ജോധ്പുർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സൽമാൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ജോധ്പൂർ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. ഹർജിയിൽ ഇന്നലെ കോടതിയിൽ വാദം പൂർത്തിയായിരുന്നു. വ്യാഴാഴ്ചയാണ് ജോധ്പൂർ വിചാരണ കോടതി സൽമാനെ അഞ്ചുവർഷം തടവിന് വിധിച്ചത്. അന്നുമുതൽ സൽമാൻ ജോധ്പൂർ സെൻട്രൽ ജയിലിൽ തടവിലാണ്.
സൽമാനെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 51 പേജുള്ള ജാമ്യപേക്ഷയാണ് സൽമാന് വേണ്ടി സമർപ്പിച്ചത്. സൽമാനെതിരായ വിചാരണ കോടതി വിധിയിൽ നിരവധി പോരായ്മകളുണ്ടെന്ന് താരത്തിന്റെ അഭിഭാഷകൻ ഹാസ്തിമാൽ സാരസ്വത് ചൂണ്ടിക്കാട്ടി. കേസിൽ സൽമാനെതിരെ മൊഴി നൽകിയ ദൃക്സാക്ഷി പൂനംചന്ദ് ബിഷ്ണോയിയുടെ മൊഴിയിൽ സംശയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംഭവം നടക്കുമ്പോൾ രണ്ട് കിലോമീറ്റർ അകലെയായിരുന്നു പൂനംചന്ദ്. പിന്നെങ്ങനെയാണ് അദ്ദേഹം ജിപ്സിയുടെ ശബ്ദം അദ്ദേഹം കേൾക്കുക.
കൃഷ്ണമൃഗത്തിന്റെ ജഡത്തിന്റെ ഡി.എൻ.എ പരിശോധന ശരിയായി നടത്തിയില്ല. വെടിയേറ്റാണോ കൃഷ്ണമൃഗം ജീവൻ നഷ്ടമായത് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് കേസുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് നൽകാൻ കീഴ്കോടതിയോട് സെഷൻസ് കോടതി ആവശ്യപ്പെട്ടു.
സൽമാന്റെ സഹോദരിമാരായ അൽവീര, അർപീത, അംഗരക്ഷകൻ ഷേര തുടങ്ങിയവർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇന്നലെ കോടതിയിൽ എത്തിയിരുന്നു. 1998 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സല്മാന് ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര് ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നു എന്നാണ് കേസ്. കേസിൽ കൂട്ടുപ്രതികളായ താരങ്ങളായ സെയ്ഫ് അലിഖാൻ, തബു, നീലം കോത്താരി, സൊണാലി ബേന്ദ്ര എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates