കൊച്ചി: ഇന്ത്യ സഖ്യയോഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംവുമായി ബന്ധപ്പെട്ട സിപിഎം വിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാല്‍ രംഗത്ത്. സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുലിനെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും മുഖം മോശമായതിന് കണ്ണാടി പൊട്ടിക്കുന്നതിന് തുല്യമാണിതെന്നും വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിന് പുറത്ത് സിപിഎമ്മിന്റെ ആശ്രയം കോണ്‍ഗ്രസ് മാത്രമാണ്്. ദേശീയതലത്തില്‍ പൊതുനിലപാടില്ലാതെ, പ്രാദേശിക അജണ്ടകള്‍ മാത്രം നോക്കുന്ന സങ്കുചിത രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാതെ, പാര്‍ട്ടിയുടെ തകര്‍ച്ചയെക്കുറിച്ച് ആത്മപരിശോധന നടത്താനാണ് സിപിഎം നേതാക്കള്‍ തയ്യാറാകേണ്ടതെന്നും കെ സി വേണുഗോപാല്‍ പറയുന്നു.
പിണറായി വിജയനെ ആലിംഗനം ചെയ്യാനാവില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ സഖ്യയോഗത്തിലെ പരാമര്‍ശത്തിനെതിരെയായിരുന്നു സിപിഎമ്മും സിപിഐയും രംഗത്തെത്തിയത്. തിങ്കളാഴ്ച ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തിലാണ്, പിണറായി വിജയനെ തനിക്ക് ആലിംഗനം ചെയ്യാനാവില്ലെന്നും കേരളത്തില്‍ അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത്. പിന്നാലെ താനും രാഹുലും പരസ്പരം വണങ്ങുകയാണ് ചെയ്യാറ്, രാഹുല്‍ മോദിയെ കെട്ടിപിടിക്കുന്നത് കണ്ടു, രാഹുലും കോണ്‍ഗ്രസും ബിജെപിയെ സഹായിക്കുന്ന നിലപാടില്‍, ഇത് ഇന്ത്യ മുന്നണിയെ സഹായിക്കുന്നതല്ലെന്നും പിണറായി വിജയനും പ്രതികരിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ല. മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത് പോലെയുളള അബദ്ധമായേ സിപിഎമ്മിന്റെ രാഹുല്‍ വിരുദ്ധ പരാമര്‍ശങ്ങളെ കാണുന്നുളളു, കേരളം വിട്ടാല്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പിന്തുണ കൊണ്ട് മാത്രം പാര്‍ലമെന്റില്‍ അംഗത്വം നിലനിര്‍ത്തുന്ന പാര്‍ട്ടിയായി മാറിയ സിപിഎം രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത് തികഞ്ഞ പരിഹാസ്യമാണ്. രാജസ്ഥാനിലായാലും തമിഴ്‌നാട്ടിലായാലും രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി വിജയിച്ചവരാണ് ഇപ്പോള്‍ അദ്ദേഹത്തെ ഇ.ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്.
പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവാണ് രാജ്യത്തെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്നത് എന്നത് ജനാധിപത്യത്തിലെ അടിസ്ഥാന കാര്യമാണ്. ഈ വസ്തുത ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ, സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടുത്തുന്ന സി.പി.എം നേതൃത്വം രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ പോലും പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന അവരുടെ രാഷ്ട്രീയ അപകര്‍ഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നത്. കേരളത്തിലെ ദയനീയ പരാജയമാണ് സിപിഎമ്മിനെ കൊണ്ട് ഇതൊക്കെ പറയിക്കുന്നതെന്ന് രാഷ്ട്രീയം മനസിലാക്കുന്ന ആര്‍ക്കും മനസിലാകും.
പരാജയത്തിന്റെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് പകരം രാഹുല്‍ ഗാന്ധിക്ക് മേല്‍ കുതിരകയറാന്‍ നിന്നാല്‍ ഇതിലും വലിയ പരാജയങ്ങളായിരിക്കും സിപിഎമ്മിനെ കാത്തിരിക്കുന്നത്. ഇന്ത്യ മുന്നണി എന്നത് ബി.ജെ.പിയുടെ ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചെടുക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യില്‍ രൂപീകരിച്ച വിശാലമായ വേദിയാണ്.ബിജെപിയെ അധികാര ഭ്രഷ്ടരാക്കുക എന്ന ലക്ഷ്യത്തിലാണ് സഖ്യം രൂപപ്പെട്ടത്.സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിക്ക് സഖ്യ രൂപീകരണ ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായി ബോധ്യമുണ്ടായിരുന്നു.
അധികാരത്തോടുള്ള ആര്‍ത്തി കൊണ്ടല്ല, മറിച്ച് തമിഴ്‌നാട്ടില്‍ ബി.ജെ.പി നടപ്പിലാക്കാന്‍ ശ്രമിച്ച രാഷ്ട്രപതി ഭരണം ഒഴിവാക്കാനും മതേതര സര്‍ക്കാര്‍ രൂപീകരിക്കാനും വേണ്ടിയാണ് കോണ്‍ഗ്രസ് അവിടെ ടി.വി.കെയുമായി തിരഞ്ഞെടുപ്പിന് ശേഷം സഹകരിച്ചത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഇതേ രാഷ്ട്രീയ നിലപാട് തന്നെയാണ് പിന്നീട് അവിടെ സി.പി.എമ്മും പിന്തുടര്‍ന്നതെന്ന കാര്യം അവര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണ്. കോണ്‍ഗ്രസ് എക്കാലത്തും രാജ്യത്തിന്റെ പൊതുവായ വിശാല താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, സങ്കുചിതമായ കാഴ്ചപ്പാടുകളാണ് സി.പി.എമ്മിനെ നയിക്കുന്നത്.
രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്ന ബി.ജെ.പിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് രാഹുല്‍ ഗാന്ധി നയിക്കുന്നത്. വ്യക്തിപരമായി രാഹുല്‍ ഗാന്ധിതന്നെ അതിന്റെ ഇരയാണ്. എന്നാല്‍ ദേശീയതലത്തില്‍ ഒരു പൊതുനിലപാടില്ലാതെ, തങ്ങളുടെ സംസ്ഥാനങ്ങളിലെ പ്രാദേശിക അജണ്ടകള്‍ മാത്രം നോക്കുന്ന സങ്കുചിത രാഷ്ട്രീയമാണ് സി.പി.എം ഇന്ന് പയറ്റുന്നത്. ഈ ഇടുങ്ങിയ കാഴ്ചപ്പാട് കൊണ്ടാണ് ബംഗാളിലുള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് കാണുന്ന രൂപത്തില്‍ തകര്‍ന്നടിഞ്ഞത്. രാഹുല്‍ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം പാര്‍ട്ടിയുടെ ഈ തകര്‍ച്ചയെക്കുറിച്ച് ആത്മപരിശോധന നടത്താനാണ് സി.പി.എം നേതാക്കള്‍ തയ്യാറാകേണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates