പാലാ തങ്കം 
Kerala

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

പ്രശ്‌സ്ത നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രശ്‌സ്ത നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്ന് രാത്രി 7.35 ഓടെയായിരുന്നു അന്ത്യം. 2013 മുതല്‍ പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

300ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അന്യഭാഷാ സിനിമകള്‍ അടക്കം 3000ത്തിലധികം സിനിമകള്‍ക്ക് പാലാ തങ്കം ശബ്ദം നല്‍കി. ബാലന്‍ കെ നായരുടെ യാഗാഗ്‌നി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. കേരള സംഗീതനാടക അക്കാദമി 2018 ല്‍ ഗുരുപൂജാ പുരസ്‌കാരം നല്‍കി ആദരിച്ചു.

പതിനഞ്ചാമത്തെ വയസില്‍ ആലുവ അജന്ത സ്റ്റുഡിയോ ഉടമ ആലപ്പി വിന്‍സെന്റിന്റെ 'കെടാവിളക്ക്' എന്ന ചിത്രത്തില്‍ 'താരകമലരുകള്‍ വാടി, താഴത്തുനിഴലുകള്‍ മൂടി' എന്ന ഗാനം പാടി മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നു. ചെന്നൈയിലായിരുന്നു റെക്കോര്‍ഡിംഗ്. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും പാടി. പാലായിലെ പള്ളികളിലെയും അമ്പലങ്ങളിലെയും ഏകാംഗനാടകങ്ങളിലൂടെയായിരുന്നു നാടകരംഗത്തേക്കുള്ള കടന്നുവരവ്. നാടകങ്ങള്‍ക്ക് പ്രധാന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് തങ്കമായിരുന്നു. എന്‍ എന്‍ പിള്ളയുടെ 'മൗലികാവകാശം' എന്ന നാടകത്തില്‍ എന്‍ എന്‍ പിള്ളയുടെയും കല്യാണിക്കുട്ടിയുടെയും മകളായി അഭിനയിച്ചാണ് പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കടന്നുവന്നത്.

വിശ്വകേരള കലാസമിതി, ചങ്ങനാശേരി ഗീഥ, പൊന്‍കുന്നം വര്‍ക്കിയുടെ കേരള തീയറ്റേഴ്‌സ് എന്നിവിടങ്ങളിലും തുടര്‍ന്ന് കെപിഎസിയിലും എത്തി. 'ശരശയ്യ'യാണ് കെപിഎസിയില്‍ അഭിനയിച്ച ആദ്യനാടകം. കെ പി ഉമ്മര്‍, സുലോചന, അടൂര്‍ ഭവാനി, കൃഷ്ണപിള്ള എന്നിവരോടൊപ്പവും കെപിഎസിയുടെ പഴയ നാടകങ്ങളില്‍ കെ എസ് ജോര്‍ജ്ജിനോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. 'അന്വേഷണം' എന്ന സിനിമക്ക് വേണ്ടി എസ് ജാനകിക്കൊപ്പം പാടി. സിനിമ അഭിനയത്തിലേക്കുള്ള ആദ്യ കാല്‍വയ്പ് 'കെടാവിളക്കി'ലായിരുന്നു. ഈ സിനിമയിലെ വിളക്കുകത്തിക്കുന്ന സീനില്‍ തിരി തെളിച്ചുകൊണ്ടായിരുന്നു തങ്കത്തിന്റെ പ്രവേശം. വാസു സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം.

ഉദയ സ്റ്റുഡിയോയില്‍ 'റബേക്ക'യില്‍ അഭിനയിക്കുന്നതിനൊപ്പം ഇതേ ചിത്രത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി. ബി എസ് സരോജക്കും ഗ്രേസിക്കുമാണ് ശബ്ദം നല്‍കിയത്. ആലപ്പി വിന്‍സെന്റ് പടങ്ങളിലും ഭാസ്‌കരന്‍ മാസ്റ്ററുടെ 'തുറക്കാത്ത വാതിലിലും' അഭിനയിച്ചു. ശാരദ, സത്യന്‍, രാഗിണി തുടങ്ങിയവരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ശശികുമാറിന്റെ 'ബോബനും മോളി'ക്കുമായി ബേബി സുമതിക്കും മാസ്റ്റര്‍ ശേഖറിനും ശബ്ദം നല്‍കിയതും പാലാ തങ്കമാണ്.

കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്‍-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി ജനിച്ച രാധാമണി പില്‍ക്കാലത്ത് പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു. ഏഴാംതരം വരെ മാത്രം പഠിച്ചിട്ടുള്ള പാലാ തങ്കം ജോണ്‍ ഭാഗവതര്‍, രാജഗോപാലന്‍ ഭാഗവതര്‍, വിജയന്‍ ഭാഗവതര്‍ എന്നിവരുടെ ശിക്ഷണത്തില്‍ പത്തു വയസ് മുതല്‍ സംഗീതപഠനത്തില്‍ ശ്രദ്ധയൂന്നി. തുടര്‍ന്ന് ചങ്ങനാശേരിയില്‍ എല്‍ പി ആര്‍ വര്‍മ്മയുടെ ശിക്ഷണത്തില്‍ സംഗീതപഠനം നടത്തി. കേരള പൊലീസില്‍ എസ് ഐ ആയിരുന്ന ശ്രീധരന്‍ തമ്പിയാണ് തങ്കത്തിന്റെ ഭര്‍ത്താവ്. 25 വര്‍ഷം മുമ്പ് അദ്ദേഹം മരിച്ചു. മകള്‍ പരേതയായ അമ്പിളി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT