കണ്ണൂർ : ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും ഉള്‍പ്പെടെയുള്ള വിമതസ്വരങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കടുത്ത ജാഗ്രത പാലിക്കാന്‍ സിപിഎം നിര്‍ദേശം. തളിപ്പറമ്പില്‍ ഇന്നു നടക്കുന്ന ഇടതുസ്ഥാനാര്‍ത്ഥി പി കെ ശ്യാമളയുടെ മണ്ഡലം കണ്‍വെന്‍ഷനില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയിലെ എതിര്‍പ്പ് തള്ളിയാണ് ഭാര്യ പി കെ ശ്യാമളയെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദന്‍ ആരോപിച്ചത്.
ഇന്നലെ മലപ്പട്ടത്ത് പ്രതിഷേധ പ്രകടനങ്ങളും, രാഷ്ട്രീയ വിശദീകരണ യോഗങ്ങളും നടന്നിരുന്നു. പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദനെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. ഗോവിന്ദന്‍ പാര്‍ലമെന്ററി വ്യാമോഹത്തിന്റെ ചെളിക്കുണ്ടില്‍ വീണുപോയെന്നാണ് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കുറ്റപ്പെടുത്തിയത്.
എംവി ഗോവിന്ദന്റെ താല്‍പ്പര്യമാണ് പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കെ കെ രാഗേഷ് നടപ്പാക്കിയതെന്നാണ് ടി കെ ഗോവിന്ദന്‍ ആരോപിക്കുന്നത്. കെ കെ രാഗേഷിന് മൂത്രമൊഴിക്കാന്‍ പോകണമെങ്കില്‍ പോലും എംവി ജയരാജന്റെ അനുമതി വേണം. അത്രയ്ക്ക് കെല്‍പ്പില്ലാത്ത ആളാണെന്നും ടി കെ ഗോവിന്ദന്‍ പരിഹസിച്ചു. എംവി ജയരാജന്‍ കള്ളക്കണക്കുണ്ടാക്കാന്‍ വിദഗ്ധനാണെന്നും ടി കെ ഗോവിന്ദന്‍ ആരോപിച്ചിരുന്നു.
തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ടി കെ ഗോവിന്ദന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ബിജെപി, ജമാഅത്തെ ഇസ്ലാമി ഒഴികെ എല്ലാവരുടെ പിന്തുണയും സ്വീകരിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. പയ്യന്നൂരില്‍ ടിവി മധുസൂദനന്‍ എംഎല്‍എ, രക്തസാക്ഷി ഫണ്ട് വെട്ടിപ്പു നടത്തിയെന്ന് ആരോപിച്ചാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണന്‍ രംഗത്തുവന്നത്. സിപിഎം വിട്ട കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാന്‍ ആര്‍എസ്പി തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates