തിരുവനന്തപുരം: നിയമസഭയില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒരു സംഘടനയെ മാത്രം താറടിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക സംഘടനയെ ചൂണ്ടി വസ്തുതകള്‍ വക്രീകരിക്കരുതെന്നും ഇത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടവരില്‍ അധികവും എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തരമൊരു അനുഭവം കെഎസ് യുവിന് പറയാനുണ്ടോ എന്നും ചോദിച്ചു. ക്യാമ്പസുകളില്‍ സംഘര്‍ഷാവസ്ഥ സംജാതമാകുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ഥി സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും ശ്രമിക്കണം. നിയമസഭയില്‍ എം വിന്‍സെന്റിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ക്യാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന അവസ്ഥ തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഇതുണ്ടാകാന്‍ പാടില്ലായെന്ന വ്യക്തമായ അഭിപ്രായമാണ് സര്‍ക്കാരിനുള്ളതെന്നും ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി പൊലീസ് ആവശ്യമായ ഇടപെടലുകള്‍ നടത്തിവരുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടിമുറിയില്‍ കൂടി വളര്‍ന്നു വന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐ. കെഎസ്‌യു നടത്തിയ ആക്രമണങ്ങളെ വിവിധ തലങ്ങളില്‍ നേരിട്ടുകൊണ്ടാണ് എസ്എഫ്‌ഐ വളര്‍ന്നു വന്നത്. പെട്ടെന്ന് ഉണ്ടായതല്ല. എന്തെല്ലാം അതിക്രമങ്ങള്‍ നേരിടേണ്ടി വന്നു. 35 പേര്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നു. അതിന്റെ രാഷ്ട്രീയ കാരണക്കാരില്‍ പലരും നിങ്ങളാണ്. നിറഞ്ഞു നില്‍ക്കുന്ന പ്രസ്ഥാനത്തെ വല്ലാതെ താറടിച്ചു കാണിക്കേണ്ടത് ആവശ്യമായിരിക്കാം. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടക്കുമ്പോള്‍ അതിനെ ന്യായീകരിക്കുന്നത് തങ്ങളുടെ പണിയല്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
വീഴ്ചകളുണ്ടാകും, വിദ്യാര്‍ഥി ജീവിതമാണ്. ആ പ്രായത്തില്‍ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് അതേ രീതിയിലുള്ള നടപടികളുമായി മുന്നോട്ടു പോകാവുന്നതാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ എന്നായിരുന്നു പ്രചാരണം. എന്നാല്‍ എസ്എഫ്‌ഐക്കാര്‍ ഓഫീസ് വിട്ടിറങ്ങിയ ഘട്ടത്തില്‍ ഗാന്ധി ചിത്രം അവിടെ ഉണ്ട്. അതിന് ശേഷം ഗാന്ധി ചിത്രം തകര്‍ക്കപ്പെട്ടു. ആരാണ് ഗാന്ധി ചിത്രം തകര്‍ത്തത്? അവിടെ ഉണ്ടായിരുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമായിരുന്നു. നാണംകെട്ടരീതിയില്‍ പിന്നെയും അതിനെ ന്യായീകരിക്കാന്‍ നോക്കുകയാണ്. ഗാന്ധി ചിത്രം തകര്‍ത്തത് ശരിയല്ല എന്ന് പറയാനുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസംഗം ക്യാമ്പസുകളില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ നല്‍കുന്ന രാഷ്ട്രീയ പിന്തുണയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു. ഏത് ഇരുണ്ട യുഗത്തിലാണു നിങ്ങള്‍ ജീവിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. എല്ലാ കോളജുകളിലും എസ്എഫ്ഐക്ക് ഇടിമുറികളുണ്ടെന്ന് എ വിന്‍സെന്റ് വിമര്‍ശിച്ചു. പ്രത്യയശാസ്ത്രത്തിന്റെ അല്ല, ഇടിമുറിയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ പ്രവര്‍ത്തനമെന്നും വിന്‍സെന്റ് പറഞ്ഞു. പരാതിയില്ലെന്ന് സാന്‍ജോസിനെ കൊണ്ട് എഴുതി വാങ്ങിച്ചത് റെക്കോര്‍ഡ് ചെയ്തു. പൊലീസുകാര്‍ നോക്കി നില്‍ക്കെ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും വിന്‍സെന്റ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates