കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൈമാറിയെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഭദ്രകീര്‍ത്തി പറഞ്ഞു.
പതിനേഴുകാരന്‍ ഓടിച്ച് വാഹനമിടിച്ച് അപകടമുണ്ടായ ശേഷം പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജി സ്ഥലത്തെത്തി ഏറെ നേരം ചെലവഴിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു. തെളിവുനശിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന പരാതി പിന്നീടാണ് ഉയര്‍ന്നത്. ഇതോടെ കേസില്‍ ബിഎന്‍എസ് 238ാം വകുപ്പ് അന്വേഷേണ സംഘം ചേര്‍ത്തിരുന്നു. കേസിലുള്‍പ്പെട്ട 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ ഇന്ന് കോടതി വിധി പറയും. പതിനേഴുകാരനെ ഒബ്‌സര്‍വേഷനില്‍ വിടണമെന്നതാണ് പൊലീസ് ആവശ്യം. എറണാകുളം അഡീഷണല്‍ സെഷന്‍കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം, ജഡ്ജി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
17കാരന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സൈബര്‍ പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോട് ഈ ലിങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയിട്ടുണ്ട്.അത് ലഭിച്ചാല്‍ നോട്ടീസ് അയക്കുന്നതുള്‍പ്പടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates