അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു ഉണ്ടാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചില്ലെന്ന് സിബിഐ. തിരുപ്പതി ലഡ്ഡു കുംഭകോണം അന്വേഷിക്കുന്ന സിബിഐ സംഘമാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ലഡ്ഡു നിര്‍മാണത്തിന് ബീഫ് / പന്നിക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്നും, കൃത്രിമ നെയ്യാണ് ഉപയോഗിച്ചതെന്നുമാണ് സിബിഐ നിലപാട്. തിരുമല വെങ്കിടേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വലിയ വിവാദങ്ങള്‍ക്ക് അവസാനമിടുന്നതാണ് സിബിഐ കണ്ടെത്തല്‍.
ലഡ്ഡു തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന ആരോപണത്തില്‍ സിബിഐ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമാണ് നടന്നത് എന്നായിരുന്നു നെല്ലൂരിലെ അഴിമതി വിരുദ്ധ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐയുടെ നിലപാട്. 15 മാസത്തെ അന്വേഷണത്തിന് ശേഷമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിലാണ് 2019 നും 2024 നും ഇടയില്‍ ക്ഷേത്രത്തിന് വിതരണം ചെയ്ത നെയ്യില്‍ മൃഗക്കൊഴുപ്പ് ഇല്ലെന്ന് കണ്ടെത്തല്‍ ഉള്‍പ്പെടുന്നത്. മൂന്നുവര്‍ഷത്തിനിടെ 250 കോടിയോളം വിലവരുന്ന 68 ലക്ഷം കിലോ കൃത്രിമ നെയ്യ് വാങ്ങിക്കൂട്ടിയെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
ലഡ്ഡു നിര്‍മാണത്തിന് ഉപയോഗിച്ച നെയ്യ് തനത് രീതിയില്‍ ഉത്പാദിപ്പിക്കപ്പെട്ടതല്ലെന്നാണ് സിബിഐ കണ്ടെത്തല്‍. പാം ഓയില്‍, മറ്റ് വെജിറ്റബിള്‍ എണ്ണകള്‍ എന്നിവയക്കൊപ്പം ചില രാസ പദാര്‍ഥങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ കൃത്രിമ നെയ്യാണ് ലഡ്ഡു നിര്‍മാണത്തിന് ഉപയോഗിച്ചത്. പശുവിന്‍ നെയ്യിന് സമാനമായ കളറും മണവും ലഭിക്കാന്‍ കൃത്രിമ ചേരുവകള്‍ ഉപയോഗിച്ചെന്നും സിബിഐ പറയുന്നു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവന്‍ കല്യാണുമായിരുന്നു തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചത്. ഭക്തര്‍ക്ക് വിളമ്പുന്ന ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ന്ന നിലവാരമില്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു ആക്ഷേപം. 2024 സെപ്റ്റംബറില്‍ ഉയര്‍ത്തിയ ആരോപണം രാഷ്ട്രീയ സാമൂഹ്യ രംഗത്ത് വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചത്. 2024 ഒക്ടോബറിലാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തത്. 36 പ്രതികളെ ഉള്‍പ്പെടുത്തിയാണ് നെല്ലൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറി ഒന്നാം പ്രതിയാണ്. കേസിലെ പരാതിക്കാരനായ തിരുമല തിരുപ്പതി ദേവസ്ഥാനം ജനറല്‍ മാനേജര്‍ പി കെ മുരളീകൃഷ്ണും കേസില്‍ പ്രതിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates