തിരുവനന്തപുരം: യുഡിഎഫിന്റെ ഭരണം കേരളത്തെ പിറകോട്ടേക്ക് നയിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒരു മാസം പൂര്‍ത്തിയാവുകയാണ്. ഇതുവരെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലം എല്‍ഡിഎഫ് നടത്തിയ ബദല്‍ നയങ്ങളെയാകെ തകര്‍ക്കുന്നതാണെന്ന് ധവളപത്രം വ്യക്തമാക്കുന്നുണ്ട് എന്ന് സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനവനയിൽ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അവയ്‌ക്കെതിരായുള്ള വിമര്‍ശനങ്ങള്‍ പോലും ഒഴിവാക്കുന്ന സ്ഥിതിയുണ്ടായിട്ടുള്ളത്. സ്വകാര്യവല്‍ക്കരണത്തിന്റെ അജണ്ടയിലേക്ക് കേരളത്തെ കൊണ്ടുപോകുന്നതിനുള്ള നയപരിപാടികളാണ് അതിലുള്ളത് എന്ന് വ്യക്തമാകും എന്നും സിപിഎം പ്രസ്‌താവനയില്‍ പറഞ്ഞു.
വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്ലാത്ത പത്ത് വര്‍ഷമാണ് കേരളം കടന്നുപോയത്. എന്നാല്‍, വര്‍ഗ്ഗീയ ശക്തികളുമായി സമരസപ്പെട്ടുപോകുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ജനഗണമന ഒഴിവാക്കി വന്ദേമാതരത്തെ പ്രതിഷ്‌ഠിച്ചതിലൂടെ ഇക്കാര്യം വ്യക്തമാണ്.
മഹാത്മാഗാന്ധിജിയുടെ പേരിലുള്ള സര്‍വ്വകലാശാലയില്‍ ആര്‍.എസ്.എസ് സംഘടനാ നേതാവിനെ വൈസ് ചാന്‍സിലറായും, സെനറ്റില്‍ 19 ആര്‍.എസ്.എസുകാരെ ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്‌തിട്ടും യുഡിഎഫിന് മിണ്ടാട്ടമില്ലാത്തത് തെരഞ്ഞെടുപ്പലുണ്ടാക്കിയ പരസ്‌പര ബന്ധം തുടരുന്നു എന്നതിനാലാണ് എന്നും സിപിഎം സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
വാഗ്‌ദാനങ്ങളുടെ പരമ്പരയായിരുന്നു യുഡിഎഫ് മുന്നോട്ടുവെച്ചത്. 21,000 രൂപ ആശാ വര്‍ക്കര്‍മാര്‍ക്ക് എന്നുള്ളത് നടന്നില്ല. എല്ലാ കെ.എസ്.ആര്‍.ടി.സി ബസ്സിലും സ്‌ത്രീകള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ സൗജന്യ യാത്ര എന്ന വാഗ്‌ദാനം പാലിച്ചില്ല. കുട്ടികളുടെ കെ.എസ്.ആര്‍.ടി.സി പാസ്സിന്റെ തുക 10-ല്‍ നിന്നും 110 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്‌തു.
അഞ്ച് വര്‍ഷ ശമ്പള പരിഷ്‌ക്കരണമെന്നത് അട്ടിമറിക്കപ്പെടുകയാണ്. ലീവ് സറണ്ടര്‍ തന്നെ ഇല്ലാതാക്കിയിരിക്കുന്നു. സ്ഥലം മാറ്റത്തിലുള്ള മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. ക്ഷേമ പെന്‍ഷനുകളും, സ്‌ത്രീ സുരക്ഷാ പെന്‍ഷനുകളും തകിടം മറിഞ്ഞിരിക്കുകയാണ്.
എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികളേയും കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അത്തരം ശക്തികളുടെയെല്ലാം സമ്മര്‍ദ്ദത്തില്‍ മുന്നോട്ടുപോകേണ്ട സ്ഥിതിയിലാണ് യുഡിഎഫ് നില്‍ക്കുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ട ഈ പ്രവണത വിവിധ രൂപങ്ങളില്‍ തുടരുകയാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ തന്നെ ദേവസ്വം ബോര്‍ഡിന്റെ ലീഗല്‍ അഡൈ്വസറായി നിയമിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ നിയമനങ്ങള്‍ പൊതുസമൂഹത്തില്‍ എത്തുമ്പോഴേക്കും പിന്‍വലിക്കേണ്ട സ്ഥിതിയും രൂപപ്പെടുന്നത് ഇതിന്റെ ഫലമായാണ്.
2016-ല്‍ തകര്‍ന്നുകിടന്ന കേരളത്തെ മുന്നോട്ടുകൊണ്ടുപോവുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്‌തത്. അതിദാരിദ്ര്യം പരിഹരിക്കപ്പെട്ടത് അതിന്റെ ഫലമായാണ്. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആഗോളവല്‍ക്കരണ നയങ്ങളും, വര്‍ഗ്ഗീയ അജണ്ടകളും കേരളത്തെ ഏറെ പിറകോട്ട് നയിക്കുന്നതാണ്.
തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കാതെയും, കേരളത്തിന്റെ പൊതുവായ നേട്ടങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ എന്ന് ഓരു മാസം കൊണ്ട് തന്നെ വ്യക്തമായിരിക്കുകയാണ്. ഇതിനെതിരെ ജനാധിപത്യ ശക്തികള്‍ മുന്നോട്ട് വരണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates