തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത. തിങ്കളാഴ്ച രാവിലെയോടെ പടിഞ്ഞാറന്‍- മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒഡിഷ, ആന്ധ്ര സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തവുമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഞായറാഴ്ച വരെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് നല്‍കിയത്. ശനിയാഴ്ച തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് തീവ്രമഴ മുന്നറിയിപ്പ് ഉള്ളത്. ഞായറാഴ്ചയും പരക്കെ മഴയാണ് പ്രവചിക്കുന്നത്.
കന്യാകുമാരി മേഖലയ്ക്കും സമീപത്തെ തെക്കന്‍ തമിഴ്നാടിനും കേരളത്തിനും മുകളിലായാണ് ഒരു ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയിലും ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് മുകളിലായും സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ഇന്ന് പുതിയ ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചത്. ഇത് ശനിയാഴ്ചയോടെ കൂടുതല്‍ ശക്തിപ്രാപിക്കാനും തിങ്കളാഴ്ച രാവിലെയോടെ പടിഞ്ഞാറന്‍- മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡിഷയുടെ തെക്കന്‍ തീരപ്രദേശങ്ങള്‍ക്കും ആന്ധ്രയുടെ വടക്കന്‍ തീരപ്രദേശങ്ങള്‍ക്കും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിന്റെയെല്ലാം ഫലമായാണ് കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിമീ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates