Dr. Haris Chirakkal  ഫയൽ
Kerala

'ചില മെഡിക്കല്‍ കോളജുകളില്‍ കുട്ടികള്‍ പഠിക്കുന്നത് യൂട്യൂബ് നോക്കി, പഠിപ്പിക്കാന്‍ ആളില്ല; ഭാവിയില്‍ തട്ടിക്കൂട്ട് ഡോക്ടര്‍മാര്‍, പലര്‍ക്കും സ്റ്റിച്ച് ഇടാന്‍ പോലും അറിയില്ല'

മികച്ച ശമ്പളം കൊടുക്കാന്‍ തയാറാകാത്തതുകൊണ്ട് യുവ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്കു വരാന്‍ തയാറാകുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മികച്ച ശമ്പളം കൊടുക്കാന്‍ തയാറാകാത്തതുകൊണ്ട് യുവ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്കു വരാന്‍ തയാറാകുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. മെഡിക്കല്‍ കോളജുകള്‍ വൃദ്ധസദനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങി തട്ടിക്കൂട്ട് സംവിധാനങ്ങള്‍ ഒരുക്കിയാല്‍ വരും വര്‍ഷങ്ങളില്‍ തട്ടിക്കൂട്ട് ഡോക്ടര്‍മാരാകും ഉണ്ടാകുക എന്നും ഡോ. ഹാരിസ് ആരോപിച്ചു.

ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഡോ. ഹാരിസ്. പുതിയ മെഡിക്കല്‍ കോളജുകളില്‍ അടിയന്തിരമായി സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, താല്‍ക്കാലിക സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കുക, എന്‍ട്രി കേഡര്‍ ശമ്പളത്തിലെ അപാകതകള്‍ പരിഹരിക്കുക, 2016 ജനുവരി മുതല്‍ 2020 സെപ്റ്റംബര്‍ വരെയുള്ള ശമ്പള പരിഷ്‌കരണ കുടിശിക വിതരണം ചെയ്യുക, രോഗികളുടെ എണ്ണത്തിനനുസൃതമായി കൂടുതല്‍ അധ്യാപക തസ്തികകള്‍ നിലവിലെ മെഡിക്കല്‍ കോളജുകളില്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

'ചില മെഡിക്കല്‍ കോളജുകളില്‍ പഠിപ്പിക്കാന്‍ ആളില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. അവര്‍ യൂട്യൂബ് ഒക്കെ നോക്കി പഠിച്ചെടുക്കുകയാണ്. ഇന്ന് നമ്മള്‍ തട്ടിക്കൂട്ട് സംവിധാനങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ ഭാവിയില്‍ ഇവിടെ തട്ടിക്കൂട്ട് ഡോക്ടര്‍മാരായിരിക്കും കൂടുതല്‍ ഉണ്ടാവുക. തട്ടിക്കൂട്ട് ചികിത്സ ആയിരിക്കും ജനങ്ങള്‍ക്ക് ലഭിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇപ്പോള്‍ തന്നെ തീരെ കുറഞ്ഞു തുടങ്ങി. പഠിച്ചുവരുന്ന പലര്‍ക്കും സ്റ്റിച്ച് ഇടാനോ രക്തസാംപിള്‍ എടുക്കാനോ അറിയില്ല. സീനിയര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു പഠിപ്പിക്കുകയാണ്. മുന്‍പ് കേരളത്തില്‍നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് വിദേശത്ത് അവിടുത്തെ യോഗ്യതാ പരീക്ഷ എഴുതേണ്ടിയിരുന്നില്ല. ഇപ്പോള്‍ നില മാറി. ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ അധികാരികള്‍ ചെവിക്കൊള്ളാന്‍ തയാറായാല്‍ തന്നെ ഒരു പരിധി വരെ പ്രതിസന്ധികള്‍ക്കു പരിഹാരമാകും'- ഡോ. ഹാരിസ് പറഞ്ഞു.

'യുവഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്കു വരാത്തതിനാല്‍ മെഡിക്കല്‍ കോളജുകളിലെ പല വിഭാഗങ്ങളും വര്‍ഷങ്ങള്‍ക്കുള്ളില്‍ അടച്ചിടേണ്ട അവസ്ഥ ഉണ്ടാകും. തിരുവനന്തപുരം യൂറോളജി ഡിപ്പാര്‍ട്ട്മെന്റ് തന്നെ വരുന്ന ഒരു അഞ്ചാറ് വര്‍ഷം കഴിഞ്ഞാല്‍ അടച്ചിടാനേ പറ്റുള്ളൂ. തൃശൂര്‍ മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം ഏതാണ്ട് അടച്ചിട്ടിരിക്കുകയാണ്. അവിടെ ആകെ ഒരു ഡോക്ടറെ ഉള്ളൂ. അദ്ദേഹം പ്രൊമോഷന്‍ ആയി എറണാകുളത്തേക്കു പോയ ശേഷം മെഡിക്കല്‍ കോളജ് പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാത്തതുകൊണ്ട് അദ്ദേഹത്തിനെ പാര്‍ട്ട് ടൈം ഡോക്ടര്‍ എന്നുള്ള രീതിയിലാണ് അവിടെ യൂറോളജി വകുപ്പില്‍ നിര്‍ത്തിയിരിക്കുന്നത്. ഏതാണ്ട് ഇരുന്നൂറോളം രോഗികള്‍ വരുന്നതാണ് അവിടെ. അഞ്ചോ ആറോ ഡോക്ടര്‍മാര്‍ വേണ്ട സ്ഥലത്താണ് ഒരു ഡോക്ടറെ പാര്‍ട്ട് ടൈം ആക്കി വച്ചിരിക്കുന്നത്. പലയിടത്തും ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗിക്ക് ബുദ്ധിമുട്ട് വന്നു കഴിഞ്ഞാല്‍ റേഡിയോളജി, ഡോപ്ലര്‍, സി ടി സ്‌കാന്‍ സംവിധാനം വേണമെങ്കില്‍ ഇപ്പോ റെസിഡന്റ് ഡോക്ടര്‍മാര്‍ മാത്രമേ ഉള്ളൂ. സീനിയര്‍ ഡോക്ടര്‍മാര്‍ ഇല്ല. ജൂനിയര്‍ ഡോക്ടര്‍മാരും സര്‍വീസിലേക്കു വരുന്നില്ല.'- ഡോ. ഹാരിസ് ചിറയ്ക്കല്‍ തുറന്നടിച്ചു.

'ഞാന്‍ കഴിഞ്ഞവര്‍ഷം യൂറോളജി പിഎസ്സി ഇന്റര്‍വ്യൂവിനു പോയിരുന്നു. ഒന്‍പത് ഡോക്ടര്‍മാരാണ് അഭിമുഖത്തിന് എത്തിയത്. കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ നിങ്ങളെ എല്ലാവരെയും നിയമിക്കുന്നു സര്‍വീസിലേക്കു വരണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരാള്‍ മാത്രമാണ് വന്നത്. ബാക്കി എട്ടു പേരും ഒഴിവായിപ്പോയി. പിന്നീട് അവരെ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ ജോലി ചെയ്തിരുന്ന ആശുപത്രികള്‍ ഒറ്റയടിക്ക് അവരുടെ ശമ്പളം നാലും അഞ്ചും ലക്ഷം വരെയാക്കി ഉയര്‍ത്തി നല്‍കി. ഇവിടെ അവര്‍ക്ക് കയ്യില്‍ കിട്ടുന്നത് 80,000 രൂപയാണ്. 32 വയസു വരെ എംസിഎച്ചും ഡിഎമ്മുമൊക്കെ പഠിച്ച ആരെങ്കിലും ആ ശമ്പളത്തിനു ജോലി ചെയ്യുമോ?. അതുകൊണ്ടാണ് എന്‍ട്രി ലെവല്‍ ശമ്പളം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നത്'- ഡോ. ഹാരിസ് പറഞ്ഞു.

പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതു നല്ല കാര്യമാണെങ്കിലും കൃത്യമായി ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ആരോഗ്യ, ചികിത്സാ സംവിധാനം മെച്ചപ്പെടുത്താന്‍ മെഡിക്കല്‍ കോളജുകള്‍ അല്ല വേണ്ടത്. അതിന് ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ട്രോമ കെയര്‍ സെന്ററുകളും ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Doctor shortage crisis in kerala medical college; dr. haris chirakkal says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

അനന്ത, പത്മനാഭസ്വാമിക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ

SCROLL FOR NEXT