chenthamara
ചെന്താമര പൊലീസ് പിടിയിൽ ടിവി ദൃശ്യം

വിശന്നുവലഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ പിടിയില്‍, സ്റ്റേഷന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം; ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ജനരോഷം കണക്കിലെടുത്ത് ചെന്താമരയെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി
Published on

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് ചെന്താമരയെ പൊലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടിയത് അറിഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി.

ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് ജനക്കൂട്ടം പ്രതിഷേധിച്ചു. ഉന്തിലും തള്ളിലും പൊലീസ് സ്റ്റേഷന്റെ ഗേറ്റ് തകര്‍ന്നു. പ്രതിഷേധം അക്രമാസക്തമായതോടെ നാട്ടുകാരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. തങ്ങള്‍ക്ക് നേരേ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ജനരോഷം കണക്കിലെടുത്ത് ചെന്താമരയെ നെന്മാറ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിലായിരിക്കും വിശദമായ ചോദ്യം ചെയ്യല്‍. ഇതിനു ശേഷം ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

ഒളിവില്‍ കഴിയവെ വിശന്നുവലഞ്ഞ ചെന്താമര ഭക്ഷണം കഴിക്കാന്‍ സ്വന്തം വീടിന് സമീപത്തേക്ക് വരുമ്പോഴായിരുന്നു പൊലീസിന്റെ വലയിലായത്. പിടിയിലായ സമയത്ത് ഇയാള്‍ അവശ നിലയിലായിരുന്നു. സ്റ്റേഷനില്‍ എത്തിയ ഉടന്‍ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് ഭക്ഷണമെത്തിച്ചു നല്‍കി.

2019ല്‍ അയല്‍വാസിയായ സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര ജയിലില്‍ പോകുന്നത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യയും മകളും പിണങ്ങി പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com