കൊച്ചി: നടൻ ദിലീപിന്റെ വസതിയിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതിനെതിരെ പൊലീസിൽ പരാതി. പ്രമുഖ വാർത്താ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കും എതിരെയാണ് ദിലീപിന്റെ സഹോദരി എസ് ജയലക്ഷ്മി സുരാജ് പരാതി നൽകിയത്. ആലുവ സ്റ്റേഷൻ ഹൗസ് ഓഫിസർക്കാണ് പരാതി നൽകിയത്.
റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും മേധാവികൾക്കുമെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്. 2025 ഡിസംബർ 8-ന് ആലുവയിലെ 'പത്മസരോവരം' വസതിയിൽ അതിക്രമിച്ചു കയറി ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.
നിയമവിരുദ്ധമായി പകർത്തിയ ദൃശ്യങ്ങൾ ശേഖരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്തതിലൂടെ, വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ അന്തസ്സിനും സുരക്ഷയ്ക്കും സൽപ്പേരിനും പരിഹരിക്കാനാകാത്ത ദോഷം സംഭവിച്ചിരിക്കുന്നു. അതിനാൽ, നിരീക്ഷണത്തിന് ഉപയോഗിച്ച ഡ്രോണുകൾ, മെമ്മറി കാർഡുകൾ, സ്റ്റോറേജ് ഡിവൈസുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചത്. ഇത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസം ദിലീപ് വീടുവിട്ട് കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കു വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് ടെലികാസ്റ്റ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates