Batik Air Screen Grab
Kerala

'പാതിരാനേരത്ത് ഭൂരിഭാഗം പേരും നല്ല ഉറക്കത്തിലായിരുന്നു, പെട്ടെന്നാണ് കാറ്റ് ഇരച്ചുകയറുന്ന ഭീതിപ്പെടുത്തുന്ന ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടിയുണർന്നത്...'

ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന ബാത്തിക് എയറിന്റെ ബോയിംഗ് 737 (ഫ്ലൈറ്റ് OD231) വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നടുക്കുന്ന അനുഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊച്ചി: "പാതിരാനേരത്ത് ഭൂരിഭാഗം പേരും നല്ല ഉറക്കത്തിലായിരുന്നു, പെട്ടെന്നാണ് കാറ്റ് ഇരച്ചുകയറുന്ന വലിയൊരു ഭീതിപ്പെടുത്തുന്ന ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടിയുണർന്നത്. എമർജൻസി റോയിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ വിൻഡോ ഗ്ലാസ് തകർത്ത് അടിയന്തര വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയായിരുന്നു. കാറ്റ് ഇരച്ചുകയറുന്ന ശബ്ദം വിമാനത്തിലാകെ മുഴങ്ങി. വിമാനത്തിന്റെ ഡിസൈനും കാബിൻ പ്രഷറും കാരണം വാതിൽ തുറന്നുപോയില്ല. ഉടൻ തന്നെ സഹയാത്രികരും ബാത്തിക് എയർ ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി കാര്യങ്ങൾ കൈവിട്ടുപോകാതെ തടയുകയായിരുന്നു. ഭീതിജനകമായ അനുഭവമായിരുന്നെങ്കിലും ഭാഗ്യത്തിന് എല്ലാവരും സുരക്ഷിതരാണ്. ആ ഘട്ടത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി..." - ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന ബാത്തിക് എയറിന്റെ ബോയിംഗ് 737വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നടുക്കുന്ന അനുഭവമാണിത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ വെറും അരമണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

"മരണം മനസ്സുകൊണ്ട് സമ്മതിച്ച നിമിഷങ്ങൾ"

"ആ സമയത്ത് ഞങ്ങൾ മരണം മനസ്സുകൊണ്ട് സമ്മതിച്ച അവസ്ഥയിലായിരുന്നു. അത്രയും ഭീതികരമായ അനുഭവമാണ് ഉണ്ടായത്," വിമാനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളി യാത്രക്കാരനും ഞെട്ടലോടെ ഓർത്തെടുത്തു.

"നെടുമ്പാശ്ശേരി എത്താറായപ്പോഴാണ് എമർജൻസി വിൻഡോയുടെ ഭാഗത്തുനിന്ന് വലിയ ശബ്ദവും പിന്നാലെ ബഹളവും കേട്ടത്. നോക്കുമ്പോൾ ഒരാൾ എമർജൻസി വിൻഡോയുടെ ഗ്ലാസ് ചവിട്ടി തകർത്ത് വാതിൽ തുറക്കാൻ അടിയന്തിര ലിവറിൽ പിടിച്ച് വലിക്കുകയായിരുന്നു. കാറ്റും മർദ്ദവും കയറി വലിയൊരു ദുരന്തത്തിലേക്ക് കാര്യങ്ങൾ പോകേണ്ടതായിരുന്നു."

സാഹസികമായി കീഴടക്കി യാത്രക്കാരും ജീവനക്കാരും

സീറ്റ് നമ്പർ 12A-യിലിരുന്ന ജംഷീർ എന്ന യാത്രക്കാരനാണ് പെട്ടെന്ന് അക്രമസ്വഭാവം കാണിച്ചതെന്ന് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഇയാൾ എമർജൻസി പാനൽ അടിച്ചു തകർത്തത് കണ്ടതോടെ ഒപ്പമുണ്ടായിരുന്ന സഹയാത്രികരും ബാത്തിക് എയറിലെ കാബിൻ ക്രൂവും നിമിഷനേരം കൊണ്ട് ഇയാളുടെ അടുത്തേക്ക് പാഞ്ഞെത്തി.തടയാൻ ശ്രമിച്ചവരെ തള്ളിമാറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെങ്കിലും, എല്ലാവരും ചേർന്ന് ഇയാളെ സാഹസികമായി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി എമർജൻസി എക്സിറ്റിൽ നിന്നും മാറ്റുകയായിരുന്നു.

നെടുമ്പാശ്ശേരിയിൽ സുരക്ഷിത ലാൻഡിംഗ്; പൊലീസ് കസ്റ്റഡിയിൽ

രാത്രി 11:10-ഓടെ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ഉടൻ തന്നെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ബാത്തിക് എയർ സെക്യൂരിറ്റി ഇൻചാർജ് ബിന്ദു മോഹൻ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആദ്യഘട്ടത്തിൽ ഇയാൾ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നോ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നോ ഉള്ള സംശയങ്ങൾ ഉയർന്നുവെങ്കിലും പ്രാഥമിക പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നാണ് പൊലീസ് നിഗമനം. സംഭവത്തെക്കുറിച്ച് നെടുമ്പാശ്ശേരി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. വലിയൊരു ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ്ടു നിര്‍ബന്ധമല്ല; ഉത്തരവിറക്കി സര്‍ക്കാര്‍

ചാലക്കുടി പോട്ടയിൽ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; വിദ്യാർഥികൾക്ക് പരിക്ക്

ഇനി ക്ഷേമപെന്‍ഷന്‍ വീടുകളില്‍ എത്തില്ല, സഹകരണ ബാങ്കുകളെ ഒഴിവാക്കി ഉത്തരവ്

നനഞ്ഞ വിരലും പ്രശ്‌നമല്ല, കരുത്തുറ്റ 8000 എംഎഎച്ച് ബാറ്ററി; റെഡ്മി നോട്ട് 17 വിപണിയില്‍

ഇം​ഗ്ലണ്ടിനെ വീഴ്ത്തിയ 'ജൂലൈ 15' അർജന്റീനയ്ക്ക് ഇനി 'ആഘോഷ ദിനം'!