തിരുവനന്തപുരം: പേവിഷബാധ സംബന്ധിച്ച് പഠിക്കുവാന്‍ നിയോഗിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് അന്തിമ റിപ്പോര്‍ട്ട് കൈമാറി. വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് സമിതി അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. 2022 ജനുവരി മുതല്‍ സെപ്തംബര്‍ വരെ പേവിഷബാധ മൂലം നടന്നിട്ടുള്ള 21 മരണങ്ങളെക്കുറിച്ച് സമിതി വിശദമായ അവലോകനം നടത്തുകയുണ്ടായി. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മൃഗങ്ങളുടെ കടിയേല്‍ക്കാനുള്ള സാഹചര്യം, പ്രഥമ ശുശ്രൂഷയുടെ വിവരങ്ങള്‍, പ്രതിരോധ കുത്തിവയ്പിന്റെ വിശദാംശങ്ങള്‍, പ്രതിരോധ മരുന്നുകളുടെ ലഭ്യത, വാക്സിന്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍, ചികിത്സാ രേഖകള്‍, സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ എന്നിവ കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും മരിച്ച വ്യക്തികളുടെ ഭവന സന്ദര്‍ശനം നടത്തുകയും ബഡുക്കളുടെ പക്കല്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുമാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
മരിച്ച 21 വ്യക്തികളില്‍ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോധ ചികിത്സ എടുക്കാത്തവരുമാണ്. 6 വ്യക്തികള്‍ക്ക് വാക്സിന്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നീ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഞരമ്പുകളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കണ്‍പോളകള്‍, കഴുത്ത്, കൈ വെള്ള എന്നിവിടങ്ങളില്‍ ഗുരുതരവും ആഴമേറിയതുമായ കാറ്റഗറി 3 മുറിവേറ്റവരാണ്. അതിനാല്‍ കടിയേറ്റപ്പോള്‍ തന്നെ റാബീസ് വൈറസ് ഞരമ്പുകളില്‍ കയറിയിട്ടുണ്ടാവാമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
വാക്സിന്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നിവ കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വാക്സിന്‍ എടുത്ത വ്യക്തികളില്‍ പ്രതിരോധ ശേഷി കൈവരുത്തുന്ന ആന്റിബോഡികളുടെ സാന്നിധ്യം ആവശ്യമുള്ള തോതില്‍ ഉണ്ടെന്ന് ബംഗലുരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു ചെയര്‍മാനായ കമ്മിറ്റിയില്‍ ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റീവ് സെന്റര്‍ ഫോര്‍ റഫറന്‍സ് ആന്റ് റിസര്‍ച്ച് ഫോര്‍ റാബീസ്, നിംഹാന്‍സ്, ബാംഗളൂര്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോ. റീത്ത എസ്. മണി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സ്വപ്ന സൂസന്‍ എബ്രഹാം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍, ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ ഡോ. എസ്. ഹരികുമാര്‍, ഡ്രഗ്സ് കണ്‍ട്രോളര്‍ പിഎം ജയന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചെന്ന് പരാതി; സംവിധായകയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates