കോയ Photo | Express
Kerala

ഒരു കോടിയുടെ ലോട്ടറി ഭാഗ്യം തേടി ഒരു പതിറ്റാണ്ട്; ഇനിയെങ്കിലും തുണയ്ക്കുമോ കാരുണ്യ? കാത്തിരിപ്പിൽ ഈ ഓട്ടോ ഡ്രൈവർ

2016 ജൂലൈ 9ന് നറുക്കെടുത്ത ടിക്കറ്റിനാണ് തനിക്ക് ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചതെന്ന് 70കാരനായ കോയ പറയുന്നു

Author : പൂജാ നായര്‍
Edited By : ബിജീഷ് ബാലകൃഷ്ണൻ

കോഴിക്കോട്: 2016ല്‍ കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം അടിച്ചപ്പോള്‍ തന്റെ ജീവിതം മാറിമറിയുമെന്നാണ് കോഴിക്കോട് പരന്നൂര്‍ സ്വദേശിയായ കോയ കരുതിയത്. എന്നാല്‍ ഭാഗ്യം വന്ന വഴിക്ക് തന്നെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുകയാണ് ചെയ്തത്. കഴിഞ്ഞ 10 വര്‍ഷമായി ഈ ഓട്ടോ ഡ്രൈവറുടെ ജീവിതം പരാതി നല്‍കലും, കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള യാത്രകളുമായി മാറി. വാടകയും കടങ്ങളും മറ്റ് ചെലവുകളും വേറെ.

2016 ജൂലൈ 9ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ KE 454045 നമ്പര്‍ ടിക്കറ്റിനാണ് തനിക്ക് ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചതെന്ന് 70കാരനായ കോയ പറയുന്നു. എന്നാല്‍ ആ സന്തോഷത്തിന് ഒരു തടസ്സമുണ്ടായിരുന്നു; ടിക്കറ്റിന് ചെറിയ കേടുപാട് സംഭവിച്ചിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം 2016 ജൂലൈ 13ന് തിരുവനന്തപുരം വികാസ് ഭവനിലുള്ള ഭാഗ്യക്കുറി വകുപ്പ് ഓഫിസിലെത്തി അദ്ദേഹം പരിശോധനയ്ക്കായി ടിക്കറ്റ് കൈമാറി. മൂന്ന് മാസത്തിന് ശേഷം വരാനാണ് അന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ആ കാത്തിരിപ്പ് ഇന്നും തുടരുന്നുവെന്ന് കോയ പറയുന്നു.

പിന്നീട്, അന്ന് ധനമന്ത്രിയായിരുന്ന ടിഎം തോമസ് ഐസക്കിന്റെ ഓഫീസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കോയ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും, സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കിയതിന് മതിയായ തെളിവുകളില്ലെന്ന് കാണിച്ച് 2018 മാര്‍ച്ചില്‍ ലോട്ടറി വകുപ്പ് അദ്ദേഹത്തിന്റെ അവകാശവാദം തള്ളി. കോയയ്ക്ക് ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റ് എവി ദേവരാജന്‍ ഒപ്പിട്ടു നല്‍കിയ സാക്ഷ്യപത്രവും ലോട്ടറി വകുപ്പ് സ്വീകരിച്ചില്ല.

എന്നാല്‍ ടിക്കറ്റ് താന്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കോയ ഉറപ്പിച്ചു പറയുന്നു. കൈമാറുന്നതിന് മുമ്പ് അതിന്റെ ഒരു കോപ്പി എടുത്തില്ല എന്നതാണ് താന്‍ ചെയ്ത ഏക തെറ്റ്. സര്‍ക്കാര്‍ സംവിധാനത്തെ താന്‍ വിശ്വസിച്ചെന്നും അദ്ദേഹം പറയുന്നു. 2021ല്‍, കോയയുടെയും ഏജന്റ് ദേവരാജന്റെയും ഭാഗം കേട്ട ശേഷം സമ്മാനത്തുക ലഭിക്കാനുള്ള അര്‍ഹതയില്‍ തീരുമാനമെടുക്കാന്‍ കോടതി ലോട്ടറി വകുപ്പിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ വകുപ്പോ സര്‍ക്കാരോ ഇതുവരെ തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. തന്റെ ടിക്കറ്റ് ഓഫിസില്‍ വെച്ച് നഷ്ടപ്പെട്ടിരിക്കാം എന്നും അത് തിരിച്ചുകിട്ടിയാല്‍ പോലും എന്താണ് സംഭവിച്ചതെന്ന് തുറന്നുപറയാന്‍ അധികൃതര്‍ തയ്യാറായേക്കില്ലെന്നും കോയ കരുതുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മറ്റാരും ഈ സമ്മാനത്തുകയ്ക്കായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. താനല്ലെങ്കില്‍ മറ്റാരാണ് വിജയിയെന്ന് കോയ ചോദിക്കുന്നു. 1990കളില്‍ ഇതര സംസ്ഥാന ലോട്ടറികള്‍ നിരോധിച്ചതിനെ തുടര്‍ന്ന് വന്‍ സാമ്പത്തിക തകര്‍ച്ച നേരിട്ട മുന്‍ ലോട്ടറി ഏജന്റ് കൂടിയാണ് കോയ. കാലക്രമേണ അദ്ദേഹത്തിന് 76 ലക്ഷം രൂപയോളം കടബാധ്യതയുണ്ടായി. അത് വീട്ടാന്‍ രണ്ട് വീടുകളും 70 സെന്റ് സ്ഥലവും വില്‍ക്കേണ്ടി വന്നു. നിലവില്‍ 32 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ഭാര്യ സൗദയും മക്കളും കോഴിക്കോട്ടെ വാടകവീട്ടിലാണ് കഴിയുന്നത്.

1970കളില്‍ സര്‍ക്കസില്‍ അപകടകരമായ പ്രകടനങ്ങള്‍ നടത്തുകയും, 'മരണക്കിണറില്‍' ബൈക്ക് ഓടിക്കുകയും, മുടി കൊണ്ട് കാര്‍ വലിക്കുകയും ചെയ്തിരുന്ന കോയയ്ക്ക്, നീതി ലഭിക്കാനായുള്ള ഈ നിരന്തര പോരാട്ടമാണ് ഇപ്പോള്‍ ഏറ്റവും വലിയ തളര്‍ച്ചയുണ്ടാക്കുന്നത്. തനിക്ക് നേരിട്ട അനീതിയില്‍ പുതിയ സര്‍ക്കാര്‍ ഇടപെട്ട് കേസ് വീണ്ടും പരിശോധിക്കുമെന്നും തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കുമെന്നുമുള്ള പ്രതീക്ഷയിലാണ് അദ്ദേഹം ഇപ്പോള്‍.

A decade on, debt-ridden Kerala auto driver’s wait for Rs 1 crore jackpot, justice continues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

അയോധ്യ സംഭാവനക്കൊള്ള: അന്വേഷണത്തിന് പുതിയ എസ്‌ഐടി; മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവന്‍

ലേണേഴ്‌സ് ലൈസന്‍സ് ഇനി സ്മാര്‍ട്ട് ഫോണിലും എടുക്കാം; ആഴ്ചയില്‍ അഞ്ചുദിവസം ടെസ്റ്റ്

പോഷക​ഗുണത്തിൽ മുന്നിൽ തന്നെ, പക്ഷെ നെല്ലിക്കയെ ഇക്കൂട്ടർ അടുപ്പിക്കരുത്

‘ഹിന്ദു ഭീകരത’ പ്രയോ​ഗം വിദ്വേഷപരാമർശമോ കുറ്റമോ ആയി കണക്കാക്കാനാവില്ല; കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി