പാലക്കാട്: ഭാര്യ അടക്കം മൂന്നുപേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ഭാര്യയെയും മകളെയും മരുമകനേയും കൂടി കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. മാട്ടായില്‍ നിന്നിറങ്ങി വന്നത് ശേഷിക്കുന്നവരെ കൂടി വകവരുത്താനായിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് സുധാകരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ചെന്താമര മൊഴി നല്‍കി.
കൃത്യം നടന്നതിന് തലേദിവസം സുധാകരനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഭാര്യയെ കൊന്നതിന് കാണിച്ചുതരാമെന്ന് സുധാകരന്‍ ചെന്താമരയോട് പറഞ്ഞു. ഇതാണ് പെട്ടെന്ന് ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ആകെ ആറുപേരെ കൊലപ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നത്. 2019 ല്‍ കൊല്ലപ്പെട്ട സജിത, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരായിരുന്നു അതില്‍ മൂന്നു പേരെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ ഒരു കൂസലും ഇല്ലാതെയായിരുന്നു പ്രതിയുടെ മറുപടികള്‍. ആലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രാഥമിക ചോദ്യം ചെയ്യല്‍. പൊലീസും നാട്ടുകാരും തന്നെ തിരയുന്നത് കാട്ടില്‍ ഒളിച്ചിരുന്ന് കണ്ടു. ഡ്രോണ്‍ പറത്തി പരിശോധന നടത്തുന്നതും കണ്ടിരുന്നുവെന്ന് പ്രതി പറഞ്ഞു. പൊലീസ് പിടിയിലായ ചെന്താമരയെ സ്റ്റേഷനില്‍ എത്തിച്ചയുടന്‍, തനിക്ക് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നുമാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഭക്ഷണം എത്തിച്ചു നല്‍കുകയും ചെയ്തു. പ്രതിയെ പിടികൂടിയത് അറിഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി.
ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് ജനക്കൂട്ടം പ്രതിഷേധിച്ചു. ഉന്തിലും തള്ളിലും പൊലീസ് സ്റ്റേഷന്റെ ഗേറ്റ് തകര്‍ന്നു. പ്രതിഷേധം അക്രമാസക്തമായതോടെ നാട്ടുകാരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. ജനരോഷം കണക്കിലെടുത്ത് ചെന്താമരയെ നെന്മാറ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിലായിരിക്കും വിശദമായ ചോദ്യം ചെയ്യല്‍ നടക്കുക.
നാട്ടുകാരിയായ യുവതിയെ പ്രേമിച്ചാണ് ചെന്താമര വിവാഹം കഴിച്ചത്. ചെന്താമരയില്‍ നിന്നുള്ള മോശം അനുഭവങ്ങളെത്തുടര്‍ന്ന് ഭാര്യയും മകളും വര്‍ഷങ്ങളായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഭാര്യ പിണങ്ങിപ്പോകാനും, കുടുംബ പ്രശ്‌നങ്ങള്‍ക്കും കാരണം സുധാകരന്റെ ഭാര്യ സജിത ആണെന്നാണ് ചെന്താമര വിശ്വസിക്കുന്നത്. മുടി നീട്ടി വളര്‍ത്തിയ സ്ത്രീയാണ് കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഒരു ജ്യോത്സ്യന്‍ പറഞ്ഞതും അന്ധവിശ്വാസിയായ ചെന്താമരയില്‍ സജിതയോടും കുടുംബത്തോടുമുള്ള പക ഇരട്ടിയാക്കി. ഇതേത്തുടര്‍ന്നാണ് സജിതയെ 2019 ലും കഴിഞ്ഞദിവസം ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയും കൊലപ്പെടുത്തുന്നതില്‍ കലാശിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates