Dileep, Kavya Madhavan 
Kerala

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

കാവ്യയുടെ അമ്മയെ വിളിച്ചപ്പോള്‍, ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തില്‍ അവര്‍ ആശങ്കയും അസ്വസ്ഥതയും പ്രകടിപ്പിച്ചു

പി രാംദാസ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിയോട് നടന്‍ ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്ന് മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍. ദിലീപും നടിയും ഏതാനും സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. കാവ്യ മാധവനുമായിട്ടുള്ള വിവാഹേതര ബന്ധം നടിക്ക് അറിയാമായിരുന്നു. അക്കാര്യം തന്നോട് പറഞ്ഞത് നടിയാണെന്ന വിചാരമാണ് വൈരാഗ്യത്തിന് കാരണമെന്നും വിചാരണക്കോടതിയില്‍ നല്‍കിയ മൊഴിയില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കി.

1998 ഒക്ടോബര്‍ 20 നാണ് ദിലീപുമായിട്ടുള്ള വിവാഹം നടക്കുന്നതെന്ന് മഞ്ജു പറഞ്ഞു. തുടര്‍ന്ന് ദിലീപിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. 2012 ഫെബ്രുവരി 12 ന് കാവ്യ മാധവനുമായുള്ള ചില സ്വകാര്യ സന്ദേശങ്ങള്‍ ദിലീപിന്‍റെ പഴയ മൊബൈല്‍ ഫോണില്‍ കണ്ടു. തുടര്‍ന്ന് ദിലീപിനെ വിളിച്ചെങ്കിലും കിട്ടിയില്ല. കാവ്യയെ വിളിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

അതിനുശേഷം കാവ്യയുടെ അമ്മയെ വിളിച്ചപ്പോള്‍, ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തില്‍ അവര്‍ ആശങ്കയും അസ്വസ്ഥതയും പ്രകടിപ്പിച്ചു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം ആക്രമണത്തിന് ഇരയായ നടിക്കും ഗായിക റിമി ടോമിക്കും അറിയാമെന്നും കാവ്യയുടെ അമ്മ പറഞ്ഞതായി മഞ്ജു വെളിപ്പെടുത്തി. എന്നാല്‍ റിമി ടോമിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇക്കാര്യങ്ങളെല്ലാം മഞ്ജു സുഹൃത്തുക്കളായ നടിമാരായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ എന്നിവരുമായി പങ്കുവെച്ചു. മഞ്ജുവിന്റെ മൊഴിയെ ഉദ്ധരിച്ച് വിചാരണക്കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് ഫെബ്രുവരി 14 ന് മഞ്ജു അക്രമത്തിനിരയായ നടിയുടെ വീട്ടിലെത്തി ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെപ്പറ്റി അന്വേഷിച്ചു. സത്യം തുറന്നുപറയാന്‍ പിതാവ് നിര്‍ദേശിച്ച പ്രകാരം, യുവനടി തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മഞ്ജുവിനോട് പറഞ്ഞു. ഇതിനുശേഷം സംയുക്തയുടെ വീട്ടിലെത്തിയ മഞ്ജു വീണ്ടും കാവ്യയുടെ അമ്മയെ വിളിച്ചു. ഈ ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കിയതായി കാവ്യയുടെ അമ്മ അറിയിച്ചു. തൊട്ടടുത്ത ദിവസം മഞ്ജു ദിലീപിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. ഇക്കാര്യങ്ങളെല്ലാം ദിലീപിന്റെ സഹോദരങ്ങളോട് പറഞ്ഞു.

രണ്ടു ദിവസത്തിനുശേഷം ദിലീപ് എത്തിയപ്പോള്‍ കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. ഫോണില്‍ മെസ്സേജ് അയച്ചതിനെക്കുറിച്ച് ഓര്‍മ്മയില്ലെന്നാണ് മറുപടി നല്‍കിയത്. അതിജീവിതയായ നടി പക്വതയില്ലാത്ത പെണ്‍കുട്ടിയാണ്. അവള്‍ പറയുന്നതൊന്നും കണക്കിലെടുക്കേണ്ടെന്നും ദിലീപ് പറഞ്ഞു. ഈ വിവാഹേതര ബന്ധമാണ് ദിലീപുമായുള്ള തന്റെ ദാമ്പത്യബന്ധം തകര്‍ത്തത്. തുടര്‍ന്ന് താലിമാലയും വിവാഹമോതിരവും ആ വീട്ടില്‍ ഉപേക്ഷിച്ച് താന്‍ പോകുകയായിരുന്നു എന്നും മഞ്ജു കോടതിയില്‍ പറഞ്ഞു.

ദിലീപിന്റെ കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞ മഞ്ജു കരഞ്ഞതായി, ഗീതു മോഹന്‍ദാസ് കോടതിയില്‍ പറഞ്ഞു. ഫോണില്‍ സന്ദേശങ്ങള്‍ കണ്ടകാര്യം അടക്കം പറഞ്ഞിരുന്നു. 2009 നുശേഷം കാവ്യയുമായുള്ള സുഹൃദ് ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നും ഗീതു മോഹന്‍ദാസ് കോടതിയെ അറിയിച്ചു. എന്നാല്‍ കാവ്യയുടെ അമ്മയുമായി മഞ്ജു സംസാരിച്ച വിവരം അന്വേഷണ രേഖകളില്‍ പരാമര്‍ശിച്ചിട്ടു പോലുമില്ലെന്നാണ് വിചാരണ കോടതി നിരീക്ഷിച്ചത്. സംയുക്തയുടെ വീട്ടില്‍ വെച്ച് ദിലീപ്, കാവ്യ, കാവ്യയുടെ അമ്മ എന്നിവരുമായി മഞ്ജു വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നത് പൊലീസ് രേഖകളില്‍ കാണാനില്ലെന്നും കോടതി പറയുന്നു.

ദിലീപും കാവ്യയും ആക്രമണത്തിന് ഇരയായ നടിയും തന്റെ സുഹൃത്തുക്കളാണെന്നും, മഞ്ജു വാര്യരെ അറിയാമെന്നും റിമി ടോമി കോടതിയില്‍ പറഞ്ഞു. 2010-11 കാലയളവില്‍ ഒരുമിച്ച് സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം അമേരിക്കയിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്. എന്നാല്‍ ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ല. ഇക്കാര്യം ചോദിച്ച് മഞ്ജു വിളിച്ചിരുന്നുവെന്നും റിമി ടോമി കോടതിയില്‍ മൊഴി നല്‍കി. കാവ്യയുടെ അമ്മയും മഞ്ജുവുമായുള്ള സംഭാഷണ വിവരങ്ങള്‍ കോടതിയില്‍ പറഞ്ഞില്ല. ദിലീപുമായി നിരന്തരം കാണാറുള്ള കാര്യം കാവ്യയും കോടതിയില്‍ നിഷേധിച്ചു. തനിക്കോ ദിലീപിനോ നടിയുമായി ശത്രുത ഇല്ലെന്നും കാവ്യ അറിയിച്ചു.

ദിലീപിന്റെ ഫോണില്‍ സന്ദേശങ്ങള്‍ കണ്ട കാര്യവും, പിന്നീട് ആക്രമണത്തിന് ഇരയായ നടിയുടെ വീട്ടില്‍ പോയ കാര്യവും മഞ്ജു വാര്യര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തിയിട്ടില്ലെന്നും, അന്വേഷണ രേഖകളില്‍ ഇക്കാര്യം ഇല്ലാത്തത് വൈരുധ്യത്തിന് തുല്യമായ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. ദിലീപിന് തന്നോട് ശത്രുതയുണ്ടെന്ന അതിജീവിതയുടെ വാക്കാലുള്ള മൊഴി അല്ലാതെ, ഇക്കാര്യം തെളിയിക്കുന്ന തെളിവുകള്‍ ഒന്നും ഇല്ലെന്നും വിചാരണക്കോടതി വിധിയില്‍ സൂചിപ്പിച്ചു.

Manju Warrier told the court that actor Dileep was angry against the survivor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT