തൃശൂര്‍: വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ ഏപ്രില്‍ മാസത്തില്‍ മകളുടെ ആദ്യ കുര്‍ബാന സ്വീകരണത്തിനായി നാട്ടിലെത്തുമെന്ന അറിയിപ്പിനെത്തുടര്‍ന്നാണ് ബാങ്ക് കവര്‍ച്ചയ്ക്ക് ആസൂത്രണം ആരംഭിച്ചതെന്ന് പോട്ട ഫെഡറല്‍ ബാങ്ക് മോഷണക്കേസിലെ പ്രതി റിജോ ആന്റണി. ഭാര്യ നാട്ടിലേക്ക് അയക്കുന്ന പണം ആര്‍ഭാട ജീവിതവും ധൂര്‍ത്തും കൊണ്ട് നശിപ്പിച്ചിരുന്നു. 10 ലക്ഷത്തോളം രൂപ കടമുണ്ടെന്നാണ് പ്രതി റിജോ ആന്റണി (49) പൊലീസിനോട് പറഞ്ഞത്.
ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും ഇയാള്‍ പണയം വച്ചിരുന്നു. തിരിച്ചെത്തുന്ന ഭാര്യ സ്വര്‍ണാഭരണങ്ങള്‍ ചോദിക്കും മുമ്പേ അവ തിരിച്ചെടുക്കാനും, കടങ്ങള്‍ വീട്ടാനുമാണ് കവര്‍ച്ച നടത്തിയത്. മോഷ്ടിച്ചു കിട്ടിയ പണത്തില്‍ 10,000 രൂപ മൂന്നു ദിവസം കൊണ്ടു തീര്‍ത്തു. മദ്യവും ഇറച്ചിയും മറ്റു ഭക്ഷണ സാധനങ്ങളും വാങ്ങി. കവര്‍ച്ച ചെയ്ത പണത്തില്‍ നിന്നും അന്നനാട് സ്വദേശിയില്‍ നിന്നു കടം വാങ്ങിയ 2 ലക്ഷം രൂപയും പലിശയായ 90,000 രൂപയും കൊടുത്തു തീര്‍ത്തു.
മേലൂരിലെ തറവാട്ടില്‍ താമസിച്ചിരുന്ന റിജോ രണ്ടര വര്‍ഷം മുമ്പാണ് ആശാരിപ്പാറയില്‍ വീടു വാങ്ങിയത്. പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും കവര്‍ച്ച ചെയ്ത 15 ലക്ഷം രൂപയില്‍ 14,90,000 രൂപ ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ 12 ലക്ഷം രൂപ റിജോയുടെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ തുണിയില്‍ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ മൂന്നു കെട്ടുകള്‍ വീതമുള്ള 15 ലക്ഷം രൂപയില്‍ രണ്ടു കെട്ടുകള്‍ പൊട്ടിച്ചിരുന്നില്ല. പണം കടത്തിയ ബാഗ് കിടപ്പുമുറിക്കുള്ളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
സിസിടിവി കാമറകളെ കബളിപ്പിക്കാന്‍ കവര്‍ച്ചാ സമയത്ത് മൂന്നു ജോഡി വസ്ത്രങ്ങളും ഇയാള്‍ കരുതിയിരുന്നു. കവര്‍ച്ചയ്ക്ക് മുമ്പും ശേഷവുമായി വസ്ത്രങ്ങള്‍ മാറുകയും ചെയ്തിരുന്നു. പ്രതിയെ കണ്ടെത്താനായി 500 ഓളം നിരീക്ഷണ കാമറകളാണ് പൊലീസ് പരിശോധിച്ചത്. കാമറകള്‍ ഒഴിവാക്കിയായിരുന്നു റിജോയുടെ യാത്രയെങ്കിലും ചില കാമറകളില്‍ സ്‌കൂട്ടറിന്റെ ദൃശ്യം പതിഞ്ഞിരുന്നു. നടുകുന്നില്‍ സ്‌കൂട്ടറിലെത്തിയയാള്‍ വസ്ത്രം മാറുന്നതിന്റെ വിദൂര ദൃശ്യവും പൊലീസിന് ലഭിച്ചു.
പിന്നീട് സ്‌കൂട്ടര്‍ കാമറയ്ക്ക് അടുത്തെത്തിയിട്ടുള്ള ദൃശ്യം ലഭിച്ചപ്പോള്‍, സ്‌കൂട്ടറില്‍ കണ്ണാടി ഉണ്ടായിരുന്നത് പൊലീസിനെ കുഴക്കി. കവര്‍ച്ചയ്ക്ക് മുമ്പേ ഊരിമാറ്റിയ കണ്ണാടി, പിന്നീട് സ്‌കൂട്ടറില്‍ ഘടിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ഷൂവിന്റെ ദൃശ്യം റിജോയെ പൊലീസിന്റെ സംശയനിഴലിലാക്കി. പ്രതി സ്‌കൂട്ടറില്‍ പോകുന്ന ചിത്രം നാട്ടുകാരെ കാണിച്ച് പൊലീസ് വിവരം തിരക്കി. ഇതിനിടെ ഒരു സ്ത്രീ ഇതു റിജോയല്ലേ എന്ന് സംശയം പ്രകടിപ്പിച്ചു. ഇതോടെ വിവരം അന്വേഷണസംഘത്തിലെ മറ്റുള്ളവര്‍ക്ക് കൈമാറി.
പിന്നാലെ ഡിവൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിജോയുടെ വീട്ടിലെത്തി നിരീക്ഷിച്ചതോടെ സ്‌കൂട്ടര്‍ കണ്ടെത്തി. അതിന്റെ നമ്പര്‍ പ്ലേറ്റ് ഇളകിയ നിലയിലായിരുന്നു. തുടക്കത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. 2011 മുതല്‍ 2020 വരെ കുവൈത്തില്‍ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്ന റിജോ, കോവിഡ് കാലത്താണ് ജോലി നഷ്ടമായി നാട്ടിലെത്തുന്നത്. ബാങ്ക് കവര്‍ച്ചയ്ക്ക് രണ്ടു ദിവസം മുമ്പ് ചാലക്കുടി ടൗണില്‍ പ്രവാസി അമ്പ് ആഘോഷത്തില്‍ പങ്കെടുത്ത് റിജോ ബാന്‍ഡ് വാദ്യത്തിനൊപ്പം നൃത്തം ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates