തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വം, അന്തസ്സ്, നീതി എന്നിവയ്ക്കായുള്ള സ്ത്രീകളുടെ ചരിത്രപരമായ പോരാട്ടങ്ങളെ ആദരിക്കുന്നു. സ്ത്രീകളുടെ പുരോഗതി സമൂഹത്തിന്റെ പുരോഗതിയാണ്, അതാകണം മുന്നോട്ടുള്ള പാതയെ നയിക്കേണ്ടത് എന്നും എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.
രാജ്യത്തെ ആദ്യത്തെ വനിതാ- ശിശു ക്ഷേമ വകുപ്പ് സ്ഥാപിക്കുന്നത് മുതല്‍ ലിംഗ ബജറ്റിങ്ങ് വരെ, സ്ത്രീ ശാക്തീകരണവും സാമൂഹിക നീതിയും ശക്തിപ്പെടുത്തുന്ന ജനകേന്ദ്രീകൃത നയങ്ങള്‍ കേരളം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകും. സ്ത്രീകള്‍ക്ക് ഭയമില്ലാതെ ജീവിക്കാനും, ആത്മവിശ്വാസത്തോടെ അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനും, എല്ലാ മേഖലകളിലും പൂര്‍ണ്ണമായി പങ്കെടുക്കാനും കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കണം. എന്നും മുഖ്യമന്ത്രി ഊഷ്മളമായ വനിതാദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് പൂർണരൂപം-
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രസ്മരണകൾ പുതുക്കാനും തുല്യനീതിയെക്കുറിച്ചൂള്ള സന്ദേശങ്ങൾ പങ്കുവയ്ക്കാനും സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുമെന്ന് പ്രതിജ്ഞ പുതുക്കാനും ഈ ദിനം നമുക്ക് പ്രചോദനമാകണം. സ്ത്രീകളുടെ പുരോഗതി സമൂഹത്തിൻ്റെ പുരോഗതിയാണെന്ന വ്യക്തമായ രാഷ്ട്രീയ ബോധ്യത്തോടെ വേണം നാം ഈ ദിനത്തെ വരവേൽക്കാൻ.
സ്ത്രീ ശാക്തീകരണവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതിൽ രാജ്യത്തിന് തന്നെ എക്കാലത്തും മാതൃകയാകുന്ന ജനകീയ ബദൽ നയങ്ങളാണ് കേരളത്തിൽ എൽ ഡി എഫ് സർക്കാർ നടപ്പിലാക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി രാജ്യത്താദ്യമായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും ലിംഗ സമത്വത്തിലൂന്നിയ ജെൻ്റർ ബജറ്റ് അവതരിപ്പിച്ചതും സർക്കാരിൻ്റെ ആ നയങ്ങളുടെ ഭാഗമായാണ്. ലിംഗസമത്വ മനോഭാവത്തിലും പൊതു സുരക്ഷയിലും കേരളം രാജ്യത്ത് ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിന്റെയെല്ലാം പ്രതിഫലനമാണ് തൊഴിൽ സേനയിലും ഭരണരംഗത്തുമുള്ള സ്ത്രീകളുടെ വർധിച്ചുവരുന്ന പങ്കാളിത്തം.
സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും നേർക്ക് ഉയരുന്ന വെല്ലുവിളികളെ മറികടന്നു തുല്യനീതിയുടെയും ലിംഗസമത്വത്തിൻ്റേയും പുതിയ കാലം സൃഷ്ടിക്കാൻ നമുക്ക് സാധിക്കണം. അവകാശങ്ങൾക്കായുള്ള സ്ത്രീകളുടെ പോരാട്ടങ്ങൾക്ക് കരുത്തുപകരാൻ സമൂഹം ഒന്നാകെ കൂടെനിൽക്കേണ്ടതുണ്ട്. എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം പൂർണ്ണ തോതിൽ ഉറപ്പാക്കുന്ന, അവർക്ക് നിർഭയമായി ജീവിക്കാനും സ്വപ്നങ്ങൾ വെട്ടിപ്പിടിക്കാനും കഴിയുന്ന ഒരു നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളുമായി നമുക്ക് ഒന്നിച്ച് മുന്നേറാം.
ഏവർക്കും ഹൃദയം നിറഞ്ഞ വനിതാ ദിനാശംസകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates