India

സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ നിങ്ങള്‍ക്ക് എന്തും സംഭവിക്കാം; വധശ്രമത്തില്‍ പ്രതികരണവുമായി ഉമര്‍ ഖാലിദ്

സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ നിങ്ങള്‍ മുദ്രകുത്തപ്പെടും. പിന്നെ നിങ്ങള്‍ക്ക് എന്തും സംഭവിക്കാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തനിക്കെതിരെ ഉണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്. ഭയപ്പാടിന്റെ അന്തരീക്ഷമാണുള്ളത്. സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ നിങ്ങള്‍ മുദ്രകുത്തപ്പെടും. പിന്നെ നിങ്ങള്‍ക്ക് എന്തും സംഭവിക്കാം- ഉമര്‍ പറഞ്ഞു.
ചായ കുടിച്ച ശേഷം മടങ്ങുകയായിരുന്നു. പിന്നില്‍ നിന്ന് ഒരാളെത്തി തള്ളിയിട്ടു. ഇയാള്‍ വെടിവയ്ക്കാന്‍ ശ്രമിച്ചു. പ്രാണഭയത്തില്‍ ഞാന്‍ കുതറിമാറി. ഇതിനിടെ അക്രമി ഓടി രക്ഷപ്പെട്ടു.അക്രമിയുടെ മുഖം കാണാനായില്ലെന്നും ഉമര്‍ പറഞ്ഞു. ആക്രമണത്തിനു  പിന്നില്‍ ഏതെങ്കിലും വിഭാഗമാണെന്നോ ഇയാള്‍ക്കൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്നും അറിയില്ല. ജനക്കൂട്ട വിചാരണയ്‌ക്കെതിരായ പരിപാടിയില്‍ പങ്കെടുക്കുന്നതിന് എത്തിയപ്പോഴായിരുന്നു അക്രമമെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.

ചായകുടിച്ചു മടങ്ങുമ്പോള്‍ മൂന്നു പേര്‍ അടുത്തെത്തിയെന്നും ഇതിലൊരാള്‍ ഖാലിദിനെ പിടിച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സൈഫി എന്നയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിടിവലിക്കിടെ വെടിശബ്ദം കേട്ടു. ഇതില്‍ ഖാലിദിനു പരുക്കേറ്റില്ല. വെടിയുതിര്‍ത്തയാള്‍ ഓടിമാറുന്നതിനിടെ വീണ്ടും വെടിശബ്ദം കേട്ടതായി സൈഫി വിശദീകരിച്ചു. വെള്ള ഷര്‍ട്ട് ധരിച്ച അക്രമി പാര്‍ലമെന്റ് സ്ട്രീറ്റിന്റെ ഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ചില ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിനു മുന്നില്‍ വച്ചായിരുന്നു ജെഎന്‍യു വിദ്യാര്‍ത്ഥി സമര നേതാവിനെതിരെ അജ്ഞാതന്‍ വെടിയുതിര്‍ത്തത്. അക്രമത്തില്‍ വെടിയേല്‍ക്കാതെ ഉമര്‍ രക്ഷപ്പെടുകയായിരുന്നു. ഉമറിനെ വെടിവയ്ക്കാനുപയോഗിച്ചെന്നു കരുതുന്ന കൈത്തോക്ക് പൊലീസ് സ്ഥലത്ത് നിന്ന് കണ്ടെത്തി. ഇത് ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഡല്‍ഹി ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ മധുര്‍ വര്‍മ അറിയിച്ചു.

കൈതോക്ക് കണ്ടെത്തിയെങ്കിലും വെടിവയ്പ്പുണ്ടായോ, സംഭവത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂവെന്ന് ഡല്‍ഹി റേഞ്ച് ജോയിന്റ് പൊലീസ് കമ്മിഷണര്‍ അജയ് ചൗധരി പറഞ്ഞു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ അപൂര്‍വാനന്ദ് എന്നിവര്‍ പങ്കെടുക്കുന്ന 'ഖൗഫ് സേ ആസാദി' (ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം) എന്ന പരിപാടിക്കാണ് ഉമര്‍ എത്തിയത്. 

രവി പൂജാരി എന്നയാളില്‍ നിന്ന് വധഭീഷണി നേരിടുന്നു എന്ന പരാതിയുമായി ഉമര്‍ ഖാലിദ് കഴിഞ്ഞ ജൂണില്‍ ഡല്‍ഹി പൊലീസിനെ സമീപിച്ചിരുന്നു. ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനിക്കും ഇയാളില്‍ നിന്നു വധഭീഷണി ഉയര്‍ന്നിരുന്നു. 2016 ല്‍ ജെഎന്‍യു ക്യാംപസില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയെന്ന പരാതി വന്നതോടെയാണ് ഉമര്‍ ഖാലിദ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഉമര്‍ ഖാലിദിന്റെ പിഎച്ച്ഡി തീസിസ് സ്വീകരിക്കാനാകില്ലെന്ന് സര്‍വകലാശാല അടുത്തിടെ വ്യക്തമാക്കിയിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT