pocso case 
Kerala

പോക്‌സോ കേസില്‍ അട്ടിമറിക്ക് ശ്രമം?; 16 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ അഭിഭാഷകന്‍ സിഡബ്ലിയുസി ചെയര്‍മാനെ ചേംബറിലെത്തി കണ്ടു; ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍

കോന്നി ഡിവൈഎസ്പിയെയും സിഐയെയും സസ്‌പെന്‍ഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് കണ്ടത്തലുകള്‍ പരാമര്‍ശിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് ( pocso case )അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍. 16 കാരിയെ ഹൈക്കോടതി അഭിഭാഷകന്‍ ( Advocate Naushad ) ബലാല്‍സംഗം ചെയ്തെന്ന കേസില്‍, ഒത്തുതീര്‍പ്പിനായി പ്രതി ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്റെ ഓഫീസിലെത്തി. ഒന്നാം പ്രതി നൗഷാദും രണ്ടാംപ്രതിയും സിഡബ്ല്യൂ സി ചെയര്‍മാന്റെ ഓഫീസില്‍ നേരിട്ടുപോയി കേസ് സ്വാധീനിക്കാനോ ഒത്തുതീര്‍പ്പാക്കാനോ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍.

എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി കടുത്ത നിലപാട് എടുത്തതോടെ ഒത്തുതീര്‍പ്പ് ശ്രമം പാളി. എന്നിട്ടും 10 ദിവസം കഴിഞ്ഞാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിന് റിപ്പോര്‍ട്ട് കൈമാറുന്നതെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ കേസില്‍ കോന്നി ഡിവൈഎസ്പിയെയും സിഐയെയും സസ്‌പെന്‍ഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് ഈ ഗൗരവമേറിയ കണ്ടത്തലുകള്‍ പരാമര്‍ശിക്കുന്നത്.

ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കേസിന്റെ തുടക്കത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഡിവൈഎസ്പിയെയും സിഐഎയും സസ്‌പെന്‍ഡ് ചെയ്തത്. കോന്നിയില്‍ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാനെത്തിയ അഭിഭാഷകനാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട്

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പെണ്‍കുട്ടിയുടെ പിതാവ് പത്തനംതിട്ട പൊലീസ് മേധാവിക്ക് അഭിഭാഷകനെതിരെ പരാതി നല്‍കുന്നത്. പെന്‍ഡ്രൈവ് തെളിവും ഓഡിയോ ക്ലിപ്പും അടക്കം നല്‍കിയിരുന്നു. ഈ പരാതി എസ്പി കോന്നി പൊലീസിന് കൈമാറി. എന്നാല്‍ പരാതി വ്യാജമാണെന്ന നിഗമനത്തില്‍ കോന്നി പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഡിസംബറില്‍ പെണ്‍കുട്ടി ചൈല്‍ഡ് ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് പരാതി അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിനു പിന്നാലെ അഭിഭാഷകന്‍ ഒളിവില്‍ പോകുകയും ചെയ്തു.

കേസിന്റെ തുടക്കത്തിലെ വീഴ്ചയില്‍ കോന്നി ഡിവൈഎസ്പി ടി രാജപ്പനെയും എസ് എച്ച് ഒ ശ്രീജിത്തിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പിന്നീട് കോന്നി പൊലീസ് കൈമാറിയ കേസില്‍ ആറന്മുള പൊലീസും പ്രതിക്ക് സഹായമേക്കുന്ന രീതിയിലാണ് നടപടികള്‍ സ്വീകരിച്ചത്. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ ശ്രമിച്ചില്ല. ഇതിനിടെ പ്രതി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ അഭിഭാഷക വൃത്തിക്ക് പോലും കളങ്കമാണ് നൗഷാദ് എന്ന രൂക്ഷവിമര്‍ശനത്തോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്