Retired IFS officer Prakriti Srivastava (left) and Forest Minister Shibu Baby John at the Vana Spandanam Wildlife Week Celebrations held at the State Central Library Hall 
Kerala

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ

301 കോളനിയിലെ കുടിയേറ്റം പ്രകൃതി ശ്രീവാസ്തവയുടെ ശുപാർശയെന്ന് ഷിബു ബേബി ജോൺ; സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് സംസാരിക്കരുതെന്ന് മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥയുടെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന് ആധാരമായ 301 കോളനിയിലെ മനുഷ്യവാസത്തെച്ചൊല്ലി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണും റിട്ടയേർഡ് ഐഎഫ്എസ് ഉദ്യോഗസ്ഥ പ്രകൃതി ശ്രീവാസ്തവയും വേദിയിൽ നേർക്കുനേർ വാക്പോരിൽ. തലസ്ഥാനത്ത് 'കോ എക്സിസ്റ്റൻസ് കളക്ടീവ്' സംഘടിപ്പിച്ച വന്യജീവി വാരാഘോഷ കോൺക്ലേവിൽ ഒരേ വേദി പങ്കിട്ടപ്പോഴാണ് മന്ത്രിയുടെ വാദങ്ങളെ മുൻ ഉദ്യോഗസ്ഥ പരസ്യമായി തള്ളിക്കളഞ്ഞത്.

ചിന്നക്കനാലിലെ വന്യമൃഗ സംഘർഷം മനുഷ്യനിർമ്മിതമാണെന്നും, 2002-ൽ മൂന്നാർ ഡിഎഫ്ഒ ആയിരിക്കെ പ്രകൃതി ശ്രീവാസ്തവ ഹൈറേഞ്ച് സർക്കിൾ ഫോറസ്റ്റ് കൺസർവേറ്റർക്ക് നൽകിയ കത്താണ് 301 കോളനിയിലെ പുനരധിവാസത്തിന് ആധാരമെന്നും മന്ത്രി ഷിബു ബേബി ജോൺ പ്രസംഗത്തിൽ ആവർത്തിച്ചു. തന്റെ മുന്നിലെത്തിയ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ, വേദിയിലിരുന്ന പ്രകൃതി ശ്രീവാസ്തവ ഇതിനെതിരെ തത്സമയം ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തി. പഴയ ഫയലുകളിൽ നിന്ന് സന്ദർഭത്തിന് പുറത്തുള്ള കാര്യങ്ങൾ അടർത്തിയെടുത്ത് പ്രതികരിക്കരുതെന്നും മന്ത്രി വിഷയത്തെക്കുറിച്ച് സമഗ്രമായി പഠിക്കണമെന്നും അവർ തുറന്നടിച്ചു. വനംമന്ത്രിയുടെ ഓഫീസിലും സെക്രട്ടേറിയറ്റിലും ഇതിന്റെ രേഖകൾ ലഭ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

മതികെട്ടാൻ ചോലയിലെ വൻതോതിലുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാലഘട്ടത്തിലാണ് ആ കത്തെഴുതിയത്. അന്ന് മതികെട്ടാൻ സംരക്ഷിക്കുക എന്നതിനായിരുന്നു മുൻഗണന. മാത്രമല്ല, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് അയച്ച ആ കത്ത് വകുപ്പിന്റെ ഒരു ആഭ്യന്തര ആശയവിനിമയം മാത്രമായിരുന്നുവെന്നും യാതൊരു നിയമസാധുതയും അതിനുണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

യഥാർത്ഥത്തിൽ ചിന്നക്കനാലിൽ 559 കുടുംബങ്ങൾക്ക് 257 ഹെക്ടർ ഭൂമി പതിച്ചുനൽകാൻ തീരുമാനിച്ചത് 2003-ൽ മന്ത്രിസഭയാണെന്ന് അവർ ചൂണ്ടിക്കാട്ടി. ആ നീക്കത്തെ താൻ അന്ന് ശക്തമായി എതിർത്തിരുന്നു. ചിന്നക്കനാൽ കാട്ടാനകളുടെ പരമ്പരാഗത സഞ്ചാരപാതയാണെന്നും അവിടെ ജനങ്ങളെ പാർപ്പിച്ചാൽ ഭാവിയിൽ വലിയ മനുഷ്യ-വന്യജീവി സംഘർഷത്തിന് വഴിവെക്കുമെന്നും സർക്കാരിന് രേഖാമൂലം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. മറയൂരിലെ ചന്ദന റിസർവിലേക്ക് ഭൂരഹിതരായ ആദിവാസികളെ മാറ്റിപ്പാർപ്പിച്ച നടപടിയെയും അന്ന് വനംവകുപ്പ് എതിർത്തിരുന്നു.

കുടിയേറ്റം നടന്ന് ഒരു വർഷത്തിനകം തന്നെ ആനകൾ ജനവാസമേഖലയിലൂടെ സഞ്ചരിക്കാൻ തുടങ്ങുകയും സംഘർഷം പതിവാകുകയും ചെയ്തു. തുടർന്ന് സാമ്പത്തികശേഷിയുള്ളവർ അവിടം വിട്ടുപോയെങ്കിലും പാവപ്പെട്ട കുടുംബങ്ങൾ അവിടെത്തന്നെ കുടുങ്ങി. പിന്നീട് റീബിൽഡ് കേരള പദ്ധതിക്ക് കീഴിൽ സ്പെഷ്യൽ ഓഫീസറായിരിക്കെ ചിന്നക്കനാലിലെ കുടുംബങ്ങളെ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും ആനത്താര വീണ്ടെടുക്കാനും താൻ വിശദമായ ശുപാർശ സമർപ്പിച്ചെങ്കിലും സർക്കാർ തുടർനടപടികൾ സ്വീകരിച്ചില്ലെന്നും പ്രകൃതി ശ്രീവാസ്തവ വെളിപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ

കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് വയനാട്ടില്‍

പ്രാരംഭവില 11.80 ലക്ഷം; ഹോണ്ട എലിവേറ്റ് ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്