kannadi viswanathan 
Kerala

'സിഐഡി മൂസ'യുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

10 കൊല്ലം കൊണ്ട് 125 പുസ്തകങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഹോളിവുഡില്‍ 'ജുറാസിക് പാര്‍ക്ക്' റിലീസ് ചെയ്യുന്നതിനു രണ്ട് പതിറ്റാണ്ട് മുന്‍പാണ് 'രാക്ഷസപ്പല്ലികള്‍' മലയാളത്തില്‍ ചിത്രകഥയായി പ്രത്യക്ഷപ്പെട്ടത്. ആ കഥകളുടേയും 'സിഐഡി മൂസ', 'ഇരുമ്പുകൈ മായാവി' തുടങ്ങിയ നിത്യഹരിത ഡിറ്റക്ടീവ് കഥാപാത്രങ്ങളുടേയും സ്രഷ്ടാവ് കണ്ണാടി വശ്വനാഥന്‍ (93) അന്തരിച്ചു.

കണ്ണാടി പ്രഭാമന്ദിരത്തില്‍ വിശ്വനാഥന്‍ നായര്‍ എന്ന കണ്ണാടി വിശ്വനാഥന്‍ ചെന്നൈയില്‍ 20 വര്‍ഷം തയ്യല്‍ ജോലി ചെയ്ത ശേഷം എഴുപതുകളില്‍ പാലക്കാട്ടെത്തി കുന്നത്തൂര്‍മേട്ടില്‍ അച്യുതന്‍ ബുക്ക് ഹൗസിനു സമീപം തയ്യല്‍ക്കട ആരംഭിച്ചതാണ് മലയാളത്തിലെ ചിത്രകഥാ സാഹിത്യത്തില്‍ വഴിത്തിരിവായത്. അന്ന് ഒറ്റ രൂപാ നോവലുകളിലൂടെ പ്രശസ്തമായിരുന്നു അച്യുതന്‍ ബുക്ക് ഹൗസിന്റെ ഉടമ എ അച്യുതന്‍ മലയാളത്തില്‍ പുതിയ അപസര്‍പ്പക ചിത്രകഥകള്‍ക്കുള്ള സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ വിശ്വനാഥന്റെ ഭാവന ചിറകുവിരിച്ചു. 10 കൊല്ലം കൊണ്ട് 125 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഓരോന്നും 10,000 കോപ്പി അച്ചടിച്ചിട്ടുണ്ട്.

മലയാളികളുടെ ബാല്യകാല വായനകളെ രസകരമായ കുറ്റാന്വേഷണങ്ങളും അത്ഭുതലോകങ്ങളും കൊണ്ട് നിറച്ച ചിത്രകഥാകൃത്താണ് കണ്ണാടി വിശ്വനാഥൻ. ‘സിഐഡി മൂസ’, ‘ഇരുമ്പുകൈ മായാവി’, ‘സിഐഡി മഹേഷ്’, ‘റിവോൾവർ റിങ്കോ’ തുടങ്ങി ഒരുകാലത്ത് മലയാളി കുട്ടികളെയും യുവാക്കളെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയ ചിത്രകഥകളാണ്. 1960-കളിലും എഴുപതുകളിലും മലയാളത്തിലെ വായനാശീലത്തെ തന്നെ മാറ്റിമറിച്ച ഒരു ജനപ്രിയ സാംസ്കാരിക പ്രവാഹത്തിന്റെ ഭാഗമായിരുന്നു കണ്ണാടി വിശ്വനാഥന്റെ കഥകൾ. സിനിമയിലും ടെലിവിഷനിലും പിന്നീട് ജനപ്രിയമായ പല ആശയങ്ങളും കഥാപാത്രങ്ങളും മലയാളി ആദ്യമായി കണ്ടത് അദ്ദേഹത്തിന്റെ കഥകളിലൂടെയായിരുന്നു.

ഇരുമ്പുകൈ മായാവി, സർപ്പദ്വീപ്, മഞ്ഞുകട്ട രഹസ്യം തുടങ്ങിയ വിവർത്തനങ്ങളിലൂടെ തുടക്കം കുറിച്ച അദ്ദേഹം പിന്നീട് സ്വന്തം കഥാപാത്രങ്ങളെയും കഥാപ്രപഞ്ചങ്ങളെയും സൃഷ്ടിച്ചു. ‘മാന്ത്രിക വാളും വിചിത്ര പാമ്പുകളും’ പോലുള്ള കഥകളിൽ അമൂല്യ നിക്ഷേപങ്ങൾ കാക്കാൻ സൃഷ്ടിക്കപ്പെടുന്ന ഭീകരജീവികളെ അദ്ദേഹം ഭാവനയിൽ തീർത്തിരുന്നു. ഈ കഥയിലാണ് അമൂല്യ രത്‌നങ്ങളും ധാതുനിക്ഷേപങ്ങളും സ്വന്തമാക്കാന്‍ കൊള്ളക്കാര്‍ രാക്ഷസപ്പല്ലികളെ സൃഷ്ടിക്കുന്നതായി സങ്കല്‍പ്പിച്ചത്.

സിനിമയിലൂടെ പുതിയ തലമുറ പരിചയപ്പെട്ട സിഐഡി മൂസ എന്ന കഥാപാത്രത്തെ മലയാളി ആദ്യമായി കണ്ടതു കണ്ണാടി വിശ്വനാഥന്റെ കഥകളിലൂടെയാണ്. ഇടയ്ക്ക് കഥയില്‍ മൂസയെ ഒഴിവാക്കിയപ്പോള്‍ പത്രാധിപര്‍ക്ക് വായനക്കാരുടെ ഭീഷണി കത്തു വരെ വന്നു.മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ, സ്വിച്ച് അമർത്തുമ്പോൾ മറിഞ്ഞുമറിയുന്ന കെട്ടിടങ്ങൾ, ദുരൂഹ ദ്വീപുകൾ, രഹസ്യശാസ്ത്ര പരീക്ഷണങ്ങളടക്കം കുട്ടികളുടെ സങ്കൽപ്പശക്തിയെ വളർത്തിയ ഒട്ടേറെ ലോകങ്ങൾ അദ്ദേഹത്തിന്റെ കഥകളിൽ ജീവിച്ചു.

ചിത്രകഥകളുടെ സുവർണ്ണ കാലം അവസാനിച്ചപ്പോൾ പോലും വിശ്വനാഥൻ ജീവിതത്തോട് നിരാശനായില്ല. അദ്ദേഹം വീണ്ടും തയ്യൽ ജോലിയിലേക്ക് മടങ്ങി. 1983-ൽ പുറത്തിറങ്ങിയ ‘ശൂന്യാകാശത്തിലെ ക്ഷുദ്രജീവികൾ’ ആയിരുന്നു അവസാന ചിത്രകഥ.

എലപ്പുള്ളി പായിക്കാട്ട് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍. ഭാര്യ പെരുവെമ്പ് എമ്പനത്ത് ശാരദ. മക്കള്‍: രേണുക, ശോഭ. മരുമക്കള്‍: അരവിന്ദന്‍, ഹരിപ്രസാദ്.

creator of cid moosa: kannadi viswanathan passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ ജൂണ്‍ 21 ന്

VD Satheesan Cabinet Live: സത്യപ്രതിജ്ഞ ആഘോഷമാക്കാന്‍ യുഡിഎഫ്

അടി, ആവേശം, ആഘോഷം; ബേസിൽ- ടൊവിനോ ചിത്രം 'അതിരടി' ആദ്യ ദിനം എത്ര നേടി ?

നല്ല രുചിയും വിലക്കുറവും; സെൻട്രൽ ജയിൽ അന്തേവാസികളുടെ കൈപ്പുണ്യം കടൽ കടക്കുന്നു; വിമാനത്താവളത്തിലും രുചിമേള

'ധുരന്ധർ 2', 'ഡർബി'; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

SCROLL FOR NEXT