കണ്ണൂര്‍: ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ കമ്മിറ്റിയുമായി സിപിഎം, പി ജയരാജന് ചുമതലയെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പി ജയരാജന്‍. നുണ നിര്‍മ്മിതിയുടെ പരമ്പരയില്‍ ഒടുവിലത്തെതാണ് ഇതെന്നും വിശ്വാസികളാണ് ക്ഷേത്രത്തിന്റെ കാര്യം നോക്കേണ്ടതെന്നും പി ജയരാജന്‍ പറഞ്ഞു.
വിശ്വാസികളെ വഴിതെറ്റിക്കാനുള്ള രാഷ്ട്രീയ നീക്കം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ആര്‍എസ്എസ് നടത്തുന്നത്. അങ്ങനെ സ്വന്തം സംഘടന താത്പര്യങ്ങള്‍ക്കുവേണ്ടി ക്ഷേത്രങ്ങള്‍ കയ്യടക്കി ദുരുപയോഗം ചെയ്യുക മാത്രമല്ല അയോധ്യയില്‍ രാമന്റെ പേരില്‍ ക്ഷേത്രം ഉണ്ടാക്കി കൊടും കൊള്ള നടത്തുകയും ചെയ്ത പാരമ്പര്യമാണ് ആര്‍എസ്എസിന്റെത്. ആ സംഘപരിവാര്‍ ശക്തികളാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഇത്തരം കള്ളങ്ങള്‍ ഉത്പാദിപ്പിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ കമ്മിറ്റിയുമായി സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല... എന്ന നിലയില്‍ ഒരു വാര്‍ത്ത ഏതായാലും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായി കാണുന്നു. നുണ നിര്‍മ്മിതിയുടെ പരമ്പരയില്‍ ഒടുവിലത്തെതാണ് ഇത്.
രാജ്യത്തെ പ്രധാനപ്പെട്ട ഇടതുപക്ഷ പാര്‍ട്ടിയാണ് സിപിഎം. ചുറ്റും നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനും പ്രതികരിക്കാനും സിപിഎം എക്കാലത്തും ശ്രമിക്കാറുണ്ട്. ഓരോ മേഖലയിലും എങ്ങനെയാണ് ഇടപെടേണ്ടത് എന്നും പാര്‍ട്ടിക്ക് ധാരണയുണ്ട്.
വിശ്വാസികള്‍ അണിനിരക്കേണ്ട ഇടമാണ് ആരാധനാലയം. അത്തരം ആരാധനാലയങ്ങളില്‍ പിടിമുറുക്കാനുള്ള ശ്രമമാണ് വര്‍ത്തമാനകാലത്ത് വര്‍ഗീയശക്തികള്‍ ആസൂത്രിതമായി നടത്തുന്നത്. അതേക്കുറിച്ചൊക്കെ നിരന്തരം പ്രതികരിക്കുകയും എഴുതുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഞാന്‍. അത്തരം ഇടപെടലാണ് ഈ നുണ നിര്‍മ്മാതാക്കളെ അലോസരപ്പെടുത്തുന്നത്. അതുകൊണ്ടാണ് വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ അവര്‍ വ്യാപൃതരാകുന്നത്.
വിശ്വാസികളാണ് ക്ഷേത്രത്തിന്റെ കാര്യം നോക്കേണ്ടത് എന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല.ആ വിശ്വാസികളെ വഴിതെറ്റിക്കാനുള്ള രാഷ്ട്രീയ നീക്കം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ആര്‍എസ്എസ് നടത്തുന്നത്.അങ്ങനെ സ്വന്തം സംഘടന താത്പര്യങ്ങള്‍ക്കുവേണ്ടി ക്ഷേത്രങ്ങള്‍ കയ്യടക്കി ദുരുപയോഗം ചെയ്യുക മാത്രമല്ല അയോധ്യയില്‍ രാമന്റെ പേരില്‍ ക്ഷേത്രം ഉണ്ടാക്കി കൊടും കൊള്ള നടത്തുകയും ചെയ്ത പാരമ്പര്യമാണ് ആര്‍എസ്എസിന്റെത്.
ആ സംഘപരിവാര്‍ ശക്തികളാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഇത്തരം കള്ളങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. ഇങ്ങനെയൊരു വ്യാജവാര്‍ത്ത വന്നപ്പോള്‍ പലരും വിളിച്ച് അന്വേഷിക്കുകയുണ്ടായി. പല മാധ്യമങ്ങളിലും ഒരുപോലെ വാര്‍ത്തകള്‍ വന്നപ്പോള്‍ ചിലരൊക്കെ അത് വിശ്വസിക്കുന്ന നിലയും ഉണ്ടായി. അങ്ങനെയുള്ളവരുടെ ചില ശ്രദ്ധേയമായ പ്രതികരണങ്ങളും ലഭിക്കുകയുണ്ടായി. ചില ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ക്രമക്കേടുകളും അരാജക പ്രവണതകളും മോഷണവും ഒക്കെ ചൂണ്ടിക്കാട്ടിയുള്ള സന്ദേശങ്ങളാണ് വന്നത്. അവിടങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇടപെടണം എന്ന് ആവശ്യം പോലും ചിലര്‍ ഉന്നയിക്കുകയുണ്ടായി. ഇവിടെ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. ഈ വാര്‍ത്തകളില്‍ വന്നതുപോലുള്ള ഒരു തീരുമാനം സിപിഎം എടുത്തിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates