പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ഇരയാര് എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. കേസിന്റെ വിധി വരാതെ ഒന്നും പറയാനാവില്ല. കോടതിയാണ് കുറ്റക്കാരനാണോയെന്ന് പറയേണ്ടത്. സത്യത്തിനൊപ്പമാണ് താനെന്നും നില്‍ക്കുന്നതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. സിപിഐയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി ഇപ്പോള്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അതിജീവിതന്റെ ഒപ്പമാണ് താന്‍. അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ. അദ്ദേഹത്തിനൊപ്പമാണ്. പിന്നെ സത്യത്തിനൊപ്പവും. അത് അവള്‍ക്കൊപ്പമാണോ അവനൊപ്പമാണോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും ശ്രീനാദേവി കുഞ്ഞമ്മ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
കൂടുതല്‍ റേറ്റിങ്ങ് കിട്ടുന്നു എന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ ഈ കേസിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്. നിയമസഭ സാമാജികന്‍, ജനപ്രതിനിധി എന്നീ നിലകളില്‍ പ്രാധാന്യം കൊടുക്കേണ്ടതു തന്നെയാണ്. പക്ഷെ ഇത്രയധികം കഥകള്‍ പറയുമ്പോള്‍, ഇല്ലാക്കഥകള്‍ പറയുന്നുണ്ടോയെന്ന് മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. ചില മാധ്യമങ്ങള്‍ അജണ്ട വെച്ച് രാവിലെ മുതല്‍ നടത്തുന്ന കഥാപ്രസംഗങ്ങളില്‍ വാസ്തവവും വസ്തുതയും എത്രമാത്രം ഉണ്ട് എന്നു ബോധ്യപ്പെടേണ്ടതാണ്.
അവനവന്റെ വിഷയങ്ങളിലും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഷയങ്ങളിലുമെല്ലാം ഈ കരുതലും കരുണയും വരുന്നുണ്ടോയെന്ന് മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. അതല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികത എവിടെയോ കുറഞ്ഞതായി മനസ്സിലാക്കണം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒരു കേസില്‍ പീഡനാരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
അറസ്റ്റ് ചെയ്യപ്പെടാനിടയാക്കിയ മൂന്നാമത്തെ കേസില്‍, പീഡന സംഭവം ഉണ്ടായശേഷവും ഫ്‌ലാറ്റ് വാങ്ങിക്കൊടുത്തു, വില കൂടിയ ചെരുപ്പു വാങ്ങിക്കൊടുത്തു എന്നു പറയുമ്പോള്‍ ഏതൊരാള്‍ക്കും അസ്വാഭാവികത തോന്നാന്‍ സാധ്യതയുണ്ട്. ഇതില്‍ വസ്തുത കണ്ടെത്തേണ്ടിയിരിക്കുന്നു. വിവാഹിതര്‍ ബന്ധത്തിന്റെ മൂല്യവും പവിത്രതയും മനസ്സിലാക്കി ജീവിക്കേണ്ടതുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates