കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിനു കാരണം നടൻ ദിലീപിന്റെ ചില സാമ്പത്തിക താത്പര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവൻ. അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് കാവ്യ ആരോപണങ്ങൾ നിഷേധിച്ചത്. ഇന്നലെ ആലുവയിലുള്ള ദിലീപിന്റെ പത്മസരോവരം വീട്ടിലാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്.
അതിജീവിതയായ നടിയും കാവ്യ മാധവനും തമ്മിലുള്ള വ്യക്തി വിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദരി ഭർത്താവ് ടിഎൻ സൂരാജിന്റെ ശബ്ദ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക താത്പര്യങ്ങൾ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചിരുന്നു. കേസിന്റെ തുടരന്വേഷണത്തിൽ ഇതുസംബന്ധിച്ചു ലഭിച്ച പുതിയ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യയെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
എന്നാൽ പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു. അതേസമയം കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകൾ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന നിലപാടാണു കാവ്യ പലപ്പോഴും സ്വീകരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു 12.45 നു തുടങ്ങിയ ചോദ്യം ചെയ്യൽ ചെറിയ ഇടവേള സഹിതം നാല് മണി വരെ നീണ്ടു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി എംപി മോഹനചന്ദ്രൻ, പീഡനക്കേസിൽ തുടരന്വേഷണം നടത്തുന്ന ഡിവൈഎസ്പി ബൈജു എം പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു കാവ്യയെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബിൽ ഹാജരാവണമെന്നു കാണിച്ചു ക്രൈംബ്രാഞ്ച് രണ്ട് തവണ കാവ്യയ്ക്കു നോട്ടീസ് നൽകിയിരുന്നു. എന്നാൽ കേസിലെ സാക്ഷിയെന്ന നിലയ്ക്കു തന്നെ വീട്ടിൽ വച്ചു ചോദ്യം ചെയ്യണമെന്ന നിലപാടാണു കാവ്യ സ്വീകരിച്ചത്.
ഇന്നലത്തെ ചോദ്യം ചെയ്യലിനിടെ കാവ്യാ മാധവൻ നൽകിയ മൊഴികളിലെ പഴുതുകളും പൊരുത്തക്കേടുകളും അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും. ക്രൈംബ്രാഞ്ച് എഡിജിപി അടക്കമുളളവരുടെ അനുമതിയോടെയാകും തുടർ നടപടികൾ.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates