കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം കോഴിക്കോട് 'ബൈ മീ എ കോഫി' (Buy Me a Coffee)യുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴുവെച്ചിരുന്നു. പ്രളയസമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട മുഖ്യമന്ത്രി ഒരു 'കാപ്പിക്കടയുടെ' ഉദ്ഘാടനത്തിൽ പങ്കെടുത്തുവെന്നായിരുന്നു മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വിമർശനം. എന്നാൽ പേര് കേട്ട് ഇതൊരു സാധാരണ കാപ്പിക്കടയാണെന്ന് കരുതിയവർക്ക് തെറ്റി. കേരളത്തിന്റെ സ്റ്റാർട്ടപ്പ് സംസ്കാരത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്തിയ വൻ വിജയമാതൃകകളിലൊന്നാണ് 'ബൈ മീ എ കോഫി'.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കണ്ടന്റ് ക്രിയേറ്റർമാർക്ക് അവരുടെ ആരാധകരിൽ നിന്നും വായനക്കാരിൽ നിന്നും നേരിട്ട് സാമ്പത്തിക പിന്തുണ സ്വീകരിക്കാൻ സഹായിക്കുന്ന ആഗോള പ്ലാറ്റ്ഫോമാണിത്. അമേരിക്കയിൽ തുടക്കം കുറിച്ച ഈ സ്റ്റാർട്ടപ്പിന് പിന്നിൽ കോഴിക്കോട് ജില്ലയിലെ കക്കോടി സ്വദേശികളായ ജിജോ സണ്ണി, ജോസഫ് സണ്ണി, അലീഷ ജോൺ എന്നിവരാണ്. ആഗോളതലത്തിൽ ശ്രദ്ധേയമായ സ്റ്റാർട്ടപ്പ് ആക്സിലറേറ്ററായ Y കോമ്പിനേറ്ററിൽ ഇടംനേടിയ ആദ്യ കേരള സ്റ്റാർട്ടപ്പുകളിൽ ഒന്നു കൂടിയാണിത്.
ഒരു കപ്പ് കാപ്പി വാങ്ങിക്കൊടുക്കുന്ന ലാളിത്യത്തിലാണ് പ്ലാറ്റ്ഫോമിന്റെ ആശയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒറ്റത്തവണ സാമ്പത്തിക പിന്തുണ, പ്രതിമാസ അംഗത്വം, ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവയിലൂടെ സ്രഷ്ടാക്കൾക്ക് വരുമാനം കണ്ടെത്താൻ ഇത് അവസരമൊരുക്കുന്നു. ലോകപ്രശസ്ത ഫിൻടെക് കമ്പനിയായ സ്ട്രൈപ് ഉൾപ്പെടെ നിരവധി നിക്ഷേപകരുടെ പിന്തുണയും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
മഴക്കാലത്ത് മുഖ്യമന്ത്രി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണോ, സ്വകാര്യ പരിപാടികളിൽ പങ്കെടുക്കണോ എന്നത് രാഷ്ട്രീയ ചർച്ചയുടെ വിഷയമാകാം. എന്നാൽ, ആഗോളതലത്തിൽ കേരളത്തിന്റെ പേര് ഉയർത്തിയ ഒരു സ്റ്റാർട്ടപ്പിനെ അതിന്റെ പ്രവർത്തനരീതി മനസ്സിലാക്കാതെ ഒരു 'കാപ്പിക്കട'യായി മാത്രം വിശേഷിപ്പിക്കുന്നത് കേരളത്തിന്റെ സ്റ്റാർട്ടപ്പ് സംസ്കാരത്തെയും അതിനായി പരിശ്രമിക്കുന്ന യുവ സംരംഭകരുടെ ആത്മവിശ്വാസത്തെയും ബാധിക്കുന്ന സമീപനമാണ്.
ഇന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കണ്ടന്റ് ക്രിയേറ്റർമാർ 'Buy Me a Coffee' ഉപയോഗിക്കുന്നു. യൂട്യൂബ് വീഡിയോകൾ, പോഡ്കാസ്റ്റുകൾ, ന്യൂസ്‌ലെറ്ററുകൾ, ഫോട്ടോഗ്രഫി, ചിത്രരചന, സംഗീതം, സ്വതന്ത്ര മാധ്യമപ്രവർത്തനം തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഈ പ്ലാറ്റ്ഫോം വഴി നേരിട്ട് പ്രേക്ഷകരിൽ നിന്ന് വരുമാനം കണ്ടെത്തുന്നുണ്ട്. പരസ്യവരുമാനത്തെയോ സ്പോൺസർഷിപ്പുകളെയോ മാത്രം ആശ്രയിക്കാതെ പ്രേക്ഷകരുടെ പിന്തുണയിലൂടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ഈ സംവിധാനം സഹായിക്കുന്നു.
സ്വതന്ത്ര മാധ്യമപ്രവർത്തകർക്ക് അന്വേഷണാത്മക റിപ്പോർട്ടുകൾ, പ്രത്യേക പരമ്പരകൾ, ഡാറ്റാ അധിഷ്ഠിത പഠനങ്ങൾ എന്നിവയ്ക്കായി വായനക്കാരിൽ നിന്ന് നേരിട്ട് സാമ്പത്തിക പിന്തുണ സമാഹരിക്കാനും ഈ പ്ലാറ്റ്ഫോം അവസരമൊരുക്കുന്നു. അതുപോലെ എഴുത്തുകാർക്ക് ഇ-ബുക്കുകളും ഗവേഷണ രേഖകളും വിൽക്കാനും അധ്യാപകർക്ക് പഠനസാമഗ്രികൾ പങ്കുവെക്കാനും കലാകാരന്മാർക്ക് പ്രത്യേക ഉള്ളടക്കങ്ങൾ അംഗങ്ങൾക്ക് മാത്രമായി ലഭ്യമാക്കാനും കഴിയും.
സ്രഷ്ടാക്കളും അവരുടെ പ്രേക്ഷകരും തമ്മിലുള്ള നേരിട്ടുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്ന മാതൃകയാണ് 'Buy Me a Coffee' മുന്നോട്ടുവെക്കുന്നത്. ഡിജിറ്റൽ കണ്ടന്റ് സൃഷ്ടിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, വരുമാനത്തിന്റെ പുതിയ സാധ്യതകൾ തുറന്നുകൊടുക്കുന്ന പ്ലാറ്റ്ഫോമായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്.
അതിനാൽ, പേരിൽ 'Coffee' എന്ന വാക്ക് ഉള്ളതുകൊണ്ട് മാത്രം 'Buy Me a Coffee' ഒരു കാപ്പിക്കടയാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. കേരളത്തിന്റെ, പ്രത്യേകിച്ച് കോഴിക്കോട്ടിന്റെ, ആഗോള സ്റ്റാർട്ടപ്പ് വിജയകഥകളിലൊന്നാണ് 'Buy Me a Coffee'.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates