തിരുവന്തപുരം: റോഡപകടങ്ങളില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണെങ്കിലും അപകട മരണനിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ താഴെ. രാജ്യത്ത് നൂറ് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മുപ്പത്തിയാറ് പേര്‍ മരിക്കുന്നുവെന്നാണ് ദേശീയ ശരാശരിയെങ്കില്‍ കേരളത്തില്‍ ഇത് 8.5 ആണെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ ഉയര്‍ന്ന ആരോഗ്യസംരക്ഷണ സംവിധാനമാണ് മരണനിരക്ക് കുറയുന്നതിന് പ്രധാന കാരണമായി പറയുന്നത്. 2023ല്‍ 48,091 അപകടങ്ങളാണ് ഉണ്ടായത്.അതില്‍ 4,080 പേരാണ് മരിച്ചതെന്ന് കണക്കുകളില്‍ പറയുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അപകട മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. അപകട മരണനിരക്കില്‍ മിസോറാം ആണ് മുന്നില്‍. 90.6 ആണ് മരണനിരക്ക്. രണ്ടാം സ്ഥാനത്ത് ബിഹാര്‍ ആണ്. മരണനിരക്ക് 80.6. മൂന്നാം സ്ഥാനത്തുള്ള ഝാര്‍ഖണ്ഡില്‍ അപകടമരണനിരക്ക് 78.5 ആണ്.
2023-ല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തമിഴ്‌നാട്ടില്‍ ആണ്. 67,123 അപകടങ്ങളില്‍ 18,347 പേര്‍ മരിച്ചു. മരണനിരക്ക് 27.3. അപകടങ്ങളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ 44,534 അപകടങ്ങളില്‍ 23,652 പേര്‍ മരിച്ചു.
സംസ്ഥാനത്ത്, മലപ്പുറവും കൊച്ചിയുമാണ് അപകടങ്ങളുടെ എണ്ണത്തില്‍ മുന്നില്‍. യഥാക്രമം 3,253, 2,803 എന്നിങ്ങനെയാണ് അപകടങ്ങള്‍. എന്നാല്‍ അപകട മരണങ്ങളില്‍ കൊല്ലമാണ് മുന്നില്‍. പത്ത് ശതമാനം പേര്‍ മരിച്ചതായാണ് കണക്കുകള്‍. രണ്ടാമത് മലപ്പുറമാണ്. കേരളത്തിലെ ഏത് റോഡുകളില്‍ അപകടം ഉണ്ടായാലും മണിക്കൂറിനുള്ളില്‍ തന്നെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ഏത്തിക്കാന്‍ കഴിയുന്നതാണ് മരണനിരക്ക് കുറയാനുള്ള കാരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates