9 year old girl's letter 
Kerala

'വിഷം തന്നു കൊല്ലുമെന്നാണ് പറയുന്നത്, കഷ്ടമുണ്ട് വാപ്പീ....'; വീട്ടില്‍ നേരിട്ട ക്രൂരത വിവരിച്ച് 9 വയസ്സുകാരിയുടെ കുറിപ്പ്, കേസെടുത്ത് പൊലീസ്

പൂവണ്ണംതടത്തില്‍ കിഴക്കേതില്‍ അന്‍സാര്‍, ഭാര്യ ഷെബീന എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വീട്ടില്‍ നേരിട്ടുകൊണ്ടിരുന്ന ക്രൂരപീഡനം വിവരിച്ച് നാലാം ക്ലാസില്‍ പഠിക്കുന്ന 9 വയസ്സുകാരിയുടെ കുറിപ്പ്. നോട്ടു ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് കുട്ടിയുടെ പിതാവ് പാലമേല്‍ കഞ്ചുക്കോട് പൂവണ്ണംതടത്തില്‍ കിഴക്കേതില്‍ അന്‍സാര്‍, ഭാര്യ ഷെബീന എന്നിവര്‍ക്കെതിരെ കേസെടുത്തു. പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും പ്രതികള്‍ ഒളിവില്‍ പോയിരുന്നു.

കുട്ടി വീട്ടിലെ പീഡനത്തെപ്പറ്റി നോട്ടു ബുക്കില്‍ എഴുതിയത് ആരുടെയും നെഞ്ചു പൊള്ളിക്കുന്നതാണ്. 'എന്റെ അനുഭവം' എന്നു പേരിട്ടെഴുതിയ കുറിപ്പ് ഇങ്ങനെയാണ്.

''എനിക്ക് അമ്മയില്ല കേട്ടോ. എനിക്കു രണ്ടാനമ്മയാണു കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോടു ക്രൂരതയാണ് കാണിക്കുന്നത്. പ്ലേറ്റ് ചോദിച്ചപ്പോള്‍ കരണത്തടിച്ചു. സെറ്റിയില്‍ ഇരിക്കുമ്പോള്‍ ഇരിക്കരുതെന്ന് പറയും. ബാത് റൂമില്‍ കയറരുത്, ഫ്രിഡ്ജ് തുറക്കരുത് എന്നെല്ലാം പറയും.

ഇപ്പോള്‍ പനിയാണ്. കൊങ്ങയ്ക്ക് പിടിച്ചപ്പോള്‍ ഇപ്പോ മുഖത്തെല്ലാം വേദനയാണ്. എനിക്കു സുഖമില്ല സാറേ. വിഷം തന്നു കൊല്ലുമെന്നാണു വാപ്പി പറയുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്''.

അശരണയായ ഒരു 9 വയസ്സുകാരി ഒരു വര്‍ഷമായി വീട്ടില്‍ താനനുഭവിച്ച ക്രൂരപീഡനങ്ങള്‍ കുറിപ്പില്‍ വിവരിക്കുന്നു.

ഇന്നലെ രാവിലെ കുട്ടി സ്കൂളിലെത്തിയപ്പോൾ കവിളുകളിൽ തിണർപ്പു കണ്ട് അധ്യാപിക കാരണം അന്വേഷിച്ചപ്പോഴാണു വിവരങ്ങൾ പുറത്തു വന്നത്. ഉറങ്ങിക്കിടന്ന തന്നെ ചൊവ്വാഴ്ച അർധരാത്രിയോടെ ഷെബീന തലമുടിയിൽ കുത്തിപ്പിടിച്ചു മുറിയ്ക്കു പുറത്തു കൊണ്ടുവന്നു. പിതാവിനോടു തന്നെപ്പറ്റി കള്ളങ്ങൾ പറഞ്ഞു. ഇരുവരും ചേർന്ന് ഇരുകവിളിലും പലതവണ അടിച്ചു. കാൽമുട്ട് അടിച്ചു ചതച്ചു. പുലർച്ചെ വരെ ഉറങ്ങാതെ താൻ കരയുകയായിരുന്നെന്നും കുട്ടി അധ്യാപകരോടും പൊലീസിനോേടും പറഞ്ഞു.

കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം മാതാവ് തെസ്നി മരിച്ചതിനെ തുടർന്ന് അൻസാറിന്റെ മാതാപിതാക്കളാണു വളർത്തിയത്. 5 വർഷം മുൻപ് അൻസാർ മാതൃസഹോദരന്റെ മകൾ ഷെബീനയെ വിവാഹം ചെയ്തു. ഇവർക്കു നാലുവയസ്സുള്ള മകനുണ്ട്. അൻസാറിന്റെ കുടുംബവീട്ടിൽ കഴിഞ്ഞിരുന്ന ഇവർ രണ്ടു മാസം മുമ്പാണ് പുതിയ വീട്ടിലേക്കു മാറിയത്. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം അൻസാറിന്റെ മാതാവ് ബന്ധുവീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ പിതാവ് അൻ‌സാർ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് നൂറനാട് പൊലീസ് വ്യക്തമാക്കി.

A note from a 9-year-old girl studying in the fourth class describing the brutal abuse she faced at home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT