ആറ്റുകാല്‍ പൊങ്കാല ഫയൽ
Kerala

ആറ്റുകാല്‍ പൊങ്കാല: തുറന്നിരിക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കരുത്, സ്ഥാപനങ്ങള്‍ ലൈസന്‍സ് പ്രദര്‍ശിപ്പിക്കണം, ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് എത്തുന്ന തീര്‍ത്ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും പൂര്‍ണ്ണമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും നിര്‍ബന്ധമായും മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ പകര്‍പ്പ് സ്ഥാപനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഹാജരാക്കണം. സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന സര്‍ട്ടിഫിക്കറ്റും പരിശോധനയ്ക്ക് ഹാജരാക്കണം.

പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാല്‍ മേഖലയിലെ ഭക്ഷ്യസംരംഭകരുടെയും പാചകത്തൊഴിലാളികളുടെയും ബോധവത്കരണത്തിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 19-ന് പ്രത്യേക ക്ലാസ് സംഘടിപ്പിക്കും. ഉത്സവ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഭക്ഷ്യസംരംഭകരും നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂര്‍ രജിസ്ട്രേഷനായി fsonemomcircle@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പേര്, ഫോണ്‍ നമ്പര്‍, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ നമ്പര്‍ എന്നിവ അയയ്ക്കണം.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന്‍ മുന്‍കൂറായി നേടണം. ഇതിനായി അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യം ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷയില്‍ 'Kind of business ആയി Food vending establishment' എന്നത് തെരഞ്ഞെടുക്കുകയും അപേക്ഷകന്റെ പേരിനൊപ്പം 'Attukal Ponkala' എന്ന് രേഖപ്പെടുത്തുകയും വേണം. ഉത്തരവാദിത്തമുള്ള വ്യക്തിയുടെ ഫോട്ടോ, ഐഡി കാര്‍ഡ് (Address Proof) എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. നിശ്ചിത ഫീസ് ഓണ്‍ലൈന്‍ വഴിയാണ് അടയ്ക്കേണ്ടത്.

ഭക്തജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഗുണനിലവാരമുള്ളതും ലേബല്‍ വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ വസ്തുക്കള്‍ മാത്രം തിരഞ്ഞെടുക്കണം. ലേബല്‍ വിവരങ്ങളില്ലാത്ത പായ്ക്കറ്റ് ഭക്ഷണങ്ങള്‍, മിഠായികള്‍, പഞ്ഞി മിഠായി, ഐസ് കാന്‍ഡി എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. തുറന്ന നിലയില്‍ വില്‍ക്കുന്ന ശര്‍ക്കര, കല്‍ക്കണ്ടം, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ എന്നിവ വാങ്ങി ഉപയോഗിക്കരുത്.

അന്നദാനം അല്ലെങ്കില്‍ ദാഹജല വിതരണം നടത്തുന്നവര്‍ ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളും ഉപയോഗിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് സാംക്രമിക രോഗങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം. ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ മാത്രം ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. തിളപ്പിച്ച വെള്ളം കുടിക്കാനും സര്‍ബത്ത്, നാരങ്ങാവെള്ളം, തണ്ണിമത്തന്‍ മുതലായ ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിന്നുള്ളതാണോ എന്ന് ശ്രദ്ധിക്കാനും ഭക്തജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പാകം ചെയ്ത ഭക്ഷണങ്ങള്‍ നിശ്ചിത ഉഷ്മാവില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതും വൃത്തിയുള്ള ചുറ്റുപാടില്‍ വിതരണം ചെയ്യുന്നതും ഉറപ്പാക്കണം. കൂടാതെ, ഭക്ഷണത്തിലെ മായം കണ്ടെത്തുന്നതിനായി ഉത്സവ ദിവസങ്ങളില്‍ സഞ്ചരിക്കുന്ന ലബോറട്ടറിയുടെ സേവനം ക്ഷേത്രപരിസരത്ത് ലഭ്യമാകും. ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ 1800 425 1125 ല്‍ ബന്ധപ്പെടാം.

Attukal Pongala: Do not buy or eat open food, establishments must display licenses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം; നിലപാട് അറിയിക്കാന്‍ സമയുണ്ട്, യെസ് ഓര്‍ നോ പറയേണ്ട സാഹചര്യമല്ല'

'ആരെയും അന്ധമായി വിശ്വസിക്കരുത്' : വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി

'ബോർഡ് പരീക്ഷകളാണ് ജീവിതം തീരുമാനിക്കുന്നതെങ്കിൽ പകുതി സിഇഒമാരും തൊഴിൽരഹിതരായേനെ' വൈറലായി മുൻ സിഇഒയുടെ ട്വീറ്റ്

പൂരത്തിലെ പത്തുക്ഷേത്രങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് അണിനിരന്നു, വടക്കുന്നാഥന് മുന്നില്‍ ശിവരാത്രി പൂരം; അപൂര്‍വ്വ കാഴ്ച- വിഡിയോ

നല്ല ഉറക്കത്തിന് 5 സ്റ്റെപ്പുകൾ

SCROLL FOR NEXT