കൊല്ലം: സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച കുട്ടികളെക്കൊണ്ട് മുഖ്യമന്ത്രിക്കെതിരായ പൂക്കിമോന്‍ ബാനര്‍ പിടിപ്പിച്ച സംഭവം വിവാദത്തില്‍. ചവറ ഗുഹാനന്ദപുരം സ്‌കൂളിലെ യു പി വിഭാഗം കുട്ടികളെ കൊണ്ടാണ് 'നീ പോടാ പൂക്കി മോനേ' എന്ന് എഴുതിയ എസ്എഫ്‌ഐ ബാനര്‍ പിടിപ്പിച്ചത്. 'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം' എന്ന ബാനറാണ് പിടിച്ചത്.
എസ്എഫ്‌ഐ ഗുഹാനന്ദപുരം സ്‌കൂള്‍ യൂണിറ്റ് കമ്മിറ്റിയുടെ പേരിലായിരുന്നു ബാനര്‍. സംഭവം വിവാദമായതോടെ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. അതേസമയം, എസ്എഫ്‌ഐ പ്രാദേശിക നേതാക്കന്മാരുടെ നടപടിയെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം രംഗത്തെത്തി. ബാനര്‍ പിടിച്ചതിനെ തെറ്റായി കാണുന്നില്ലെന്ന് ചിന്ത പറഞ്ഞു.
പോസ്റ്ററില്‍ 'പൂക്കി' എന്ന വാക്ക് പ്രയോഗിച്ചത് അപരാധമായി കാണുന്നില്ല. 'ജെന്‍ സി വളരെ പോസിറ്റീവായി ഉപയോഗിക്കുന്ന വാക്കാണ് പൂക്കി. പൂക്കി എന്നാല്‍ ക്യൂട്ട്‌നെസ് അല്ലേ? അതൊരു മോശം വാക്ക് അല്ല. വിദ്യാര്‍ഥികള്‍ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലും അപ്പോള്‍ തന്നെ പ്രതികരിക്കുന്നവരാണ്. സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായുള്ള ഒരു സാധാരണ പ്രതികരണം മാത്രമാണ് ആ പോസ്റ്ററിലൂടെ ഉണ്ടായതെന്നും ചിന്ത ജെറോം പറഞ്ഞു.
സമൂഹമാധ്യമങ്ങളിലും വിവാദം കൊഴുക്കുന്നു
എസ്എഫ്‌ഐ ബാനറിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിലും വാദപ്രതിവാദങ്ങള്‍ തുടരുന്നു. മുന്‍മന്ത്രി കെ കെ ശൈലജയെ ശൈ ലജ്ജേ... എന്നു വിളിച്ചുകൊണ്ടുള്ള കെഎസ് യുവിന്റെ പഴയ ബാനറാണ് സിപിഎം അണികള്‍ പകരം ഉയര്‍ത്തിക്കാണിക്കുന്നത്. പിണറായി വിജയനെ 'പരനാറി', 'പെണ്‍റായി' എന്നൊക്കെ തുടങ്ങി കേട്ടാലറയ്ക്കുന്ന തെറികള്‍ വിളിപ്പിച്ചും, കേരളത്തിലെ ഇടതുപക്ഷ നേതാക്കളെ മുഴുവന്‍ ഇരട്ടപ്പേരിട്ടും അപമാനിച്ചവരാണ് ഇപ്പോള്‍ മുഖ്യമന്ത്രി സതീശനെ വിദ്യാര്‍ത്ഥികള്‍ 'പൂക്കി' എന്ന് വിളിച്ചുവെന്ന് പറഞ്ഞ് കിടന്ന് മോങ്ങുന്നത് എന്നാണ് സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ അഭിപ്രായപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates