കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതിയായ ദിലീപ് 12 പേരുമായുള്ള സംഭാഷണങ്ങളും ചാറ്റുകളും ഡിലീറ്റ് ചെയ്തതായി ക്രൈംബ്രാഞ്ച്. വീണ്ടെടുക്കാനാകാത്ത വിധം ഈ ചാറ്റുകള്‍ നീക്കം ചെയ്‌തെന്നാണ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നീക്കിയ ചാറ്റുകളില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ആശയവിനിമയങ്ങളും ഉള്‍പ്പെടുന്നു.
ദിലീപിന്റെ ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാവാത്ത വിധം നീക്കം ചെയ്തത്. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് മുമ്പാണ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തത്. ദുബായില്‍ ബിസിനസ് നടത്തുകയാണ് ഗാലിഫ്. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍, ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി നസീര്‍, ദിലീപിന്റെ സഹോദരീഭര്‍ത്താവ് സൂരജ് എന്നിവരുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്. ഇത് ഏറെ സംശയം ജനിപ്പിക്കുന്നതാണെന്നും, ചാറ്റുകള്‍ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന സൈബര്‍ വിദഗ്ധന്‍ സായ്ശങ്കറിനെതിരായ റിപ്പോര്‍ട്ടിലാണ് അന്വേഷണസംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്.
നടിയും ഭാര്യയുമായ കാവ്യ മാധവന്‍, മലയാളത്തിലെ ഒരു പ്രമുഖ നടി, ഫൊറന്‍സിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ എന്നിവരുമായുള്ള ചാറ്റുകളും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവ തിരിച്ചെടുക്കാനാകാത്ത തരത്തിലാണ് നശിപ്പിച്ചിട്ടുള്ളത്. ഏതു സാഹചര്യത്തിലാണ് ഈ വിവരങ്ങള്‍ നീക്കിയതെന്നത് സംബന്ധിച്ച് ദിലീപ് അന്വേഷണസംഘത്തോട് വിശദീകരിക്കേണ്ടി വരും. സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നശിപ്പിച്ചതെന്നാണ് ദിലീപ് നേരത്തെ പറഞ്ഞത്. 
 
ഈ വാര്‍ത്ത കൂടി വായിക്കൂ
വാർത്തകൾ ഉടൻ തന്നെ അറിയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates