മുഖ്യമന്ത്രി പിണറായി വിജയന്‍, തൃശൂര്‍ പൂരം ഫയൽ ചിത്രം
Kerala

'തൃശൂര്‍ പൂരം കലങ്ങിയില്ല': വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൃശൂര്‍ പൂരം കലങ്ങിയിട്ടില്ല എന്ന വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂരം കലങ്ങിയെന്ന് സ്ഥാപിക്കുക സംഘപരിവാറിന്റെ ലക്ഷ്യമാണ്. പ്രതിപക്ഷം ഇതേ വാദം ഉന്നയിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായതുകൊണ്ടാണ്. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

പൂരത്തില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്. ചില ആചാരങ്ങള്‍ ചുരുക്കേണ്ടി വന്നു. വെടിക്കെട്ട് രാവിലെ മാത്രമേ നടന്നുള്ളൂ. ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്ന നടപടിയും ഉണ്ടായെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പൂരം കലക്കൽ പരാമർശത്തിന് എതിരെ സിപിഐ ഉൾപ്പടെ രം​ഗത്തെത്തിയിരുന്നു. പിന്നാലെ പൂരം കലക്കലിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍, ഗൂഢാലോചന, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കാലങ്ങളായി ജാതിമത രാഷ്ട്രീയഭേദമെന്യേ ആഘോഷിച്ചു വരുന്ന തൃശൂര്‍ പൂരത്തെ അലങ്കോലപ്പെടുത്തി, സമൂഹത്തിന്റെ ഒരു വിഭാഗത്തിലെ മതവിശ്വാസങ്ങളെയും വികാരങ്ങളെയും അവഹേളിക്കുകയും വ്രണപ്പെടുത്തുകയും ചെയ്തു, സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്നതിനായി കുറ്റകരമായ ഗൂഢാലോചന നടത്തി, 2024 ഏപ്രില്‍ മാസം 20 -ാം തീയതി നടന്ന തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്നതിന് പ്രതികള്‍ പരസ്പരം സഹായിക്കുകയും ഉത്സാഹിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തതു സംബന്ധിച്ച അന്വേഷണം എന്നാണ് എഫ്‌ഐആറിലെ ചുരുക്കം എന്നു രേഖപ്പെടുത്തിയിട്ടുള്ളത്.

തൃശൂര്‍ പൂരം കലങ്ങിയില്ലെന്നും, ചടങ്ങുകളെല്ലാം യഥാവിധി നടന്നെന്നും, വെടിക്കെട്ട് വൈകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകളെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തു വന്നിരുന്നു. എന്നാല്‍ പൂരം അലങ്കോലപ്പെട്ടുവെന്നും, പൂരം കലക്കാന്‍ ഗൂഢാലോചന നടന്നുവെന്നുമാണ് സിപിഐ ആരോപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത