കൊച്ചി: ചേരാനെല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നാളെ കോടതിയെ സമീപിക്കും. കാറിന്റെ ഉടമസ്ഥനായ ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനു ഹൈക്കോടതിയുടെ അനുമതി ആവശ്യമായതുകൊണ്ട്. ഇക്കാര്യത്തില്‍ ഇനി തുടര്‍നടപടികള്‍ ഉണ്ടാകേണ്ടത് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നാണെന്നും ജയബാലകൃഷ്ണന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിയായ പതിനേഴുകാരന്റെ പിതാവ് ജഡ്ജി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. അദ്ദേഹത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യണം. കാറിന്റെ ഉടമസ്ഥനായ ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനു ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഈ അനുമതി സംബന്ധിച്ച ഉത്തരവ് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കുറ്റവാളികള്‍ ഇപ്പോഴും സ്വതന്ത്രരായി കഴിയുകയാണെന്നും കുടുംബം പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടതെല്ലാം ഉണ്ടായിട്ടുണ്ട്.
അഭിഭാഷകനൊപ്പമാണ് ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ മാധ്യമങ്ങളെ കണ്ടത്. ചര്‍ച്ചയില്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചു. ഹൈക്കോടതിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസ് കൈമാറിയിട്ടുണ്ടെന്നും ചര്‍ച്ചയില്‍ കുടുംബത്തെ രേഖകള്‍ കാണിച്ച് പൊലീസ് വിശദീകരിച്ചു. തുടര്‍ന്ന് ചര്‍ച്ച കഴിഞ്ഞ് പുറത്തുവന്ന കുടുംബാംഗങ്ങള്‍ പൊലീസ് നടപടികളില്‍ തങ്ങള്‍ തൃപ്തരാണെന്നും പ്രതികള്‍ക്ക് എതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, ചേരാനെല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്ഐ മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ചേരാനല്ലൂര്‍ വാഹനാപകട വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ പൊലീസിന് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാന്‍ എഡിജിപി പി.വിജയന്‍ ചേരാനല്ലൂര്‍ സ്റ്റേഷനില്‍ നേരിട്ടെത്തിയിരുന്നു.
എഡിജിപി റിപ്പോര്‍ട്ട് ഡിജിപിക്ക് മെയില്‍ ചെയ്തതിനു പിന്നാലെയാണ് നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. ആദ്യഘട്ടത്തില്‍ തെളിവ് ശേഖരിക്കുന്നതിലുണ്ടായ വീഴ്ച, എഫ്‌ഐആര്‍ ഇടുന്നതിലുണ്ടായ കാലതാമസം, നാട്ടുകാര്‍ അപകടസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകളില്‍ നിന്നും അവ ഡിലീറ്റ് ചെയ്ത സംഭവം എന്നീ വീഴ്ചകള്‍ പൊലീസിനു സംഭവിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. വീഴ്ച സംഭവിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇന്ന് നിയമസഭയില്‍ ആഭ്യന്തര മന്ത്രി ഉറപ്പുനല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates