

മാഡ്രിഡ്: മാവോ സെ തുങ്ങിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ നായകനും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെ ചൈനീസ് ആരാധകരോട് മാപ്പ് പറഞ്ഞു. 1949 മുതല്‍ 1976 വരെ ചൈന ഭരിച്ച ആധുനിക ചൈനയുടെ സ്ഥാപക നേതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന മാവോയെ 'ഏകാധിപതി' എന്നു വിശേഷിപ്പിച്ചതാണ് വലിയ വിവാദമായത്. താരത്തിനെതിരെ കടുത്ത ജനരോഷമാണ് ഉയര്‍ന്നത്.
മാവോയെക്കുറിച്ചുള്ള തമാശകളോ പരിഹാസങ്ങളോ ചൈന വലിയ അനാദരവായാണ് കാണുന്നത്. ചൈനയില്‍ അവയ്ക്ക് വിലക്കുമുണ്ട്. അവർ ഗുരുതര കുറ്റമായി കാണുന്ന തരത്തിലുള്ള പരാമർശമാണ് എംബാപ്പെ നടത്തിത്. ഇതാണ് താരത്തിനു വിനയായി മാറിയത്.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച തന്റെ ചിത്രമുള്ള മീമിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ എംബാപ്പെ നടത്തിയ ഒരു പരാമര്‍ശമാണ് വിവാദമായത്. 'ഏതോ ഒരു ചൈനീസ് ഏകാധിപതി' യുടെ ശരീരത്തില്‍ തന്റെ മുഖം എഡിറ്റ് ചെയ്തു ചേര്‍ത്തു എന്നായിരുന്നു മീമിനെക്കുറിച്ചുള്ള താരത്തിന്റെ തമാശ രൂപത്തിലുള്ള പ്രതികരണം. എന്നാല്‍ ആരാധകര്‍ അതിനെ തമാശയായല്ല കണ്ടത്. ഇതോടെയാണ് താരം പുലിവാല്‍ പിടിച്ചത്. പിന്നാലെയാണ് ക്ഷമാപണം.
'എന്റെ ഒരു ചിത്രത്തോടാണ് ഞാന്‍ പ്രതികരിച്ചത്. എന്റെ പരാമര്‍ശം വിവേകമില്ലാത്തതായിരുന്നു. അത് ചൈനയിലേയും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹങ്ങളിലേയും നിരവധി ആളുകളെ വ്രണപ്പെടുത്തിയതായി ഞാന്‍ മനസിലാക്കുന്നു. എന്റെ വാക്കുകള്‍ വേദനിപ്പിച്ച എല്ലാവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. ആരേയും വേദനിപ്പിക്കുക എന്നത് എന്റെ ലക്ഷ്യമേ ആയിരുന്നില്ല'- എംബാപ്പെ വ്യക്തമാക്കി.
പരാമര്‍ശം സാമ്പത്തികമായി വലിയ നഷ്ടങ്ങളും എംബാപ്പെയ്ക്കുണ്ടാക്കിയിട്ടുണ്ട്. താരവുമായി കരാറിലെത്തിയ വമ്പന്‍ ചൈനീസ് കമ്പനികള്‍ ഒന്നൊന്നായി പിന്‍വാങ്ങുന്നതായി വിവരം പുറത്തു വരുന്നുണ്ട്. ഇതും അതിവേഗമുള്ള ക്ഷമാപണത്തിനു കാരണമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates