പാലക്കാട്: ഗുരുതര ക്രിമിനല്‍ കേസുകളിലെ ക്രിമിനലുകള്‍ക്കും ഇരകള്‍ക്കും സാക്ഷികള്‍ക്കും ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കുന്നതില്‍ സംസ്ഥാന ഭരണകൂടങ്ങള്‍ വീഴ്ച വരുത്തുന്നതായി നെന്മാറ ഇരട്ടക്കൊലപാതക കേസിലെ വിധി ന്യായത്തില്‍ കോടതി നിരീക്ഷണം. സാക്ഷി സംരക്ഷണ സംവിധാനം കടലാസില്‍ ഒതുങ്ങരുതെന്നും അത് കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു.
നെന്മാറ കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയും സംഭവ സ്ഥലത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തെങ്കിലും ഈ വ്യവസ്ഥ ലംഘിച്ച പ്രതിക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും ഈ അനാസ്ഥയാണ് കുടുംബത്തെ ദുരിതത്തിലേയ്്ക്ക് എത്തിച്ചതെന്നും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
സാക്ഷി സംരക്ഷണം ഔപചാരിക നടപടിയല്ല. ഭീഷണിയുടെ സ്വഭാവം വിലയിരുത്തി തുടര്‍ച്ചയായി സുരക്ഷാ ക്രമീകരണങ്ങള്‍ പുനഃപരിശോധിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി നിര്‍ദേശ പ്രകാരം 2018 മുതല്‍ രാജ്യത്ത് വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം നിലവിലുണ്ട്. ഭീഷണി നേരിടുന്ന ഇരകള്‍ക്കും സാക്ഷികള്‍ക്കും ബന്ധപ്പെട്ട അതോറിറ്റിയെ സമീപിച്ചു സംരക്ഷണം തേടാന്‍ നിയമമുണ്ട്. അപേക്ഷ ലഭിച്ചാല്‍ പൊലീസ് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമായ സുരക്ഷാ നടപടികള്‍ തീരുമാനിക്കുന്നത്. എന്നാല്‍ നിലവിലുള്ള നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണെന്ന് കോടതി വിലയിരുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates