India

വരും മണിക്കൂറുകള്‍ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടും;  ഭൂരിപക്ഷം തെളിയിക്കാന്‍ മുന്നിലുള്ളത് ഒറ്റദിവസം

കര്‍ണാടകയില്‍ യെദ്യൂരപ്പ  സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയെങ്കിലും വരുന്ന മണിക്കൂറുകള്‍ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പ  സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയെങ്കിലും വരുന്ന മണിക്കൂറുകള്‍ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. വാദം വീണ്ടും കേള്‍ക്കുന്ന വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് മുമ്പായി ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ബിജെപി ഹാജരാക്കണമെന്ന കോടതി നിര്‍ദേശം ബിജെപിക്ക് കടമ്പയായി. നേരത്തെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ പതിനഞ്ച് ദിവസത്തെ സമയം അനുവദിച്ചത്. എന്നാല്‍ നിലവില്‍ കേവലഭൂരിപക്ഷമായ 113 അംഗങ്ങള്‍ ബിജെപിക്കൊപ്പമില്ല. 104 എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് ബിജെപിക്കൊപ്പമുള്ളത്. 

ഒരുദിവസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും പരമാവധി എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുക എന്നതായിരിക്കും ഇനി ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ ചാക്കിട്ടു പിടുത്തും ഒഴിലാക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. 

ഗവര്‍ണരുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി സ്‌റ്റേ അനുവദിക്കാതിരുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ കോടതി ബിജെപിയോട് ആവശ്യപ്പെട്ടു. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നും കോടതി നിലപാട് വ്യക്തമാക്കി. 

അര്‍ധരാത്രിയില്‍ ആരംഭിച്ച് പുലര്‍ച്ചേയോളം നീണ്ടുനിന്ന  വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബിജെപിക്ക് അനുകൂലമായി സുപ്രീംകോടതി നിലപാടെടുത്തത്. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുലര്‍ച്ചെ 2.10ന് തുടങ്ങിയ വാദംകേള്‍ക്കല്‍ നാലേകാലോടെയാണ് അവസാനിച്ചത്. 

സര്‍ക്കാരിയ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം, സര്‍ക്കാരുണ്ടാക്കാന്‍ മൂന്നാമത്തെ പരിഗണന നല്‍കേണ്ടതു തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനാകണമെന്നും അതു കഴി!ഞ്ഞേ തനിച്ചു ഭൂരിപക്ഷമില്ലാത്ത വലിയ ഒറ്റക്കക്ഷിയെ പരിഗണിക്കേണ്ടതുള്ളൂ എന്നും കോണ്‍ഗ്രസിനു വേണ്ടി മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി വാദിച്ചു. കേവല ഭൂരിപക്ഷം നേടിയ പാര്‍ട്ടി, അല്ലെങ്കില്‍ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സഖ്യങ്ങളില്‍ ഏറ്റവും വലുത് എന്നിങ്ങനെയാണ് ആദ്യ രണ്ടു പരിഗണനകള്‍. ഗോവയിലും മണിപ്പുരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബിജെപിക്കു വേണ്ടി എത്തിയ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും സിങ്‌വിയുടെ വാദങ്ങളെ എതിര്‍ത്തു. തീരുമാനത്തിന്റെ രേഖകളൊന്നും പരിഗണിക്കാതെ ഗവര്‍ണറുടെ അധികാരത്തില്‍ ഇപ്പോള്‍ ഇടപെടുന്നതെങ്ങനെയെന്നു സുപ്രീംകോടതി ഹര്‍ജിക്കാരോടു ചോദിച്ചു. ഗവര്‍ണറുടെ തീരുമാനം വിലക്കിയാല്‍ സംസ്ഥാനത്തെ ഭരണരംഗത്തു ശൂന്യതയുണ്ടാകില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് കാവല്‍സര്‍ക്കാര്‍ ഉണ്ടല്ലോ എന്നായിരുന്നു സിങ്‌വിയുടെ മറുപടി. 


സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. 116 സീറ്റുള്ളവരെ അവഗണിച്ച് 104 സീറ്റുള്ളവരെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കുന്നതു മുറിവേറ്റവരെ അപമാനിക്കുന്നതിനു തുല്യമാണ്-സിങ്വി പറഞ്ഞു. 

പാതിരാത്രിയില്‍ പരിഗണിക്കേണ്ട വിഷയമല്ല ഇതെന്നും ആരെങ്കിലും (യെദ്യൂയൂരപ്പ) സത്യപ്രതിജ്ഞ ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്നായിരുന്നു റോഹ്തഗി ചോദ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT