കോട്ടയം: പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ തെരഞ്ഞെടുപ്പില്‍ നഗരവികസന മുന്നണി സ്ഥാനാര്‍ഥി ബിജു മാത്യൂസിന് വിജയം. ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് ബിജു മാത്യൂസ് വിജയിച്ചത്. 26 അംഗങ്ങളില്‍ 14 പേരുടെ വോട്ടാണ് ബിജുവിന് കിട്ടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റിയന്‍ പനയ്ക്കലിന് 11 വോട്ട് ലഭിച്ചു. ബിജു മാത്യൂസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി അറിയിച്ച് രംഗത്തുവന്ന ടോണി തൈപ്പറമ്പില്‍, ലിസിക്കുട്ടി എന്നിവര്‍ യുഡിഎഫിന് വോട്ട് ചെയ്തു.
കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയെ പുറത്താക്കിയാണ് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള നഗരവികസന മുന്നണി പാല നഗരസഭയുടെ ഭരണം പിടിച്ചത്. അന്ന് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച വിമത കൗണ്‍സിലര്‍മാരില്‍ ഒരാള്‍ക്ക് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കുമെന്നായിരുന്നു നേരത്തെ മുന്നണി അറിയിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ബിജു മാത്യൂസിനെ പരിഗണിച്ചതാണ് ടോണി തൈപ്പറമ്പിലിനെ അതൃപ്തിയിലാക്കിയത്. കോണ്‍ഗ്രസ് വിമത രജിത പ്രകാശ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
26 അംഗ നഗരസഭാ കൗണ്‍സിലില്‍ നഗരവികസന മുന്നണിക്കാണ് ഭൂരിപക്ഷം. വിമത കൗണ്‍സിലറുടെ പിന്തുണ ലഭിച്ചില്ലെങ്കിലും ബിജു മാത്യൂസിന് ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കാനാകുമെന്ന നഗരവികസന മുന്നണിയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. വൈസ് ചെയര്‍മാന്‍ തെരഞ്ഞടുപ്പ് പൂര്‍ത്തിയായെങ്കിലും നഗരസഭയിലെ മുന്നണി സമവാക്യങ്ങള്‍ ഇനിയും മാറിമറിഞ്ഞേക്കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates