ചെന്നൈ: ശബരിമലയിലേക്കുള്ള സ്വര്‍ണപ്പാളികളുടെ ഉദ്ഘാടനത്തിനായി തന്നെ ക്ഷണിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന് നടന്‍ ജയറാം. ശബരിമലയില്‍ ഇനി കുറേക്കാലം വെക്കാന്‍ പോകുന്ന സംഗതി ഉദ്ഘാടനം ചെയ്യേണ്ടത് ജയറാമാണെന്ന് അയ്യപ്പന്‍ സ്വപ്നദര്‍ശനത്തിലൂടെ തന്നോട് പറഞ്ഞെന്നും അതിനാലാണ് ജയറാമിനെ സമീപിച്ചതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതായി ജയറാം കൂട്ടിച്ചേര്‍ത്തു. അന്‍പതുകൊല്ലമായി മുടങ്ങാതെ ശബരിമലയില്‍ പോകുന്ന ഭക്തന്‍ എന്ന നിലയിലാണ് താനാ ചടങ്ങില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലുണ്ടെങ്കില്‍ ശബരിമലയ്ക്ക് പോകുന്നതിന് മുമ്പ് വന്ന് ഉദ്ഘാടനം ചെയ്താന്‍ നന്നാകുമെന്നും വീരമണി സാമിയെ പാടാന്‍ വിളിച്ചിട്ടുണ്ടെന്നും പറഞ്ഞു. ചടങ്ങില്‍ വീരമണി സാമി പാടി, താനും കൂടെ പാടിയതായും ജയറാം പറഞ്ഞു. കര്‍പ്പൂരമുഴിയുകയും ശരണം വിളിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പൂജ ചെയ്തത്. പകുതിദിവസം ഷൂട്ടിങ്ങിന് അവധി നല്‍കിയാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.
ഇത്രയധികം ഭക്തരുണ്ടായിട്ടും അയ്യപ്പ സ്വാമി തന്നെയാണ് ഈ ചടങ്ങിനായി തെരഞ്ഞെടുത്തതെന്ന് ഒരു സ്വകാര്യ അഹങ്കാരമായി താന്‍ പലരോടും പറഞ്ഞതായും ജയറാം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വപ്ന ദര്‍ശനത്തെ കുറിച്ച് പ്രതികരിച്ചു. 2019 ജൂണ്‍ മാസത്തില്‍ ചടങ്ങ് നടന്നതായാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വെളിപ്പെടുത്തല്‍. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഓഫീസില്‍ നടന്ന ഉദ്ഘാടനത്തിന്റെ ചടങ്ങിലാണ് ജയറാം പങ്കെടുത്തത്.
പൂജയില്‍ പങ്കെടുക്കുന്നത് മഹാഭാഗ്യമാണെന്ന് കരുതിയെന്നും 5 വര്‍ഷത്തിന് ശേഷം ഇങ്ങനെ ആയിത്തീരുമെന്ന് കരുതിയില്ലെന്നും ജയറാം പറഞ്ഞു. സത്യം തെളിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ അനുഭവിച്ച് തന്നെ തീര്‍ക്കണം. അയ്യപ്പന്റെ ഒരു രൂപ തൊട്ടാല്‍ പോലും അനുഭവിക്കേണ്ടി വരും. തെറ്റ് ചെയ്തവര്‍ പിടിക്കപ്പെടണം എന്നാണ് ആഗ്രഹമെന്നും ജയറാം പറഞ്ഞു. ദേവസ്വം വിജിലന്‍സ് മൊഴിയെടുത്തു എന്ന പ്രചാരണത്തെ ജയറാം തള്ളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates