കൊച്ചി: അപവാദ പ്രചാരണവും സൈബർ ആക്രമണവും ചൂണ്ടിക്കാട്ടി സിപിഎം നേതാവ് കെ ജെ ഷൈൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഇന്ന് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നതിനു പുറമെ ഐടി ആക്ടിലെ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് കെ ജെ ഷൈന്റെ പറവൂരിലെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു.
മെട്രോവാർത്ത ദിനപത്രം, അഞ്ച് കോണ്‍ഗ്രസ് അനുകൂല വെബ്പോർട്ടലുകള്‍, ഒട്ടേറെ യുട്യൂബ് ചാനലുകൾ, വ്യക്തിഗത സമൂഹമാധ്യമ അക്കൗണ്ടുകൾ തുടങ്ങിയവയ്ക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. ഷൈനിൽ നിന്ന് വിശദമായ മൊഴിയെടുത്ത ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അപവാദം പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങളുടെ ലിങ്കുകൾ, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ തുടങ്ങിയവ ഷൈൻ അന്വഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.
പറവൂർ സ്വദേശിയായ കോണ്‍ഗ്രസ് പ്രവർത്തകനാണ് പ്രചാരണം ആദ്യം ആരംഭിച്ചതെന്ന് ഷൈനും കുടുംബവും ആരോപിച്ചിരുന്നു. തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണവും അപവാദപ്രചരണവും നടക്കുന്നുവെന്ന് കാട്ടി ഇന്നലെയാണ് ഷൈൻ മുഖ്യമന്ത്രി, പൊലീസ് മേധാവി, വനിതാ കമ്മിഷന്‍ തുടങ്ങിയവർക്ക് പരാതി നൽകിയത്. തനിക്കെതിരേ അപവാദ പ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്ന് കെ ജെ ഷൈൻ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates