Adoor Prakash's Open Criticism of CM VD Satheesan Exposes New Battlelines in Congress 
Kerala

ഹണിമൂണ്‍ കഴിഞ്ഞു? കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറക്കുന്നു; വിഡി സതീശന്റെ ശൈലിയില്‍ അതൃപ്തി

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സര്‍ക്കാരുമായി അകലം പാലിക്കുന്നതായാണ് സൂചന

Author : അനില്‍ എസ്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്ത് നാല് മാസത്തിനുള്ളില്‍ തന്നെ കോണ്‍ഗ്രസിനുള്ളിലെ വിയോജിപ്പുകള്‍ യുഡിഎഫ് സര്‍ക്കാരിന് വലിയ വെല്ലുവിളിയാകുന്നു. മുഖ്യമന്ത്രി സതീശനെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നത വീണ്ടും മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള വലിയ നീക്കങ്ങളുടെ ഭാഗമായാണ് അടൂര്‍ പ്രകാശിന്റെ ചോദ്യം ചെയ്യലിനെ ഒരു വിഭാഗം നേതാക്കള്‍ കാണുന്നത്. എംകെ മുനീറിനെ കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായും, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജനെ ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ച തീരുമാനമാണ് അടൂര്‍ പ്രകാശിന്റെ പെട്ടെന്നുള്ള പ്രതികരണത്തിന് കാരണം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന നേതാക്കളും മന്ത്രിമാരും, തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈക്കൊള്ളുന്നതില്‍ അതൃപ്തരാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സര്‍ക്കാരുമായി അകലം പാലിക്കുന്നതായാണ് സൂചന.

മുസ്ലിം ലീഗിന് ആറാമതൊരു കാബിനറ്റ് പദവി നല്‍കിയ തീരുമാനത്തെ ചൂണ്ടിക്കാട്ടി, പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് രാഷ്ട്രീയകാര്യ സമിതിയിലെ (പിഎസി) ഒരു മുതിര്‍ന്ന അംഗം ആരോപിച്ചു. 63 എംഎല്‍എമാരുള്ള കോണ്‍ഗ്രസ് കാബിനറ്റ് പദവികള്‍ മുഴുവന്‍ ഘടകകക്ഷികള്‍ക്ക് മുന്നില്‍ പണയം വെക്കുകയാണെന്നും കുറഞ്ഞത് ഒരു കാബിനറ്റ് പദവിയെങ്കിലും കോണ്‍ഗ്രസിന് ലഭിക്കുമെന്ന് കരുതിയ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയിലുണ്ടായ ഈ തര്‍ക്കങ്ങളില്‍ കെസി വേണുഗോപാല്‍ മൗനം തുടരുമ്പോള്‍, ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെടണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും മന്ത്രിമാരായതിനാല്‍ സംഘടനാപരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും, പാര്‍ട്ടിയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നുമാണ് വിമര്‍ശനം.

അതേസമയം, ചില നേതാക്കള്‍ വി.ഡി. സതീശനെ പിന്തുണയ്ക്കുന്നുണ്ട്. അടൂര്‍ പ്രകാശ് ഇത്തരം പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നും ഇത് പ്രതിപക്ഷത്തിന് ആയുധമാകുമെന്നുമാണ് ഇവരുടെ നിലപാട്. മന്ത്രിമാരായ കെ മുരളീധരനും റോജി എം ജോണും മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. എല്ലാ സര്‍ക്കാര്‍ തീരുമാനങ്ങളും ആവശ്യമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കൈക്കൊള്ളുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. അടൂര്‍ പ്രകാശിന്റെ ആരോപണങ്ങള്‍ സതീശന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തോടടുത്ത കേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നത്.

മറ്റ് ഘടകകക്ഷികള്‍ക്കും കാബിനറ്റ് പദവി?

എംകെ മുനീറിനും ജി ദേവരാജനും പിന്നാലെ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെ മുതിര്‍ന്ന പൗരന്മാരുടെ കമ്മീഷന്‍ ചെയര്‍മാനാക്കാനും, കെഡിപി നേതാവ് മാണി സി കാപ്പന് നോര്‍ക്ക-റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പദവി നല്‍കാനും ആലോചനയുണ്ട്. എന്നാല്‍ അടൂര്‍ പ്രകാശിന്റെ പരസ്യ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍, ഇനിവരുന്ന കാബിനറ്റ് പദവി നിയമനങ്ങള്‍ യുഡിഎഫില്‍ കൃത്യമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Adoor Prakash's Open Criticism of CM Satheesan Exposes New Battlelines in Kerala Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല'

ചാലക്കുടിയിൽ ആർആർടി സംഘത്തിന്റെ നടപടിക്കിടെ കാട്ടാനയ്ക്ക് പരിക്ക്: പടക്കം പൊട്ടിച്ച് തുരത്തിയെന്ന് ആക്ഷേപം; വനംവകുപ്പിനെതിരെ പരാതി

'ഇതിനപ്പുറം എന്തുപറയാന്‍!, രാസലഹരി ഉപയോഗം വരുത്തുന്ന വിനകള്‍'

ഐഐആർഎഫ് റാങ്കിങ്ങിൽ ഒന്നാമത്; പെൺകുട്ടികൾക്ക് കിടക്കാൻ ഇടമില്ല: കോഴിക്കോട് മെഡിക്കൽ കോളജിൽ ഹോസ്റ്റൽ പ്രതിസന്ധി രൂക്ഷം

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സിലേക്ക് അപേക്ഷിക്കാം