India

റഫാലില്‍ കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി

ഫ്രാന്‍സില്‍നിന്ന് യുദ്ധവിമാനം വാങ്ങാനുള്ള തീരുമാനത്തിലോ വിലയിലോ നടപടിക്രമങ്ങളിലോ എന്തെങ്കിലും പിഴവുള്ളതായി കോടതിക്കു കണ്ടെത്താനായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി. ഫ്രാന്‍സില്‍നിന്ന് യുദ്ധവിമാനം വാങ്ങാനുള്ള തീരുമാനത്തിലോ വിലയിലോ നടപടിക്രമങ്ങളിലോ എന്തെങ്കിലും പിഴവുള്ളതായി കോടതിക്കു കണ്ടെത്താനായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. 

തീരുമാനമെടുക്കല്‍, വില, നടപടിക്രമങ്ങള്‍ എന്നിങ്ങനെ മൂന്നു കാര്യങ്ങളാണ് പരിഗണിച്ചതെന്ന് കോടതി വ്യക്തമാക്കി. യുദ്ധവിമാനം സേനയ്ക്ക് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. വിലയുടെ കാര്യത്തിലും നടപടിക്രമങ്ങളിലും എന്തെങ്കിലും പിഴവു സംഭവിച്ചതായി കണ്ടെത്താനായിട്ടില്ല. കരാറില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ നിശ്ചയിച്ചതിലും അപാകതയില്ലെന്ന് ചീഫ് ജസ്റ്റിസ് വിധിന്യായത്തില്‍ വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി. ചീഫ് ജസ്റ്റിസ് തന്നെയാണ് ബെഞ്ചിനു വേണ്ടി വിധിയെഴുതിയത്. 

റഫാല്‍ ഇടപാടിനെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ എംഎല്‍ ശര്‍മ, വിനീത ധന്‍ഡ എന്നിവരാണ് ആദ്യം കോടതിയെ സമീപിച്ചത്. പിന്നീട് പ്രശാന്ത് ഭൂഷണ്‍, മുന്‍ ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി എന്നിവരും സമാനമായ ആവശ്യമായി സുപ്രിം കോടതിയില്‍ എത്തി.

ഫ്രാന്‍സില്‍നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2016ലാണ് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. 36,000 കോടി രൂപയുടെ കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. 126 വിമാനങ്ങള്‍ വാങ്ങാന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ ഭേദഗതി ചെയ്താണ് ബിജെപി സര്‍ക്കാര്‍ പുതിയ കരാറുണ്ടാക്കിയത്. ഫ്രഞ്ച് കമ്പനിയായ ഡസോയുടെ സഹായത്തോടെ റഫാല്‍ വിമാനം ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് അനില്‍ അംബാനിയുടെ റിലയന്‍സിനെ പങ്കാളിയാക്കിയതിലും വന്‍ അഴിമതി നടന്നതായി ആക്ഷേപമുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി, കേസിന്റെ വാദത്തിനിടെ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരെ ചീഫ് ജസ്റ്റിസിന്റ നേതൃത്വത്തിലുള്ള ബെഞ്ച് കോടതിയിലേക്കു വിളിച്ചുവരുത്തിയിരുന്നു. സാങ്കേതികതമായ കാര്യങ്ങളിലെ വ്യക്തതയ്ക്കു വേണ്ടിയാണ് വൈസ് എയര്‍മാര്‍ഷല്‍ ടി ചലപതിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ കോടതി വിളിച്ചുവരുത്തിയത്. 

ഓഫ് സെറ്റ് കരാറില്‍ മാറ്റം വരുത്തിയത് എന്തിനാണെന്ന് വാദം കേള്‍ക്കലിനിടെ സുപ്രിം കോടതി ആരാഞ്ഞിരുന്നു. വിമാനങ്ങള്‍ എളുപ്പം ലഭ്യമാക്കുന്നതിനാണ് ഓഫ് സെറ്റ് കരാറില്‍ മാറ്റം വരുത്തിയത് എന്നാണ് അറ്റോര്‍ണി ജനറല്‍ വിശദീകരണം നല്‍കിയത്. വില സംബന്ധിച്ച കാര്യങ്ങള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും എജി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !