

കൊച്ചി: ചേരാനെല്ലൂർ വാഹനാപകടകേസിൽ പ്രോസിക്യൂഷനിൽ വിശ്വാസം നഷ്ടമായെന്ന് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. എന്തിനാണ് 17 കാരന്‍റെ ജാമ്യം റദ്ദാക്കേണ്ടതെന്ന സെഷൻസ് കോടതി ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ പ്രോസിക്യൂട്ടർക്ക് കഴിഞ്ഞില്ല. ഒബ്ജക്ഷൻ പറയേണ്ട സമയത്ത് വിക്കി വിക്കി നിൽക്കുകയായിരുന്നു. കേസിൽ പ്രോസിക്യൂഷൻ വേണ്ടത്ര പരിശ്രമം നടത്തുന്നില്ലെന്നും ആരോ കേസ് പിന്നോട്ട് വലിക്കുന്നത് പോലെ തോന്നുന്നുവെന്നും ഭദ്രകീർത്തി പറഞ്ഞു.
ഇനിയും ഇങ്ങനെ പോയാൽ വേണ്ട നീതി കിട്ടുമെന്ന് തോന്നുന്നില്ലെന്നും ഭദ്രകീർത്തി കൂട്ടിച്ചേർത്തു. ജഡ്ജിയുടെ മകനായ 17 കാരന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീലുകൾ പരിഗണിക്കുന്നതിനിടയിൽ എന്തിന് ജാമ്യം റദ്ദാക്കണമെന്ന് അഡീഷണൽ സെഷൻസ് കോടതി പ്രോസിക്യൂട്ടറോട് ചോദിച്ചിരുന്നു. നീതിയുടെ താൽപ്പര്യാർത്ഥം ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. അതുകൊണ്ടുമാത്രം ജാമ്യം റദ്ദാക്കാനാകില്ലെന്നും കൃത്യമായ കാര്യം ബോധിപ്പിക്കാനാകണമെന്നും കോടതി വ്യക്തമാക്കി.
പൊലീസ് അന്വേഷണം നടത്തിയ രീതിയെയും കോടതി വിമർശിച്ചു. എന്തിനാണ് രാത്രി കാറുമായി 17 കാരൻ പോയതെന്ന് നിങ്ങൾ അന്വേഷിച്ചോ എന്നുമുള്ള ചോദ്യത്തിന് പ്രോസിക്യൂട്ടർക്ക് ഉത്തരം ഉണ്ടായിരുന്നില്ല. കോടതി നടപടികൾക്ക് ശേഷമാണ് പ്രോസിക്യൂഷനെതിരെ ഭദ്രകീർത്തി ആക്ഷേപം ഉന്നയിച്ചത്. തിങ്കളാഴ്ച കേസ് ഡയറിയുമായി നേരിട്ട് ഹാജരാകാൻ അന്വഷണ ഉദ്യോഗസ്ഥന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കുടുംബം ആവശ്യപ്പെടുന്നവരെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കാൻ ഒരുക്കമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates