥയിലാണ്. പുതിയൊരു യുദ്ധോത്സുകതയാണ് അതിനു പകരം വരുന്നത്. ഈ യുദ്ധോത്സുകതയ്ക്കു നാലു ലക്ഷണങ്ങളുണ്ട്. ഇന്ത്യന്‍ എന്നാല്‍ ഹിന്ദു എന്നാക്കുകയാണ് ഒന്ന്. ഹിന്ദി ദേശ ഭാഷയാണെന്നു പറയുകയും എല്ലാവരും അതു സംസാരിക്കണം എന്നു ശഠിക്കുകയാണ് രണ്ടാമത്തേത്. പാകിസ്ഥാനെ പൊതുശത്രുവായി കാണുകയാണ് മൂന്നാമത്തേത്. ഇതിനെയെല്ലാം എതിര്‍ക്കുന്നവരെ ദേശദ്രോഹികളെന്ന് മുദ്രകുത്തുന്നത് അവസാനത്തേതും.
ആഭ്യന്തര ഭീഷണി ആരൊക്കെയാണെന്ന് ഗോള്‍വാള്‍ക്കര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍. ഞാന്‍ ഇവരില്‍ ഒന്നിലും പെടില്ല, എന്നിട്ടും ഭീഷണിയായി. ഇതൊരു മതിഭ്രമമുള്ളതും ദണ്ഡനാത്മകവുമായ ദേശഭക്തിയാണ്. ബിജെപിയും ആര്‍എസ്എസുമാണ് ആധികാരിക ഇന്ത്യക്കാര്‍ എന്നാണ് പറയുന്നത്. മെക്കാളെ പുത്രന്‍ എന്നാണ് എന്നെ അവര്‍ വിളിക്കുന്നത്- ഗുഹ പറഞ്ഞു.
ആര്‍എസ്എസ് ഇല്ലാത്ത ബിജെപി, ഗാന്ധി കുടുംബമില്ലാത്ത കോണ്‍ഗ്രസ്, പുതിയൊരു ഇടതുപക്ഷം, ഭരണഘടനാധിഷ്ഠിത ദേശസ്‌നേഹം പ്രകടിപ്പിക്കുന്ന പുതിയൊരു പാര്‍ട്ടി. ഇതൊക്കെയുള്ള ഒരു ആഗ്രഹപ്പട്ടിക 2009ല്‍ എഴുതിയ ഒരു ലേഖനത്തില്‍ ഞാന്‍ മുന്നോട്ടുവച്ചിരുന്നു. പത്തു വര്‍ഷത്തിനിപ്പുറം അതിലൊന്നും സത്യമായില്ല.
യുദ്ധോത്സുകത ശക്തമാവുന്നതിന് പല കാരണങ്ങളുണ്ട്. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ കാപട്യമാണ് അതിലൊന്ന്. ഇന്ത്യയേക്കാള്‍ ഉപരി അവര്‍ക്കു മറ്റു രാജ്യങ്ങളോടാണിഷ്ടം. അത് സോവിയറ്റ് യൂണിയന്‍ ആവാം, ചൈനയാവാം, വിയറ്റ്‌നാമോ ക്യൂബയോ അല്‍ബേനിയയോ ആവാം. മോദി ഏകാധിപതിയാണെങ്കില്‍ ഉത്തേജക മരുന്നു കഴിച്ച മോദിയാണ് ഷാവെസ്. ആ ഷാവെസിനെയാണ് ജെഎന്‍യുവില്‍ ആരാധിക്കുന്നത്.
കോണ്‍ഗ്രസിന്റെ അഴിമതിയും സ്വജനപക്ഷപാതവുമാണ് യുദ്ധോത്സുക ദേശീയത വളരാനുള്ള മറ്റൊരു കാരണം. അയല്‍ രാജ്യങ്ങളില്‍ ഇസ്ലാമിക മൗലികവാദം ശക്തിപ്രാപിക്കുന്നതും ഇന്ത്യയില്‍ യുദ്ധോത്സുക ദേശീയതയ്ക്കു കാരണമാവുന്നുണ്ട്. അതിലുപരി അതൊരു ആഗോള പ്രതിഭാസം കൂടിയാണെന്ന് ഗുഹ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates