തിരുവനന്തപുരം: മേല്‍പ്പാലങ്ങളുടെ അടിവശം സൗന്ദര്യവല്‍ക്കരണം നടത്തി വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ടുള്ള വി പാര്‍ക്ക് പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപകമാക്കാന്‍ വിനോദസഞ്ചാര വകുപ്പ്. തൃശൂര്‍ ജില്ലയില്‍ മൂന്ന് പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. സംസ്ഥാനത്താകെ ഇരുപതിടങ്ങളില്‍ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. വിനോദസഞ്ചരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ മാതൃകാപരമായ പദ്ധതിയായി വി പാര്‍ക്കിനെ മാറ്റിയെടുക്കാനാണ് വിനോദസഞ്ചാരവകുപ്പിന്റെ തീരുമാനം. ഡിസൈന്‍ പോളിസിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മേല്‍പ്പാലങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന അടിവശം പൊതുജനസൗഹൃദമാക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യം. കേരളാ ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് (കെടിഐല്‍) ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
മേല്‍പ്പാലങ്ങളുടെ അടിവശത്ത്, മനോഹരമായ നടപ്പാതകള്‍, ചിത്രങ്ങള്‍ വരച്ച സൈഡ് വാളുകള്‍, ബാഡ്മിന്റണ്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ബെഞ്ചുകളുള്‍പ്പെടെയുള്ള ഇരിപ്പിടങ്ങള്‍, ആംഫി തിയേറ്റര്‍, ട്രാഫിക് നിയമങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും കളിയുപകരണങ്ങളും, ഓപ്പണ്‍ ജിം, ക്യാമറകളും മറ്റ് സുരക്ഷാസജ്ജീകരണങ്ങളും, മനോഹരമായ പുല്‍ത്തകിടികള്‍, വെളിച്ച സജ്ജീകരണസംവിധാനങ്ങള്‍, കഫെ, ശൗചാലയങ്ങള്‍ സജ്ജമാക്കല്‍ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഓരോ പദ്ധതിക്കുമായി ഡിപിആര്‍ പൂര്‍ത്തിയായാല്‍ നിര്‍വഹണ ഏജന്‍സിയെ ടെന്‍ഡറിലൂടെ പിന്നീട് നിശ്ചയിക്കും.
നേരത്തെ അവഗണിക്കപ്പെട്ട് പാഴായിക്കിടന്ന ഇടങ്ങളെ മനോഹരമാക്കി സംരക്ഷിച്ച് വിനോദ ഉപാധികള്‍ക്കുള്ള മേഖലയാക്കി മാറ്റുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമാണ് ഇത്തരം സംരംഭങ്ങള്‍ക്ക് പിന്നിലെന്ന് വിനോദസഞ്ചാരവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കൊല്ലത്ത് നടപ്പാക്കിയ പൈലറ്റ് പദ്ധതി വന്‍വിജയമായതോടെയാണ് വി പാര്‍ക്ക് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. പ്രകൃതി മനോഹര ഇടങ്ങളായി മാറുന്നതോടെ നഗരങ്ങള്‍ ഹരിതാഭമായി മാറുമെന്നും മന്ത്രി പറഞ്ഞു.
വടക്കാഞ്ചേരിയിലെ അത്താണി റെയില്‍വേ മേല്‍പ്പാലം, മുളങ്കുന്നത്തുകാവ് റെയില്‍വേ മേല്‍പ്പാലം, വടക്കാഞ്ചേരി തൃശൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചെമ്പിശ്ശേരി റെയില്‍വേ മേല്‍പ്പാലം എന്നിവിടങ്ങളിലെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. ഈ പദ്ധതികള്‍ക്കെല്ലാം പൊതുമരാമത്ത് വകുപ്പിന്റെ എന്‍ഒസിയും ലഭിച്ചിട്ടുണ്ട്. അത്താണിയില്‍ എഴുപത് ലക്ഷത്തി അറുപതിനായിരം, മുളങ്കുന്നത്തുകാവില്‍ അമ്പത്തിയഞ്ച് ലക്ഷത്തി മുപ്പതിനായിരം, ചെമ്പിശ്ശേരിയില്‍ എഴുപത്തിയെട്ട് ലക്ഷത്തി എഴുപതിനായിരം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഈ പദ്ധതികള്‍ ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates