Supreme Court ഫയൽ
Kerala

മതപരമായ വിശ്വാസം ജുഡീഷ്യല്‍ പരിശോധനയ്ക്കും മേലെ; ശബരിമലയില്‍ യുവതീപ്രവേശന വിലക്കിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

'ആചാരങ്ങളില്‍ ശാസ്ത്രീയമല്ലാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍, അതില്‍ മാറ്റം വരുത്തേണ്ടത് നിയമനിര്‍മ്മാണ സഭകളാണ്'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശന നിയന്ത്രണം മതപരമായ വിശ്വാസത്തിന്റെയും മതത്തിലെ പ്രത്യേക വിഭാഗത്തിന്റെ സ്വയംഭരണാധികാരത്തിന്റെയും പരിധിയില്‍ വരുന്ന കാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അതിനാല്‍ തന്നെ നീതിന്യായ പുനഃപരിശോധനയ്ക്ക് അതീതമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട മുന്‍ വിധി പുനഃപരിശോധിക്കാനായി നിയോഗിച്ച 9 അംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

ആചാരങ്ങളില്‍ ശാസ്ത്രീയമല്ലാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍, അതില്‍ മാറ്റം വരുത്തേണ്ടത് നിയമനിര്‍മ്മാണ സഭകളാണ്, അല്ലാതെ കോടതികളല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എല്ലാ മതവിഭാഗങ്ങളുടെയും ആചാരങ്ങളെ ബഹുമാനിക്കേണ്ടതുണ്ട്. എല്ലാ കാര്യങ്ങളെയും അന്തസ്സുമായോ ശരീരസ്വാതന്ത്ര്യവുമായോ ബന്ധിപ്പിക്കാനാവില്ലെന്ന് അദ്ദേഹം വാദിച്ചു.

ഉദാഹരണമായി 'ഒരു മസാര്‍ സന്ദര്‍ശിക്കുമ്പോഴോ ഗുരുദ്വാരയില്‍ പോകുമ്പോഴോ തല മറയ്ക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, അവിടെ എന്റെ അന്തസ്സോ അവകാശമോ ചോദ്യം ചെയ്യപ്പെടുന്നു എന്ന് എനിക്ക് പറയാനാവില്ല.' തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും, കോടതികള്‍ ഇത്തരം വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെടരുത് എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എം എം സുന്ദരേഷ്, അഹ്‌സാനുദ്ദീന്‍ അമാനുള്ള, അരവിന്ദ് കുമാര്‍, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്, പ്രസന്ന ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലുള്ളത്.

നരബലി എന്നത് തങ്ങളുടെ അവിഭാജ്യമായ മതപരമായ ആചാരമാണെന്ന് അവകാശപ്പെട്ട് ആരെങ്കിലും ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം കോടതിയെ സമീപിച്ചാല്‍, അത് മതപരമായി അനിവാര്യമാണോ എന്ന് കോടതി പരിശോധിക്കേണ്ട കാര്യമില്ല. മറിച്ച്, അത് പൊതുസമാധാനത്തെയും ധാര്‍മ്മികതയെയും നേരിട്ട് ലംഘിക്കുന്നു എന്ന കാരണത്താല്‍ കോടതിക്ക് അത് തള്ളിക്കളയാം.

എന്നാല്‍ ഒരു മതപരമായ ആചാരം യുക്തിസഹമാണോ, ആധുനികമാണോ, ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ കഴിയുന്നതാണോ, അല്ലെങ്കില്‍ കോടതിയുടെ ബോധ്യങ്ങള്‍ക്ക് സ്വീകാര്യമാണോ എന്ന തരത്തിലുള്ള പരിശോധനാ രീതികള്‍ നിരാകരിക്കണം. 'പരിവര്‍ത്തനപരമായ ഭരണഘടനാവാദം' അല്ലെങ്കില്‍ 'ഭരണഘടനാപരമായ ധാര്‍മ്മികത' തുടങ്ങിയ വ്യക്തിനിഷ്ഠമായ ആശയങ്ങള്‍ ആചാരങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള പരിശോധന ഭരണഘടനാപരമായ അവലോകനമല്ല. മറിച്ച്, മതപരമായ സ്വയംബോധത്തിന് പകരം കോടതിയുടെ തത്വശാസ്ത്രത്തെ പ്രതിഷ്ഠിക്കലാണ്. മതഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാന്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത ബെഞ്ചിന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളെ ആശ്രയിച്ചായിരിക്കും ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്തിയുടെയോ, പ്രായോഗികതയുടെയേ, ഭൂരിപക്ഷ താല്പര്യത്തിന്റെയോ ലൗകിക മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത വിശ്വാസങ്ങളും ആചാരങ്ങളും ആരാധനാ രീതികളും നിലനില്‍ക്കുന്നതിനാലാണ് ഭരണഘടന മതസ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കുന്നത് എന്ന് തുഷാര്‍ മേത്ത പറഞ്ഞു.

ഭരണഘടനാപരമായ ധാര്‍മ്മികത എന്ന പദം ഭരണഘടനയില്‍ ഒരിടത്തും കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. അത് കോടതികള്‍ സ്വയം വികസിപ്പിച്ചെടുത്ത അസ്പഷ്ടവും കൃത്യതയില്ലാത്തതുമായ ഒരു സങ്കല്‍പ്പമാണ്. ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടുള്ള 'ധാര്‍മ്മികത' എന്ന പദത്തെ 'ഭരണഘടനാപരമായ ധാര്‍മ്മികത' എന്ന് വിപുലീകരിച്ച് വ്യാഖ്യാനിക്കുന്നത് കോടതിയുടെ അമിതാധികാര പ്രയോഗം മാത്രമല്ല, ഭരണഘടനയില്‍ വരുത്തുന്ന ഭേദഗതിക്ക് തുല്യവുമാണ്. ഏതെങ്കിലും ഒരു മതത്തെ വ്യാഖ്യാനിക്കാന്‍ കോടതി അതിന്റെ അധികാരം ഉപയോഗിക്കുന്നതില്‍ അന്തര്‍ലീനമായ അപകടസാധ്യതയുണ്ടെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി.

Central Government has told the Supreme Court that the restriction on the entry of women into Sabarimala falls within the scope of religious belief and the autonomy of a particular community.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥ അറിയാൻ ലോക 3 വരെ കാത്തിരിക്കണം; കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമ'

കൈയില്‍ കരുതണം ഈ തിരിച്ചറിയല്‍ രേഖകള്‍; ബീപ് ശബ്ദം കേള്‍ക്കുന്നതുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; വോട്ടര്‍മാര്‍ അറിയേണ്ടതെല്ലാം

'ഇനി ഞാന്‍ ആരെ അപ്പൂപ്പാ എന്ന് വിളിക്കും? വര്‍ഷങ്ങളായി അപ്പൂപ്പനെ നഷ്ടപ്പെടുമോ എന്ന പേടിയിലായിരുന്നു'; ഹൃദയം നുറങ്ങി അഹാന

'ഒരു റണ്ണിനെ ചൊല്ലി തർക്കം'; ആന്ധ്രയിൽ യുവാവിനെ കുത്തിക്കൊന്നു, അഞ്ച് പേർക്ക് പരിക്ക്

'ആ നിറങ്ങൾ വിഷമാണ്', കുട്ടികൾക്ക് വസ്ത്രമെടുക്കുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് പുതിയ പഠനം

SCROLL FOR NEXT