Dileep, Manju Warrier facebook
Kerala

ദിലീപ്-കാവ്യ ബന്ധം കണ്ടെത്തിയത് ഫോണില്‍, അതിജീവിത പറഞ്ഞെന്ന് സംശയിച്ചു; ദിലീപിനെ കുരുക്കിയേക്കാവുന്ന മൊഴികള്‍

ദിലീപിനെ കുടുക്കിയ മൊഴികളില്‍ പ്രധാനം മുന്‍ ഭാര്യയും അഭിനേത്രിയുമായ മഞ്ജു വാര്യര്‍, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍, തൃശൂര്‍ ടെന്നീസ് ക്ലബ് അക്കാദമിയിലെ വാസുദേവന്‍ എന്നിവരുടെ മൊഴികളാണ് നിര്‍ണായകമായത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധിവരാനിരിക്കെ കേസില്‍ കൂറ് മാറിയവരും അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ഉറച്ച് നിന്നവരുമുണ്ട്. ഇതില്‍ ദിലീപിനെ കുടുക്കിയ മൊഴികളില്‍ പ്രധാനം മുന്‍ ഭാര്യയും അഭിനേത്രിയുമായ മഞ്ജു വാര്യര്‍, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍, തൃശൂര്‍ ടെന്നീസ് ക്ലബ് അക്കാദമിയിലെ വാസുദേവന്‍ എന്നിവരുടെ മൊഴികളാണ് നിര്‍ണായകമായത്.

മൊഴിയില്‍ ഉറച്ചു നിന്നവര്‍, കൂറുമാറിയവര്‍

28 സാക്ഷികളാണ് മൊഴി മാറ്റിയത്. സിദ്ധിഖ്, മുകേഷ്, ഭാമ, ബിന്ദുപണിക്കര്‍ എന്നിവര്‍ ഉള്‍പ്പെടെ ഭൂരിഭാഗം സാക്ഷികളും മൊഴി മാറ്റിയവരുടെ പട്ടികയിലുണ്ട്. അമ്മയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മൊഴി മാറ്റിയത് പ്രോസിക്യൂഷന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ അവരുടെ മൊഴിയില്‍ തന്നെ ഉറച്ചുനിന്നു.

നിര്‍ണായകമായ നടി മഞ്ജു വാര്യരുടെ മൊഴി

നടന്‍ ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. ഗൂഢാലോചന കുറ്റത്തിലേയ്ക്ക് ദിലീപിന് പങ്കുണ്ട് എന്ന് വിരല്‍ ചൂണ്ടുന്ന കാരണങ്ങളാണ് മഞ്ജു നല്‍കിയ മൊഴിയിലുള്ളത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് കനത്ത വൈരാഗ്യമുണ്ടായിരുന്നു എന്നാണ് മഞ്ജു മൊഴി നല്‍കിയത്. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം തന്നോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് സംശയിച്ചു. ദിലീപ്-കാവ്യ ബന്ധം കണ്ടെത്തിയത് മൊബൈല്‍ ഫോണില്‍ നിന്നാണെന്നും ദിലീപിന്റെ സംസാരത്തില്‍ ഇക്കാര്യം മനസ്സിലായെന്നും മഞ്ജു മൊഴി നല്‍കിയിരുന്നു. സിനിമയില്‍ നിന്നും മനഃപൂര്‍വ്വം ഒഴിവാക്കിയതായും ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നുവെന്ന് മഞ്ജു മാര്യര്‍ മൊഴി നല്‍കി. ഇവയെല്ലാം കേസില്‍ നിര്‍ണായകമായി.

മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെ മൊഴി

ദിലീപ് - പള്‍സര്‍ സുനി ബന്ധത്തെപ്പറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, തൃശ്ശൂരിലെ ടെന്നീസ് ക്ലബ് അക്കാദമിയിലെ വാസുദേവന്‍ എന്നിവര്‍ നിര്‍ണായക മൊഴികളാണ് നല്‍കിയത്. 2017 ജനുവരി ആദ്യം ദിലീപിന്റെ വീടിന് പരിസരത്ത് പള്‍സര്‍ സുനിയെ കണ്ടെന്നായിരുന്നു രഞ്ജു രഞ്ജിമാരുടെ മൊഴി. ദിലീപിന്റെ വീട്ടില്‍ നിന്നും സുനി ഇറങ്ങിവരുന്നതാണ് രഞ്ജു രഞ്ജിമാര്‍ കണ്ടത്. ആലപ്പുഴയിലെ സിനിമ ലൊക്കേഷനിലും പള്‍സര്‍ സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ കാവ്യ മാധവന്റെ കൂടെ പള്‍സര്‍ സുനിയെ കണ്ടതായും രഞ്ജു രഞ്ജിമാരുടെ മൊഴിയുണ്ട്. തൃശ്ശൂരില്‍ ഒരു മനസമ്മതത്തിന് കാവ്യാമാധവന്റെ ഒപ്പം പോയതും പള്‍സര്‍ സുനിയാണ്.

ബാലചന്ദ്രമേനോന്റെ വെളിപ്പെടുത്തല്‍

2016 ഡിസംബറില്‍ ദിലീപിന്റ ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ പള്‍സര്‍ സുനിയെ താന്‍ കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രധാന വെളിപ്പെടുത്തല്‍. അവിടെ നിന്നും സുനി പണവുമായാണ് മടങ്ങിയതെന്നും മാധ്യമങ്ങളിലൂടെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ഇതിന്റെ തെളിവുകള്‍ പിന്നീട് കോടതിക്ക് കൈമാറി. കോടതിക്ക് അകത്തും പുറത്തും പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്നായിരുന്നു എട്ടാം പ്രതി ദിലീപിന്റെ വാദം. വെളിപ്പെടുത്തലും തെളിവുകളും പുറത്തുവന്നതോടെ ദിലീപിന്റെ ഈ വാദങ്ങള്‍ പൊളിയുകയായിരുന്നു. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ എട്ടാം പ്രതി ദിലീപിന്റെ കൈവശം ഉണ്ടെന്ന് വ്യക്തമാക്കുന്ന നിര്‍ണ്ണായക ശബ്ദരേഖ കൈമാറിയതും ബാലചന്ദ്രകുമാറാണ്.

ടെന്നീസ് അക്കാദമിയിലെ വാസുദേവന്റെ മൊഴി

തൃശൂര്‍ പുഴയ്ക്കലിലെ ടെന്നീസ് അക്കാദമിയിലെ വാസുദേവന്‍ എന്നയാളുടെ മൊഴിയും നിര്‍ണായകമായി. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ഇരുവരും മാറിനിന്ന് സംസാരിക്കുന്നതായി കണ്ടു എന്നാണ് വാസുദേവന്റെ മൊഴി. 2016 നവംബര്‍ 13നാണ് പള്‍സര്‍ സുനിയും ദിലീപും സംസാരിക്കുന്നത് വാസുദേവന്‍ കണ്ടത്.

Dileep Actress Case: Different testimonies that helped dileep to be the culprit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദിലീപിന് നീതി കിട്ടി, അതിജീവിതയ്ക്ക് നീതി കിട്ടിയില്ല'; മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്

'അടൂര്‍ പ്രകാശിന്റേത് നാടിന്റെ വികാരത്തിനെതിരായ പറച്ചില്‍; ഗൂഢാലോചന ആരോപണം ദിലീപിന്റെ തോന്നല്‍; സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം'

രാവിലെ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം, ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാം

ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ, മുടി കൊഴിച്ചിൽ നിൽക്കും

'ആ കുട്ടി വീട്ടിലേക്ക് കയറി വന്നപ്പോള്‍ പ്രതികളെ കൊന്നുകളയാനാണ് തോന്നിയത്; ബെഹ്‌റയെ വിളിച്ചത് പിടി തോമസല്ല, ഞാന്‍': ലാല്‍

SCROLL FOR NEXT