Kerala

50മണിക്കൂര്‍ ചോദ്യം ചെയ്യല്‍; നായകളോടുള്ള സ്‌നേഹത്തില്‍ വാചാലനായി, അതില്‍പിടിച്ചു കയറി പൊലീസ്, സിജു കുടുങ്ങിയത് ഇങ്ങനെ

മുന്‍ എസ്‌ഐ അടിച്ചിറ പറയകാവില്‍ സി ആര്‍ ശശിധരനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി കണ്ണാമ്പടം വീട്ടില്‍ ജോര്‍ജ് കുര്യനെ (സിജു-42) പൊലീസ് അറസ്റ്റു ചെയ്തു. 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുന്‍ എസ്‌ഐ അടിച്ചിറ പറയകാവില്‍ സി ആര്‍ ശശിധരനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി കണ്ണാമ്പടം വീട്ടില്‍ ജോര്‍ജ് കുര്യനെ (സിജു-42) പൊലീസ് അറസ്റ്റു ചെയ്തു. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട വിരോധം മൂലം പുലര്‍ച്ചെ 5.20ന് ഇടവഴിയില്‍ പതുങ്ങിയിരുന്ന് ശശിധരനെ ഇരുമ്പു പൈപ്പു കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നതാണെന്നു സിജു പൊലീസിനോട് സമ്മതിച്ചു.

പൊലീസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ 50 മണിക്കൂര്‍ പിടിച്ചു നിന്ന സിജുവിനെ കുടുക്കിയത് നായകളോടുള്ള സ്‌നേഹത്തെക്കുറിച്ചുള്ള സംസാരമാണ്. ചോദ്യങ്ങളോട് ഒരു തരത്തിലും പിടി തരില്ല എന്നായപ്പോള്‍ പൊലീസ് നായകളുടെ വിഷയം എടുത്തിട്ടു. ഇതില്‍ സിജു വീഴുകയായിരുന്നു.

5 നായകളാണ് സിജുവിന്റെ വീട്ടില്‍. ഇവയോടു സിജുവിനു വല്ലാത്ത സ്‌നേഹമാണ്. മതിലില്ലാത്ത വീട്ടിലെ നായകളുണ്ടാക്കുന്ന പൊല്ലാപ്പാണ് നാട്ടുകാരുമായുള്ള വഴക്കിന്റെ ഒരു കാരണം. ഇക്കാര്യം പൊലീസും അറിഞ്ഞിരുന്നു. നായകളുടെ കാര്യം പൊലീസ് സംഭാഷണവിഷയമാക്കി. ഇതോടെ  സിജു വാചാലനായി. നായകളും വീടും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു പൊലീസ് സൂചിപ്പിച്ചു. 

ഭാര്യ പിരിഞ്ഞു പോയശേഷം  ഒരു യുവതിയും കുഞ്ഞുമാണു സിജുവിനൊപ്പമുള്ളത്. കുഞ്ഞിനെ സിജുവിനു വലിയ ഇഷ്ടവുമാണ്. വീട്ടില്‍ പോകണം, കുഞ്ഞിനെ കാണണം, നായകളുടെ കാര്യം നോക്കണം എന്നതായി സിജുവിന്റെ ആവശ്യം. കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ വീട്ടില്‍ വിടാമെന്നു പൊലീസ് പറഞ്ഞെങ്കിലും സിജു വഴങ്ങിയില്ല. 

കൊല്ലപ്പെട്ട ശശിധരനെതിരെ സിജു ഒടുവില്‍ പറഞ്ഞു തുടങ്ങി. അച്ഛനും അമ്മയും മരിക്കുകയും  ഭാര്യ ഉപേക്ഷിച്ചുപോകുകയും ചെയ്തതോടെ കുറച്ചുകാലം സിജു തനിച്ചായിരുന്നു. ഈ സമയം വീടിനു കാവലായി നായകളെ കെട്ടി.  നായകളുടെ കുര അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഇതു ചോദ്യം ചെയ്യുന്നവരോടു സിജുവിനു വിരോധമായിരുന്നു. നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതു ശശിധരനാണ്. ഇതോടെ ശശിധരനോടു വിരോധമായി.  ശശിധരന്‍ സര്‍വീസിലുള്ള  സമയത്തുതന്നെ അദ്ദേഹത്തോടു സിജുവിനു വിരോധമുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു.  അയല്‍വാസികള്‍ക്ക് എതിരെ താന്‍ നല്‍കിയ കേസുകള്‍ ശശിധരന്‍ ഇടപെട്ടു മരവിപ്പിച്ചുവെന്നും  ശശിധരന്റെ വീട്ടിലേക്കു പോകുന്ന വഴി സംബന്ധിച്ചു തര്‍ക്കമുണ്ടെന്നും സിജു പൊലീസിനോടു പറഞ്ഞു.  ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT